തിരുവനന്തപുരം: ബംഗാളിൽ സമരം നടത്തിയ ഡോക്ടർമാർക്ക് പിന്തുണയേകി രാജ്യവ്യാപകമായി ഡോക്ടർമാർ നടത്തുന്ന സമരത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഐ.എം.എയുടെയും കെ.ജി.എം.ഒ.എയുടെയും നേതൃത്വത്തിൽ നടത്തിയ സൂചനാ പണിമുടക്ക് ജില്ലയിൽ പൂർണം. കെ.ജി.എസ്.ഡി.എയുടെ നേതൃത്വത്തിൽ സ്‌പെഷ്യാലിറ്റി ഡോക്ടർമാരും ഒ.പിയിൽനിന്നു വിട്ടുനിന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രാവിലെ പത്തു മുതൽ പതിനൊന്നുവരെയും ജനറൽ ആശുപത്രി, നെടുമങ്ങാട്, നെയ്യാറ്റിൻകര, പേരൂർക്കട തുടങ്ങിയ ജില്ലാ ആശുപത്രികൾ, താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രികൾ, തൈക്കാട് ആശുപത്രി എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ പത്തുവരെയും നടന്ന പണിമുടക്കിൽ രോഗികൾ വലഞ്ഞു. കറുത്ത ബാഡ്‌ജ് ധരിച്ചാണ് ഡോക്ടർമാർ രാവിലെ ജോലിക്കെത്തിയത്. പണിമുടക്ക് മുൻകൂട്ടി പ്രഖ്യാപിച്ചിരുന്നെങ്കിലും ആശുപത്രികളിലെ തിരക്കിന് കുറവുണ്ടായില്ല. സാധാരണയായി ഒ.പികളിൽ വൻ തിരക്ക് അനുഭവപ്പെടുന്ന ദിവസമാണ് തിങ്കളാഴ്ച. രാവിലെ എട്ടിന് മുമ്പ് ഒ.പിയിലെത്തിയവർക്ക് രണ്ടുമണിക്കൂറിന് ശേഷമാണ് ഡോക്ടർമാരെ കാണാനായത്. അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം തടസം കൂടാതെ നടക്കുമെന്ന് അറിയിച്ചെങ്കിലും പലയിടത്തും ജൂനിയർ ‌ഡോക്ടർമാരാണ് കാഷ്വാലിറ്റിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഐ.സി യൂണിറ്റുകൾ സാധാരണ നിലയിൽ പ്രവർത്തിച്ചു. എന്നാൽ എമർജൻസി തിയേറ്ററൊഴികെയുള്ള ഓപ്പറേഷൻ തിയേറ്ററുകളുടെ പ്രവർത്തനം പണിമുടക്കിൽ തടസപ്പെട്ടു. മുൻകൂട്ടി തീരുമാനിച്ച ശസ്ത്രക്രിയകൾ പലതും വൈകി. മെഡിക്കൽ വിദ്യാർത്ഥികളും ജൂനിയർ ഡോക്ടർമാരും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. സ്വകാര്യ പ്രാക്ടീസ് പൂർണമായും ഒഴിവാക്കി. വാർഡുകളിൽ കിടത്തി ചികിത്സയിൽ തുടരുന്ന രോഗികളുടെ പരിശോധനയും നടന്നില്ല. സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരും പണിമുടക്കിൽ പങ്കാളികളായതോടെ ആരോഗ്യമേഖലയുടെ പ്രവർത്തനം രാവിലെ പൂർണമായും നിശ്ചലമായി.