. കോപ്പ അമേരിക്ക ഫുട്ബാളിൽ ഉറുഗ്വേ
4-0 ത്തിന് ഇക്വഡോറിനെ കീഴടക്കി
. പരാഗ്വേയെ 2-2ന് സമനിലയിൽ
കുരുക്കി ഖത്തർ
സാവോപോളോ : പരിക്ക് കാരണം കളിക്കാൻ കഴിയുമോ എന്ന സംശയത്തിലായിരുന്നു ഇക്വഡോറിനെതിരായ മത്സരത്തിന് മുമ്പ് ലൂയിസ് സുവാരേസിന്റെ ആരാധകർ. എന്നാൽ വേദനയൊന്നും വകവയ്ക്കാതെ സുവാരേസ് കളിക്കാനിറങ്ങി, ഗോളുമടിച്ചു. ഉറുഗ്വേ മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് വിജയിക്കുകയും ചെയ്തു.
ഇന്നലെ കോപ്പ അമേരിക്ക ഫുട്ബാളിലെ തങ്ങളുടെ ആദ്യ മത്സരത്തിലാണ് ഉറുഗ്വേ തകർപ്പൻ വിജയം നേടിയത്. സുവാരേസ് അടക്കം 3 ഉറുഗ്വേ താരങ്ങൾ സ്കോർ ചെയ്തപ്പോൾ ഒന്ന് ഇക്വഡോർ താരത്തിന്റെ വകയായിരുന്നു. ആറാം മിനിട്ടിൽ ലൊഡേരിയയിലൂടെയാണ് ഉറുഗ്വേ സ്കോറിംഗ് തുടങ്ങിയത്. 24-ാം മിനിട്ടിൽത്തന്നെ പത്തുപേരായി ചുരുങ്ങേണ്ടിവന്നത് ഇക്വഡോറിനെ തളർത്തി. ലൊഡേരിയയെ കഠിനമായി ഫൗൾ ചെയ്തതിന് ക്വിന്റേറിയയെ ചുവപ്പുകാർഡ് നൽകി പുറത്താക്കിയതാണ് ഇക്വഡോറിന് തിരിച്ചടിയായത്.
ലൂയിസ് സുവാരേസാണ് ലൊഡേരിയയ്ക്ക് ഗോളടിക്കാൻ പാസ് നൽകിയത്. 33-ാം മിനിട്ടിൽ ഡീഗോ ഗോഡിന്റെ ക്രോസിൽ നിന്നാണ് എഡിൻസൺ കവാനി സ്കോർ ചെയ്തത്. 44-ാം മിനിട്ടിൽ കാക്കസിന്റെ പാസിൽ നിന്ന് സുവാരേസും വല കുലുക്കി. 78-ം മിനിട്ടിൽ ഇക്വഡോർ താരം മിനയാണ് സെൽഫ് ഗോളടിച്ചത്.
ഇൗ വിജയത്തോടെ സി ഗ്രൂപ്പിൽ മൂന്ന് പോയിന്റുമായി ഉറുഗ്വേ മുന്നിലെത്തി.
400
കോപ്പ അമേരിക്കയിൽ ഉറുഗ്വേയുടെ ചരിത്രത്തിലെ 400-ാം ഗോളാണ് ലൊഡേരിയോ നേടിയത്.
മറ്റൊരു മത്സരത്തിൽ പരാഗ്വേയെ ഏഷ്യയിൽ നിന്നുള്ള അതിഥികളായ ഖത്തർ സമനിലയിൽ പിടിച്ചു. രണ്ട് ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു ഖത്തറിന്റെ സമനില. ഖത്തറിനെ ഒരു സെൽഫ് ഗോളടിച്ച് പരാഗ്വേ സഹായിക്കുകയും ചെയ്തു.
നാലാം മിനിട്ടിൽ കാർഡോസോയുടെ പെനാൽറ്റിയിലൂടെയാണ് പരാഗ്വേ മുന്നിലെത്തിയത്. 56-ാം മിനിട്ടിൽ ഗോൺസാലസ് അവരെ 2-0 ത്തിന് മുന്നിലെത്തിച്ചു. 68-ാം മിനിട്ടിൽ അൽമോയസ് അലിയാണ് അടുത്ത ലോകകപ്പിന്റെ ആതിഥേയർക്കായി ആദ്യ ഗോൾ നേടിയത്. 77-ാം മിനിട്ടിലായിരുന്നു റോയാസിന്റെ സെൽഫി ഗോൾ.