police

തിരുവനന്തപുരം: പതിനൊന്ന് ഡിവൈ.എസ്.പിമാരെ സി.ഐമാരായി തരംതാഴ്‌ത്തി സർക്കാർ ഷോക്ക് നൽകിയെങ്കിലും നിയമത്തിന്റെയും നടപടികളുടെയും പഴുതുപയോഗിച്ച് ക്രിമിനൽ കേസിൽ പ്രതികളായ 1129 പൊലീസുകാർ ഇപ്പോഴും കാക്കിയിട്ട് വിലസുകയാണ്. 13 ബലാത്സംഗക്കേസുകളിലും 115 സ്ത്രീപീഡനക്കേസുകളിലും പൊലീസുകാർ പ്രതികളാണ്. പരാതിക്കാരെ സ്റ്റേഷനിലിട്ട് തല്ലിച്ചതച്ചതിനും വീട്ടിൽ കടന്നുകയറി പീഡിപ്പിക്കാൻ ശ്രമിച്ചതിനും കേസുകളുണ്ട്. ക്രിമിനൽ കേസിൽ പ്രതികളായ പൊലീസുകാരെ പിരിച്ചുവിടുമെന്ന് പലവട്ടം ഭരണാധികാരികൾ ആവർത്തിച്ചെങ്കിലും ഒന്നും നടന്നില്ല. ക്രമസമാധാന, കുറ്റാന്വേഷണ ചുമതലകളിൽ നിന്ന് ഒഴിവാക്കിയിട്ടുമില്ല. സഹപ്രവർത്തകയെ വെട്ടിവീഴ്ത്തി പെട്രോളൊഴിച്ച് കത്തിക്കാൻ തക്ക ക്രിമിനൽ മനസായി പൊലീസിന്.

തരംതാഴ്‌ത്തപ്പെട്ട ഡിവൈ.എസ്.പിമാരിൽ ചിലർ പൊലീസിലെ കൊടുംക്രിമിനലുകളായിരുന്നു. പാലക്കാട്ടെ ഷീലാ വധക്കേസിലെ പ്രതി സമ്പത്ത് പൊലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട കേസിൽ സി.ബി.ഐ പ്രതിയാക്കിയ വിപിൻദാസും കുണ്ടറ പടപ്പക്കരയിലെ 14കാരന്റെ കൈയിൽ സിഗരറ്റ് കുത്തിപ്പൊള്ളിച്ച കേസിൽ ക്രൈംബ്രാഞ്ച് പ്രതിയാക്കിയ അനിൽകുമാറും തരംതാഴ്ത്തപ്പെട്ടു. എന്നാൽ നെയ്യാറ്റിൻകര സി.ഐയായിരിക്കെ, കേസിൽപെട്ട വാഹനം അടിച്ചുമാറ്റിയ സി.ഐ അടക്കമുള്ള ചിലർ നിയമത്തിന്റെ പഴുതിൽ രക്ഷപെട്ടിട്ടുണ്ട്.

കേസുകളൊതുക്കാൻ ക്വട്ടേഷൻ-മാഫിയാ-പൊലീസ്-രാഷ്ട്രീയ ബന്ധങ്ങളുണ്ട്. കൊച്ചിയിലെ ഗുണ്ടാബന്ധമുള്ള രാഷ്ട്രീയനേതാവിന്റെ വലംകൈയായി അനധികൃത സ്വത്തുണ്ടാക്കിയതിന് സസ്‌പെൻഷനിലായത് ഒരു അസി. കമ്മിഷണറായിരുന്നു. പെണ്ണിന്റെ മാനവും ജീവനും സംരക്ഷിക്കേണ്ട പൊലീസിൽ പീഡനവീരന്മാരും കുറവല്ല. കഴിഞ്ഞവർഷംവരെ 19 പൊലീസ് ജില്ലകളിലും റെയിൽവേ പൊലീസിലുമായി പൊലീസുകാരുൾപ്പെട്ട 71പീഡനക്കേസുകളുണ്ട്. 65പൊലീസുകാർ പീഡനക്കേസുകളിൽ പ്രതികളാണ്. ലൈംഗിക അതിക്രമത്തിന് പരാതി നൽകാനെത്തിയ തിരുവനന്തപുരത്തെ വീട്ടമ്മയെ വാടകവീട്ടിൽ കടന്നുകയറി പീഡിപ്പിക്കാൻ ശ്രമിച്ചതിന് പൊലീസുദ്യോഗസ്ഥൻ അറസ്റ്റിലായിരുന്നു. തിരുവനന്തപുരത്ത് 22ഉം പത്തനംതിട്ടയിൽ 11ഉം കോട്ടയത്തും വയനാട്ടിലും അഞ്ചും പൊലീസുകാർ പീഡനക്കേസുകളിൽ പ്രതിയാണ്. പരാതിക്കാരായ സ്ത്രീകളെ പീഡിപ്പിക്കുകയോ അപമര്യാദയായി പെരുമാറുകയോ ചെയ്തതിനാണ് പൊലീസുകാർക്കെതിരായ മിക്ക കേസുകളും.

പ്രതിയായാലും കാക്കിയിട്ട് വിലസും

 പ്രതികളായ പൊലീസുകാരെ സസ്പെൻഡ് ചെയ്യും
 ആറുമാസം കഴിയുമ്പോൾ പുനഃപരിശോധിക്കും
 95ശതമാനം പൊലീസുകാരെയും തിരിച്ചെടുക്കും
 കാക്കിയിട്ടുള്ള ക്രമസമാധാനപാലനം നൽകും
 ഗുരുതരമായ ചാർജ്ജ്‌മെമ്മോ നൽകാതെ രക്ഷിക്കും
 പുതിയ കേസുകളിൽ ഇന്റലിജൻസ് റിവ്യൂ ഇല്ലാതായി

behara

''61000 അംഗങ്ങളുള്ള പൊലീസിലെ 90ശതമാനവും നല്ലയാളുകളാണ്. കുഴപ്പക്കാർക്കെതിരെ കർശനനടപടിയെടുക്കും. കർശന നിരീക്ഷണമുണ്ടാവും.

ലോക്നാഥ് ബെഹ്റ, പൊലീസ് മേധാവി