world-cup-cricket
world cup cricket

മാഞ്ചസ്റ്റർ : പാകിസ്ഥാനെതിരായ മത്സരത്തിനിടെ പേശിവലിവ് അനുഭവപ്പെട്ട ഇന്ത്യൻ പേസർ ഭുവനേശ്വർ കുമാറിന് മൂന്ന് മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരുമെന്ന് നായകൻ വിരാട് കൊഹ്‌ലി അറിയിച്ചു.

ഇന്നലെ തന്റെ മൂന്നാമത്തെ ഓവർ ബൗൾ ചെയ്യുന്നതിനിടെയാണ് ഭുവനേശ്വറിന് പരിക്ക് അധികരിച്ചത്. തുടർന്ന് ഡ്രെസിംഗ് റൂമിലേക്ക് മടങ്ങി. ടീം ഫിസിയോ പാട്രിക് ഫർഹത്തിന്റെ പ്രാഥമിക പരിശോധനയ്ക്കുശേഷം വിശ്രമിക്കുകയായിരുന്നു. ഭുവനേശ്വറിന്റെ ഓവർ പൂർത്തിയാക്കാനെത്തിയ വിജയ്‌ശങ്കർ തന്റെ ആദ്യ പന്തിൽ തന്നെ വിക്കറ്റെടുത്തതോടെ ഭുവിയുടെ അസാന്നിധ്യം ഇന്ത്യയ്ക്ക് അനുഭവപ്പെടാതെ പോവുകയായിരുന്നു.

22ന് അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഈ മത്സരത്തിൽ ഭുവിക്ക് പകരം പേസർ മുഹമ്മദ് ഷമിക്ക് അവസരം നൽകിയേക്കും. ആദ്യ മത്സരത്തിൽ ഷമിക്ക് പകരമാണ് ഭുവിയെ പരീക്ഷിച്ചത്. ഇത് വിജയമായതോടെ ടീമിൽ നിലനിറുത്തുകയായിരുന്നു.

ജാസൺ റോയ്ക്ക് രണ്ടു കളി നഷ്ടമാവും

മാഞ്ചസ്റ്റർ : കഴിഞ്ഞ വെള്ളിയാഴ്ച വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിനിടെ പേശിവലിവ് അനുഭവപ്പെട്ട ഇംഗ്ളീഷ് ഓപ്പണർ ജാസൺ റോയ്ക്ക് അടുത്ത രണ്ട് മത്സരങ്ങൾ നഷ്ടമാകും. വിൻഡീസിനെതിരെ ഫീൽഡ് ചെയ്യുന്നതിനിടെ നടുവിന് പരിക്കേറ്റ റോയ് ബാറ്റിംഗിന് ഇറങ്ങിയിരുന്നില്ല. അതേസമയം, നായകൻ ഇയോൻ മോർഗനും ഇതേ മത്സരത്തിൽ ഫീൽഡിംഗിനിടെ പരിക്കേറ്റിരുന്നു. ഇന്ന് അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ മോർഗൻ കളിക്കുമെന്നു തന്നെയാണ് സൂചന.

കൊഹ്‌ലിക്ക് അഭിനന്ദന പ്രവാഹം

മാഞ്ചസ്റ്റർ : പാകിസ്ഥാനെ വമ്പൻ മാർജിനിൽ തോൽപ്പിച്ചതിൽ മാത്രമല്ല, കളിക്കളത്തിലെ മാന്യമായ പെരുമാറ്റം കൊണ്ടുകൂടി ഇംഗ്ളണ്ടിൽ ആരാധകരെ സൃഷ്ടിക്കുകയാണ് ഇന്ത്യൻ ക്യാപ്ടൻ കൊഹ്‌ലി. ബൗളിംഗിനിടെ പാക് പേസർ വഹാബ് റിയാസ് വീഴാനൊരുങ്ങിയപ്പോൾ കൊഹ്‌ലി ആശ്വസിപ്പിക്കാൻ എത്തിയതാണ് പുതിയ സംഭവം. നേരത്തെ ആസ്ട്രേലിയൻ താരം സ്റ്റീവൻ സ്മിത്തിനെ കാണികൾ കൂവിയപ്പോൾ അവരോട് കൈയടിക്കാൻ ആവശ്യപ്പെട്ടും കൊഹ്‌ലി സോഷ്യൽ മീഡിയയിൽ തിളങ്ങിയിരുന്നു. കൊഹ്‌ലിയുടെ പെരുമാറ്റത്തിന് സ്മിത്ത് പരസ്യമായി നന്ദിയും രേഖപ്പെടുത്തിയിരുന്നു.

എന്നെ ലോകകപ്പ് ടീമിലെടുത്തപ്പോൾ പലർക്കും സംശയമുണ്ടായിരുന്നു. എന്നാൽ, എന്റെ കഴിവിൽ എനിക്ക് ഒരു സംശയവും ഇല്ലായിരുന്നു.

-വിജയ് ‌ശങ്കർ

ത്രീഡയമെൻഷണൽ

വിജയ്‌ ശങ്കർ

മാഞ്ചസ്റ്റർ : ഇന്ത്യൻ ലോകകപ്പ് ടീം പ്രഖ്യാപിക്കപ്പെട്ടപ്പോഴുള്ള ഏക വിവാദം വിജയ്‌ശങ്കറെ 15 അംഗ പട്ടികയിൽ ഉൾപ്പെടുത്തിയതായിരുന്നു. ബാറ്റിംഗ്, ബൗളിംഗ്, ഫീൽഡിംഗ് എന്നിങ്ങനെ ത്രീ ഡയമെൻഷണലായി വിജയ്‌ശങ്കറെ ഉപയോഗിക്കാനാകുമെന്നായിരുന്നു ചീഫ് സെലക്ടർ എം.എസ്.കെ. പ്രസാദിന്റെ ന്യായം. ഇതിനെ കളിയാക്കി ഒഴിവാക്കപ്പെട്ട അമ്പാട്ടി റായ്ഡു ട്വീറ്റ് ചെയ്തു. എന്നാൽ, അന്ന് മിണ്ടാതിരുന്ന വിജയ് ‌ശങ്കർ കളിക്കളത്തിൽ മധുര പ്രതികാരം ചെയ്തു. ലോകകപ്പിൽ അരങ്ങേറ്റം കുറിച്ച മത്സരത്തിലെ ആദ്യ പന്തിൽത്തന്നെ വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇന്ത്യൻ ബൗളറായി ചരിത്രം കുറിച്ചിരിക്കുകയാണ് വിജയ് ശങ്കർ. ബാറ്റിംഗിൽ 15 റൺസും നേടി. ധവാന് പരിക്ക് ഭേദമായെത്തുന്നതു വരെ ടീമിലെ സ്ഥാനമുറപ്പിച്ചിരിക്കുകയാണ് വിജയ് ശങ്കർ.

ഇന്നത്തെ മത്സരം

അഫ്ഗാനിസ്ഥാൻ

Vs

ഇംഗ്ളണ്ട്

(വൈകിട്ട് 3 മുതൽ സ്റ്റാർ സ്പോർട്സിൽ)