apakadam-vithaykkunna-roa

കല്ലമ്പലം: നാട്ടുകാർക്ക് ദുരിതം മാത്രം സമ്മാനിച്ച് ഒരു റോഡ്‌. നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ എട്ടും, പത്തും വാർഡുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന കപ്പാംവിള – കിടത്തിച്ചിറ – വള്ളിച്ചിറ വഴി കരവായിക്കോണം എത്തിച്ചേരുന്ന റോഡിന്റെ ഭാഗമാണ് തകർന്ന് അപകടക്കെണിയായി മാറിയിരിക്കുന്നത്. രണ്ട് കിലോ മീറ്ററോളം ദൈർഘ്യമുള്ള റോഡിൽ വെറും ഇരുന്നൂറ് മീറ്റർ മാത്രമാണ് ദുർഘട പാത.

അപകടങ്ങൾ തുടർക്കഥയായതോടെ ഇതു വഴി പത്രം, പാൽ, മത്സ്യം തുടങ്ങിയവയും വരാതായി. നിത്യേന നൂറോളം കുടുംബങ്ങളാണ് ഈ റോഡിനെ ആശ്രയിക്കുന്നത്. എട്ടാം വാർഡിലെയും, പത്താം വാർഡിലെയും പഞ്ചായത്തംഗങ്ങളുടെ നിസഹകരണമാണ് റോഡ്‌ ഈ നിലയ്ക്കാകാൻ കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. കുത്തനെയുള്ള റോഡിൽ വൻ കുഴികളും ചാലുകളും രൂപപ്പെട്ടിട്ടുണ്ട്. സമീപത്തെ ക്ഷേത്രത്തിൽ വന്ന് പോകുന്ന ഭക്തർ അപകടത്തിൽപ്പെടുന്നതും പതിവാണ്. കുടവൂർ ഏലായിൽ കൃഷിക്ക് ആവശ്യമായ ട്രാക്ടറും, കൊയ്ത്ത് മെതി യന്ത്രങ്ങളും, വളങ്ങളും മറ്റും എത്തിക്കുന്നതിനും റോഡിന്റെ തകർച്ച ബുദ്ധിമുട്ടുണ്ടാക്കുന്നു.