ഉള്ളൂർ: ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി ദേശീയപാതയിൽ ഉള്ളൂർ - നീരാഴി ലെയിൻ റോഡിന് മുന്നിലെ പ്രധാന പാത കയറുകെട്ടി അടച്ചതോടെ ആയിരത്തിലധികം കുടുംബങ്ങൾ ബുദ്ധിമുട്ടിലായി. യാത്രക്കാർ റോഡ് മുറിച്ച് കടക്കാതിരിക്കാനാണ് പൊലീസ് പാത വളച്ച് കെട്ടിയത്. ഒരു ദിവസത്തേക്ക് ഉണ്ടാക്കിയ താത്കാലിക നിയന്ത്രണം മാത്രമാണിതെന്ന് പൊലീസ് പറഞ്ഞെങ്കിലും ഇത് സ്ഥിരം സംവിധാനമാവുകയായിരുന്നു. നീരാഴിയിൽ നിന്ന് പ്രധാന പാതയിലേക്ക് ഇറങ്ങുന്ന വാഹനങ്ങൾ കൊച്ചുള്ളൂർ ജംഗ്‌ഷനിൽ പോയി വളഞ്ഞു തിരികെ എത്തിവേണം മെഡിക്കൽ കോളേജ് കേശവദാസപുരം, ആക്കുളം ഭാഗങ്ങളിലേക്ക് പോകാൻ. 200 മീറ്ററോളം ഇത്തരത്തിൽ ചുറ്റണം. കൂടാതെ നീരാഴി ലെയ്‌നിൽ പ്രവർത്തിക്കുന്ന മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാനായി ദിനവും നിരവധി പേരാണ് എത്തുന്നത്. ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കാതെയാണ് പൊലീസ് തലതിരിഞ്ഞ പരിഷ്കരണം നടപ്പിലാക്കിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഒരു ട്രാഫിക് പൊലീസിനെ നിയോഗിച്ചാൽ തീരുന്ന പ്രശ്നം മാത്രമാണിതെന്നാണ് നാട്ടുകാരുടെ പക്ഷം. അതേസമയം ഗതാഗത കുരുക്ക് ഒഴിവാക്കാനാണ് റോഡ് അടച്ചതെന്നാണ് പൊലീസ് പറഞ്ഞു. നീരാഴി ലെയിനിന് മുന്നിലെ തകർന്ന റോഡ് അറ്റകുറ്റപ്പണി നടത്താനുള്ള യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. സ്ഥിരം സംവിധാനമെന്ന നിലയിൽ ട്രാഫിക് പൊലീസിനെ നീരാഴിയിൽ നിയോഗിച്ചില്ലെങ്കിൽ റോഡ് ഉപരോധം ഉൾപ്പെടെയുള്ള സമരപരിപാടികൾക്ക് ഒരുങ്ങുകയാണ് പ്രദേശവാസികൾ.
വലഞ്ഞത് ഇവിടെ താമസിക്കുന്നവർ
നീരാഴി ലെയ്ൻ
ഉദയാ ഗാർഡൻസ്
പി.എസ്.സി കോളനി
അധികം സഞ്ചരിക്കേണ്ടത് 200 മീറ്റർ