നടിമാർ സൗന്ദര്യ സംരക്ഷണത്തിനായി ശസ്ത്രക്രിയകൾ ചെയ്യുമെന്നത് പരസ്യമായ രഹസ്യമാണ്. ആ പട്ടികയിലേക്ക് ഒടുവിലെത്തിയത് നടി ഹൻസികയുടെ പേരാണ്. ഹൻസികയുടെ സൗന്ദര്യം യാഥാർത്ഥ്യമല്ലെന്നും മുഖത്തെയും ശരീരത്തെയും നിറവും ആകാരവടിവും ശസ്ത്രക്രിയയുടെ ഫലമാണെന്നുമാണ് അടുത്തിടെയായി പ്രചരിക്കുന്ന വാർത്ത എന്നാൽ പ്രചരിക്കുന്നതൊന്നും സത്യമല്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരം.
നിറം കൂട്ടാനായി സ്കിൻ വൈറ്റ്നിംഗ് ചെയ്യേണ്ട കാര്യമൊന്നും എനിക്കില്ല. വളരെ കഷ്ടപ്പെട്ട് ജിമ്മിൽ പോയും ഭക്ഷണം നിയന്ത്രിച്ചുമാണ് ഞാൻ തടി കുറച്ചത്. അതിനായി ഒരു ശസ്ത്രക്രിയയെയും ആശ്രയിച്ചിട്ടില്ല. അത്തരം ഗിമ്മിക്കുകളോട് എനിക്ക് വിശ്വാസവുമില്ല. സിനിമയിൽ നിന്ന് ഏകദേശം ഒരു വർഷത്തോളം ഇടവേളയെടുത്താണ് തടി കുറച്ചത്. ശസ്ത്രക്രിയയ്ക്കായി ഇത്ര നീണ്ട ഇടവേളയുടെ ആവശ്യമേയില്ല.
ജീവിതത്തിൽ എന്നും മൂല്യങ്ങൾ മുറുകെ പിടിക്കുന്ന ആളാണ് ഞാൻ. ആളുകൾ എന്നെ കുറിച്ച് എന്ത് പറയുന്നു എന്ന കാര്യങ്ങളെ കുറിച്ച് ഞാനൊരിക്കലും ശ്രദ്ധ കൊടുക്കാറില്ല. അതുകൊണ്ട് ഇത്തരം ഗോസിപ്പുകൾ എന്നെ ബാധിക്കുന്നുമില്ല. ബാലതാരമായാണ് സിനിമയിലെത്തിയത്. അവസരങ്ങൾ ലഭിച്ചതിലൂടെ നായികയായി. മികച്ച കഥാപാത്രങ്ങളുമായി മുന്നോട്ടു പോകാനാണ് ആഗ്രഹമെന്നും താരം പറയുന്നു.
അഥർവ നായകനായ 100 ആണ് ഹൻസികയുടേതായി ഒടുവിൽ റിലീസായ ചിത്രം. താരം പ്രധാന വേഷത്തിലെത്തുന്ന മഹായുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇതോടൊപ്പം തെലുങ്കിലും ചില ചിത്രങ്ങൾ കരാറായിട്ടുണ്ട്.