pakistan-captain-sarfraz

ലോകകപ്പിൽ ഇന്ത്യയോട് തോറ്റതിന് പിന്നാലെ പാകിസ്ഥാൻ ക്യാപ്ടൻ സർഫ്രാസ് അഹമ്മദിന് കളിയാക്കലുകളുടെ പൂരം. ഇന്ത്യയോട് നാണം കെട്ടതുമാത്രമല്ല, മത്സരത്തിനിടെ കോട്ടുവായിട്ടതും സർഫ്രാസിനെ നാണക്കേടിലാക്കുന്നു.

ഇന്ത്യയുടെ ബാറ്റിംഗിന്റെ അവസാന ഘട്ടത്തിൽ മഴ വീണപ്പോൾ കളി നിറുത്തിവച്ചിരുന്നു. വീണ്ടും തുടങ്ങിയപ്പോഴാണ് വിക്കറ്റ് കീപ്പ് ചെയ്തിരുന്ന സർഫ്രാസ് അറിയാതെ കോട്ടുവായിട്ടുപോയത്. ടിവി ദൃശ്യങ്ങളിലൂടെ ഇത് ശ്രദ്ധയിൽ പെട്ട ആരാധകർ അങ്ങ് ഏറ്റെടുത്തു. ട്വിറ്ററിലും ഫേസ്ബുക്കിലുമൊക്കെ പിന്നെ ട്രോളോട് ട്രോൾ. നായകന്റെ ഉറക്കക്ഷീണം ടീമിന് സാമൂഹ്യ മദ്ധ്യമങ്ങളിൽ വരുത്തിവച്ച നാണക്കേട് ചില്ലറയല്ല.

അതിനുപിന്നാലെയാണ് ഇന്ത്യയുമായുള്ള മത്സരത്തിന് മണിക്കൂറുകൾക്ക് മുമ്പ് പാകിസ്ഥാൻ താരങ്ങൾ പുലർച്ചെ രണ്ടുമണിക്ക് മാഞ്ചസ്റ്ററിലെ ഒരു റസ്‌റ്റോറന്റിൽ ഭക്ഷണം കഴിക്കുന്നതും പുകവലിക്കുന്നതുമായ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നത്. പാക് താരങ്ങളായ ഷൊയ്ബ് മാലിക്ക്, ഇമാം ഉൽ ഹഖ്, ഷൊയ്‌ബിന്റെ ഭാര്യയും ഇന്ത്യൻ ടെന്നിസ് താരവുമായ സാനിയ മിർസ എന്നിവരെ വീഡിയോയിൽ കാണാമായിരുന്നു. വെറുതെയല്ല ടീം തോറ്റതെന്ന ആരോപണവുമായി വീണ്ടും സോഷ്യൽ മീഡിയയിൽ പാക് ആരാധകരുടെ വിലാപം. കളി തോറ്റാൽ ആഹാരം കഴിക്കാൻ പൊയ്ക്കൂടെ എന്ന് ട്വിറ്ററിൽ സാനിയയുടെ മറുപടി. പിന്നാലെ ഇന്ത്യയുമായുള്ള മത്സരത്തലേന്ന് താരങ്ങളാരും ഹോട്ടൽ വിട്ടുപോയിട്ടില്ലെന്നും പ്രചരിക്കുന്നത് രണ്ട് ദിവസം മുമ്പുള്ള വീഡിയോ ആണെന്ന വിശദീകരണവുമായി പാക് ക്രിക്കറ്റ് ബോർഡ് രംഗത്തുവന്നു. എന്നാൽ ലണ്ടനിലെ രാത്രി ജീവിതം അടിച്ചുപൊളിക്കുന്നതുകൊണ്ടാണ് മൈതാനത്ത് കോട്ടുവായിട്ടുനിൽക്കേണ്ടിവരുന്നതെന്ന ആരോപണങ്ങൾക്ക് ശമനമുണ്ടായില്ല.

സോഷ്യൽ മീഡിയയിലെ ആരോപണങ്ങൾ പിന്നെയും സഹിക്കാം. മുൻ താരങ്ങളുടെ വിമർശനവും പരിഹാസവും മുഴുവൻ സർഫ്രാസിനെയും പേസർ ഹസൻ അലിയെയും കേന്ദ്രീകരിച്ചായിരുന്നു. സർഫ്രാസിനെ എല്ലാവരും വിമർശിച്ചത് ടോസ് കിട്ടിയിട്ടും ഇന്ത്യയെ ബാറ്റിംഗിന് ക്ഷണിച്ചതിനാണ്. പാകിസ്ഥാൻ പ്രധാനമന്ത്രിയും ലോകകപ്പ് നേടിക്കൊടുത്ത നായകനുമായ ഇമ്രാൻഖാൻ മത്സരത്തിന് മുമ്പ് ട്വിറ്ററിലൂടെ ടോസ് കിട്ടിയാൽ ബാറ്റിംഗേ തിരഞ്ഞെടുക്കാവൂ എന്ന് ഉപദേശം നൽകിയിട്ടും സർഫ്രാസ് അനുസരിക്കാതിരുന്നതിലാണ് പലർക്കും കൗതുകം. വാഗാ ബോർഡറിൽ ആനന്ദനൃത്തം ചവിട്ടിയ ഉൗർജ്ജം ഇന്ത്യയ്ക്കെതിരെ കളിക്കുമ്പോൾ കാണാത്തതെന്തെന്നായിരുന്നു ഹസൻ അലിയോടുള്ള മുൻപേസർ ഷാെയ്ബ് അക്‌തറുടെ പരിഹാസചോദ്യം.

പാകിസ്ഥാനെതിരായ മത്സരത്തിന് മുമ്പ് ഇന്ത്യൻ ക്യാപ്ടൻ വിരാട് കൊഹ്‌ലി പറഞ്ഞത് 'ഇൗ മത്സരത്തിൽ ജയിച്ചാലും തോറ്റാലും ഇന്ത്യയുടെ ലോകകപ്പ് അവസാനിക്കുന്നില്ല" എന്നാണ്. എന്നാൽ അതല്ല പാകിസ്ഥാന്റെ സ്ഥിതി. മൂന്നാമത്തെ തോൽവിയോടെ പോയിന്റ് പട്ടികയിൽ അവർക്ക് പിന്നിൽ അഫ്ഗാൻ മാത്രമേയുള്ളൂ എന്ന സ്ഥിതിയായി. ലോകകപ്പ് കിരീടം നേടിയാലും ഇന്ത്യയോട് ജയിക്കാൻ കഴിയാത്തതിന്റെ നാണക്കേട് മാറില്ലെന്ന് പാക് താരങ്ങൾക്കറിയാം. എന്നാൽ നിലവിലെ ഫോമിൽ ഇന്ത്യയ്ക്ക് പാകിസ്ഥാൻ ഒരു വെല്ലുവിളിയേ അല്ലെന്നതാണ് സത്യം. ടൂർണമെന്റിൽ ഇന്ത്യൻ താരങ്ങൾ കാഴ്ചവച്ച പ്രൊഫഷണൽ സമീപനം പാകിസ്ഥാൻ കണ്ടുപഠിക്കേണ്ടിയിരിക്കുന്നു.

ഇനിയൊരു തോൽവികൂടിയായാൽ പാകിസ്ഥാന്റെ സെമിഫൈനൽ സ്വപ്നങ്ങളൊക്കെ ചുരുട്ടിക്കൂട്ടി മടങ്ങേണ്ടിവന്നേക്കാം. അത്ഭുതങ്ങൾ എന്തെങ്കിലും സംഭവിച്ചാൽ മാത്രമേ പാകിസ്ഥാൻ സെമിയിലെത്തൂ. അതുകൊണ്ടുതന്നെ സർഫ്രാസിന് സ്വസ്ഥമായി ഉറങ്ങാൻ ഏറെ സമയം കിട്ടും.

അസ്ഥിരതയാണ് പാകിസ്ഥാൻ ടീമിന്റെ മുഖമുദ്രയെന്ന് പണ്ടേയുള്ള വിമർശനമാണ്. ഇപ്പോൾ ഒരു കാര്യത്തിലെങ്കിലും സ്ഥിരതയുണ്ടെന്ന് അവർക്ക് അഭിമാനത്തോടെ പറയാം, ലോകകപ്പിൽ ഇന്ത്യയോട് തോൽക്കുന്നതിൽ.

അതിനിടയിൽ സർഫ്രാസും സഹതാരങ്ങളും തമ്മിൽ ചേർച്ചയില്ലാത്തതിനാലാണ് ലോകകപ്പിൽ ടീം ദുരന്തമായി മാറിയതെന്ന ആരോപണങ്ങളുമായി പാക് മാദ്ധ്യമങ്ങളും രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ വാദം ശരിവയ്ക്കാനായി അവർ നിരവധി നിറം പിടിപ്പിച്ച കഥകളും വിളമ്പുന്നു.

സർഫ്രാസ് ഇത്രയ്ക്കും തലച്ചോറില്ലാത്ത ക്യാപ്ടനാണെന്ന് കരുതിയില്ല. ടോസ് കിട്ടിയാൽ മാഞ്ചസ്റ്ററിൽ ആരെങ്കിലും ബൗളിംഗ് തിരഞ്ഞെടുക്കുമോ? സ്വന്തം ശക്തി ബൗളിംഗാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത സർഫ്രാസിന് പത്താം ക്ളാസ് ജയിച്ച പയ്യന്റെ നിലവാരം പോലുമില്ല. ഇൗ മണ്ടനെയൊക്കെ ടീമിനെ നയിക്കാൻ ഏൽപ്പിച്ചവരെ പറഞ്ഞാൽ മതി. ഹസൻ അലി വാഗാ അതിർത്തിയിൽ തുള്ളിച്ചാടിയതിന്റെ പകുതി ആവേശം പോലും ഗ്രൗണ്ടിൽ കാണിക്കാത്തതെന്താണ്?

ഷൊയ്ബ് അക്‌തർ തന്റെ യൂ ട്യൂബ് ചാനലിൽ പറഞ്ഞത്.

ഷൊയ്ബ് മാലിക്ക് ലോകകപ്പിന് മുമ്പേതന്നെ ഏകദിനത്തിൽനിന്ന് വിരമിക്കൽ പ്രഖ്യാപിക്കേണ്ടതായിരുന്നു. ഇൗ പ്രകടനവും വച്ച് ഷൊയ്ബിനെ ഇനിയുള്ള നാല് മത്സരങ്ങളിലും കളിപ്പിക്കരുത്. ലോകകപ്പിന് ഷൊയ്ബിനെ ടീമിലെടുത്തത് സെലക്ടർമാർക്ക് പറ്റിയ അബദ്ധമാണ്. ഇൗ രീതിയിൽ കളിക്കുന്ന ഒരാളെ ലോകകപ്പ് ടീമിലെടുത്തതിന്റെ ദുരനുഭവമാണ് കാണുന്നത്. യുവതാരങ്ങളിൽ ഒരാൾക്ക് അവസരം നകൽകിയിരുന്നുവെങ്കിൽ അങ്ങനെയെങ്കിലും സമാധാനിക്കാമായിരുന്നു.

മുഹമ്മദ് യൂസഫ്

മുൻപാക് താരം.

സർഫ്രാസ് മത്സരത്തിനിടെ ആകെ ആശയക്കുഴപ്പത്തിലാണെന്ന് തോന്നി. പേസർ വഹാബ് റിയാസ് ബൗൾ ചെയ്യുമ്പോൾ ഷോർട്ട് മിഡ് വിക്കറ്റിലും സ്പിന്നർ ഷദാബ് ഖാന് സ്ളിപ്പിലും ഫീൽഡറെ സെറ്റ് ചെയ്തപ്പോൾ അത്ഭുതം തോന്നി. സാഹചര്യങ്ങൾ കൃത്യമായി മനസിലാക്കാൻ പാകിസ്ഥാന് കഴിഞ്ഞില്ലെന്നതാണ് ഇത്രയും വലിയ തോൽവിക്ക് കാരണം. ഇന്ത്യയ്ക്ക് ഒറ്റവിക്കറ്റുപോലും നഷ്ടപ്പെടുമെന്ന് തോന്നിയിരുന്നില്ല.

സച്ചിൻ ടെൻഡുൽക്കർ

ലോകകപ്പിൽ മുമ്പും ഇന്ത്യയോട് തോറ്റിട്ടുണ്ട്. പക്ഷേ ഇതേപോലെ പൊരുതാതെ കീഴടങ്ങിയിട്ടില്ല. ടീം സെലക്ഷൻ ഒട്ടും ശരിയായിരുന്നില്ല. ലോകകപ്പിന് തിരിക്കും മുമ്പ് എന്തെങ്കിലും പ്ളാനിംഗ് നടന്നിട്ടുണ്ടോ എന്നുപോലും സംശയമാണ്. ജയവും തോൽവിയും കളിയുടെ ഭാഗമാണ്. എന്നാൽ പോരാട്ടവീര്യമില്ലാതെ വെറുതെ ചെന്ന് തോൽക്കുന്നതിനെ എന്തുപറഞ്ഞാണ് ന്യായീകരിക്കുക.

വാസിം അക്രം