ഫോർട്ട് കൊച്ചി /കൊച്ചി : മട്ടാഞ്ചേരി മൃഗാശുപത്രിയിൽ നിന്നും മനുഷ്യന്റെ തലയോട്ടി കണ്ടെടുത്ത സംഭവത്തിൽ ദുരൂഹത പുകയുന്നു. ആശുപത്രിക്ക് പിന്നിലെ ഓപ്പറേഷൻ തിയേറ്ററിന് സമീപത്തെ മാവിന് സമീപം മണ്ണിട്ട് മൂടിയ നിലയിലായിരുന്നു തലയോട്ടി. വർഷങ്ങൾ പഴക്കമുള്ള തലയോട്ടി പുരുഷന്റേതാണോ സ്ത്രീയുടേതാണോ എന്ന് പോസ്റ്റ്‌മോർട്ടിന് ശേഷമേ വ്യക്തമാകൂ. എന്നാൽ, പശ്ചിമകൊച്ചിയിൽ നിന്നും അഞ്ച് വർഷങ്ങൾക്കിടെ ദുരൂഹ സാഹചര്യത്തിൽ ആരെയും കാണാതായിട്ടില്ല. ഈ സാഹചര്യത്തിൽ തലയോട്ടി ആശുപത്രി പരിസത്ത് എങ്ങിനെ എത്തിയെന്നതാണ് ദുഹൂത വർദ്ധിപ്പിച്ചിരിക്കുന്നത്.
സമീപ ജില്ലകളിൽ നിന്നും കാണാതായ ആളുകളുടെ വിവരം മട്ടാഞ്ചേരി പൊലീസ് ശേഖരിച്ച് വരികയാണ്. തലയോട്ടി ഇന്ന് എറണാകുളം ജനറൽ ആശുപത്രിക്ക് കൈമാറും. പോസ്റ്റ്‌മോർട്ടം ഇന്ന് വൈകിട്ടോടെ നടക്കും. തലയോട്ടിയിൽ നിന്നും ഡി.എൻ.എ പരിശോധനയ്ക്കായുള്ള സാമ്പിളുകളും ശേഖരിക്കുന്നുണ്ട്. ഇത് ഇന്നുതന്നെ വിദഗ്ദ്ധ പരിശോധനയ്ക്കായി കൈമാറും. പോസ്റ്റ്‌മോട്ടത്തിൽ തലയോട്ടിയുടെ പഴക്കം, സ്ത്രീയുടെയോ പുരുഷന്റെയോ എന്നെല്ലാം വ്യക്തമാകും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം അന്വേഷണം ഊർജിതമാക്കുമെന്ന് മട്ടാഞ്ചേരി എസ്.ഐ കേരളകൗമുദി ഫ്ലാഷിനോട് പറഞ്ഞു. മൃഗാശുപത്രി പ്രവർത്തനങ്ങളെ സംബന്ധിച്ച് പരിശോധനയ്ക്കെത്തിയ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥനാണ് മാവിന്റെ താഴെ മണ്ണിൽ മൂടിയ നിലയിൽ തലയോട്ടി കണ്ടത്. ഉടൻ പൊലീസിന് വിവരം കൈമാറുകയായിരുന്നു. ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്ത് എത്തി തലയോട്ടി പരിശോധിച്ചിരുന്നു.