khader-committee

തിരുവനന്തപുരം: ഹൈസ്‌കൂൾ - ഹയർ സെക്കൻഡറി ഏകീകരണം ശുപാർശ ചെയ്യുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നത് സ്റ്റേ ചെയ്തുള്ള ഹൈക്കോടതി ഉത്തരവ് സർക്കാരിന്റെ അക്കാഡമിക് പരിഷ്‌കാരങ്ങളെ ബാധിക്കുമെന്ന് വിലയിരുത്തൽ. കേന്ദ്ര സർക്കാർ ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കാൻ പോകുന്ന സാഹചര്യം കൂടി പരാമർശിച്ചാണ് കോടതി നടപടി. എന്നാൽ, വിദ്യാഭ്യാസരംഗത്ത് മുൻപന്തിയിൽ നിൽക്കുന്ന കേരളം കാലോചിതമായി നടപ്പാക്കേണ്ട പരിഷ്‌കാരങ്ങളാണ് ഖാദർ കമ്മിറ്റി നിർദ്ദേശങ്ങളെന്നാണ് വിദ്യാഭ്യാസ രംഗത്തെ വിദഗ്ദ്ധരുടെ അഭിപ്രായം.
പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെ ഒറ്റ ഡയറക്ടറേറ്റിനു കീഴിൽ വരുത്തുന്നത് പഠനനിലവാരം ഉയർത്താനും അക്കാഡമിക്, ഭൗതിക സാഹചര്യങ്ങളെ കൂട്ടിയിണക്കാനും പോന്നതാണ്. പരിഷ്കാരങ്ങളുടെ തുടർച്ച മാത്രമാണ് ഇപ്പോഴത്തേത്. സ്റ്റേയ്ക്കു പോയവർ സ്വകാര്യ വിദ്യാഭ്യാസമേഖലയെ സഹായിക്കുകയാണെന്ന് ഭരണപക്ഷ അദ്ധ്യാപക സംഘടനകൾ ആരോപിക്കുന്നു.

അതേസമയം, ഹയർ സെക്കൻഡറി പ്രത്യേകമായിത്തന്നെ നിൽക്കേണ്ടതാണെന്നാണ് സ്‌റ്റേയെ സ്വാഗതം ചെയ്യുന്നവരുടെ പക്ഷം. ഹയർ സെക്കൻഡറി ഉന്നത വിദ്യാഭ്യാസത്തിന്റെ ചവിട്ടുപടിയാണ്. അതിന്റെ ഗൗരവം ചോർത്തിക്കളയുന്നതാണ് ഖാദർ കമ്മിറ്റിയുടെ ശുപാർശയെന്നാണ് ഇവരുടെ അഭിപ്രായം.
കരട് രേഖ മാത്രമാണ് ഖാദർ കമ്മിറ്റി ആദ്യഘട്ടത്തിൽ സമർപ്പിച്ചിട്ടുള്ളത്. റിപ്പോർട്ടിന്റെ രണ്ടാംഭാഗം പുറത്തുവന്നിട്ടില്ല. നടപ്പാക്കും മുമ്പ് സമഗ്രമായ ചർച്ച ഉണ്ടായില്ല എന്നാണ് പരക്കെയുള്ള ആരോപണം. ഹയർ സെക്കൻഡറി ലയനം സാദ്ധ്യമാകുമ്പോൾ മലയാളമാണ് ബോധന മാദ്ധ്യമമായി കമ്മിറ്റി മുന്നോട്ടുവയ്ക്കുന്നത്. ഇതാണ് എതിർപ്പിന് മറ്റൊരു കാരണം. നിലവിൽ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസ് പഠിച്ച ധാരാളം വിദ്യാർത്ഥികൾ സംസ്ഥാന ഹയർ സെക്കൻഡറിയിൽ പ്രവേശനം നേടുന്നുണ്ട്. ബോധന മാദ്ധ്യമം മലയാളമാക്കിയാൽ ഇവർ വരില്ലെന്നാണ് മറ്റൊരാക്ഷേപം. റിപ്പോർട്ട് നടപ്പാക്കുന്നത് അദ്ധ്യാപകരുടെ സ്ഥാനക്കയറ്റത്തെ ഉൾപ്പെടെ ബാധിക്കുമെന്ന് പ്രതിപക്ഷ അദ്ധ്യാപക സംഘടനകൾ പറയുന്നു.


എല്ലാ വിഭാഗം ആളുകളും അംഗീകരിച്ച നിർദ്ദേശമാണ് സർക്കാർ നടപ്പാക്കാൻ തീരുമാനിച്ചത്. അതിനെതിരെ കോടതിയെ സമീപിച്ചവർ വിദ്യാഭ്യാസമേഖലയിൽ യാതൊരു പരിഷ്‌കാരവും വേണ്ടെന്ന നിലപാടുള്ളവരാണ്.
-എ.കെ.എസ്.ടി.യു

നിയമപരമായ പിന്തുണ പോലും കിട്ടാത്ത റിപ്പോർട്ട് നടപ്പാക്കരുത്. ഈ ആവശ്യം ഉന്നയിച്ച് പൊതുവിദ്യാഭ്യാസ സംരക്ഷണ സമരസമിതിയുടെ നേതൃത്വത്തിൽ യു.ഡി.എഫ് 20ന് നിയമസഭാ മാർച്ച് നടത്തും.

- എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്‌സ് അസോ.


എല്ലാ എതിർപ്പുകളെയും അവഗണിച്ച് ജനാധിപത്യ വിരുദ്ധ രീതിയിൽ റിപ്പോർട്ട് നടപ്പാക്കാനുള്ള സർക്കാരിന്റെ നീക്കത്തെ തടഞ്ഞത് നന്നായി.
-സേവ് എഡ്യൂക്കേഷൻ കമ്മിറ്റി