pj-joseph

തിരുവനന്തപുരം: നിഷ്പക്ഷത പാലിച്ചുനിന്ന കേരള കോൺഗ്രസ്-എം മുൻ ചെയർമാനും മുതിർന്ന നേതാവുമായ സി.എഫ്. തോമസ് ഇന്നലെ പി.ജെ. ജോസഫിന് പരസ്യപിന്തുണ പ്രഖ്യാപിച്ചതോടെ നിയമസഭയിൽ ജോസഫ് പക്ഷത്തിന് മൂന്നുപേരുടെ ഭൂരിപക്ഷമായി.

അതേസമയം, കേരള കോൺഗ്രസ് പിളർന്നെങ്കിലും അനുരഞ്ജനസാദ്ധ്യത കോൺഗ്രസ് നേതാക്കൾ തീർത്തും തള്ളുന്നില്ല. ഇരുവിഭാഗവുമായി കോൺഗ്രസിലെ ഉന്നതർ അനൗദ്യോഗികമായി ആശയവിനിമയം തുടരുന്നുമുണ്ട്. പാലാ ഉപതിരഞ്ഞെടുപ്പ് മുന്നിൽനിൽക്കെ, പിളർപ്പിന്റെ ആഘാതമെന്താകുമെന്നതിലാണ് യു.ഡി.എഫ് നേതൃത്വത്തിന്റെ ഉത്കണ്ഠ. ജോസ് കെ. മാണിയെയും ജോസഫിനെയും കൈവിടാൻ ഇന്നത്തെ ഘട്ടത്തിൽ അവരൊരുക്കമല്ല.

ജോസ് കെ. മാണി പക്ഷത്തുള്ള റോഷി അഗസ്റ്റിനും പ്രൊഫ. എൻ. ജയരാജും പക്ഷേ ഇന്നലെ സഭയിൽ വാക്കൗട്ടിൽ ജോസഫിനൊപ്പം ഇറങ്ങിപ്പോയത്, തങ്ങളായിട്ട് അനുരഞ്ജന സാദ്ധ്യത അടച്ചിടുന്നില്ലെന്ന സൂചന നൽകുന്നതായി. പാർലമെന്ററി പാർട്ടി നേതാവായി ജോസഫിനെ അംഗീകരിക്കാൻ ഇപ്പോഴും തയ്യാറാണെന്ന് സഭയിൽ ബോധിപ്പിക്കുക വഴി പാർട്ടി പിളർത്തിയത് തങ്ങളല്ല എന്ന് സ്ഥാപിച്ചെടുക്കുകയാണ് ലക്ഷ്യം.

ജോസ് കെ. മാണിയെ കഴിഞ്ഞ ദിവസം ചെയർമാനായി തിര‌ഞ്ഞെടുത്ത നടപടി തൊടുപുഴ കോടതി ഇന്നലെ സ്റ്റേ ചെയ്തത് ജോസ് പക്ഷത്തിന് തിരിച്ചടിയായി. കോട്ടയത്ത് നടന്ന സംഭവത്തിൽ തൊടുപുഴ കോടതിക്ക് ഇടപെടാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ഇതിനെതിരെ തുടർനിയമനടപടിയിലേക്ക് കടക്കാൻ അവരും ശ്രമമാരംഭിച്ചു. നിയമസഭയുടെ നടപ്പ് സമ്മേളനത്തിൽ കക്ഷിനേതാവിന്റെ താത്കാലിക ചുമതലയിൽ ജോസഫ് തുടരാൻ തന്നെയാണ് സാദ്ധ്യത.

ഇന്നലെ തിരുവനന്തപുരത്ത് എം.എൽ.എ ഹോസ്റ്റലിലെ മുറിയിൽ പി.ജെ. ജോസഫ് വിളിച്ച യോഗത്തിൽ സി.എഫ്. തോമസും പങ്കെടുത്തതാണ് ശ്രദ്ധേയമായ നീക്കം. യോഗശേഷം ജോസഫിനൊപ്പം മാദ്ധ്യമങ്ങളെ കണ്ട തോമസ് താനെന്നും കേരള കോൺഗ്രസ്-എമ്മിനൊപ്പമാണെന്നും അതിന്റെ വർക്കിംഗ് ചെയർമാനാണ് ജോസഫ് എന്നും കഴിഞ്ഞ ദിവസത്തേത് പാർട്ടി യോഗമല്ലെന്നും തുറന്നടിച്ചു. മാണിഗ്രൂപ്പിലെ പ്രമുഖനേതാക്കൾ ജോസഫ് പക്ഷത്ത് നിൽക്കുന്നുവെന്നത് പ്രധാനമാണ്. സംഘടനാ ചുമതലയുള്ള ജനറൽസെക്രട്ടറി ജോയി എബ്രഹാം, മുൻ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കൊട്ടാരക്കര പൊന്നച്ചൻ, മുതിർന്ന നേതാവ് അറയ്ക്കൽ ബാലകൃഷ്ണപിള്ള തുടങ്ങിയവർ യോഗത്തിനെത്തി. ജോസ് കെ. മാണിയെ ചെയർമാനായി തിരഞ്ഞെടുത്തത് നിയമപരമല്ലെന്ന് അടിയന്തരമായി ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കാൻ ധാരണയായിട്ടുണ്ട്. പാർട്ടിയെ ശക്തിപ്പെടുത്തി മുന്നോട്ട് പോകണമെന്നും ധാരണയായി. കഴിഞ്ഞദിവസം നടന്നത് ഫാൻസ് അസോസിയേഷന്റെ യോഗമാണെന്നും പങ്കെടുത്തവരിലേറെയും സംസ്ഥാനകമ്മിറ്റി അംഗങ്ങളല്ലെന്നുമാണ് ജോസഫ് പക്ഷത്തിന്റെ വാദം. ഔദ്യോഗികവിഭാഗം തങ്ങളുടേതാണെന്ന വാദവുമായി മറുപക്ഷവും കമ്മിഷനെ സമീപിക്കും. രണ്ട് എം.എൽ.എമാരും രണ്ട് എം.പിമാരും ഒപ്പമുണ്ടെന്നതിനാൽ അംഗീകരിക്കപ്പെടുമെന്ന പ്രതീക്ഷയാണവർക്ക്.

കേരള കോൺഗ്രസിലെ പിളർപ്പും തുടർ സംഭവവികാസങ്ങളും കാത്തിരുന്ന് കാണാമെന്ന നിലപാടിലാണ് ഇടത് നേതൃത്വം. ഇരുവിഭാഗവും യു.ഡി.എഫിൽ തുടരുന്നതും പാലാ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ യു.ഡി.എഫ് അവരെ കൈവിടില്ലെന്നതും സി.പി.എം നേതൃത്വം മുന്നിൽ കാണുന്നു.