കാലിഫോർണിയ: പ്രശസ്തരുടെ സ്വകാര്യ ചിത്രങ്ങൾ ചോർത്തി പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നത് പുതുമയുള്ള കാര്യമൊന്നുമല്ല. പലരും ഹാക്കർമാർക്കുമുന്നിൽ മുട്ടുമടക്കും. ചിലർ പൊലീസിൽ പരാതി നൽകും. എന്നാൽ ഹോളിവുഡ് നടി ബെല്ല തോൺ ഇതൊന്നുമല്ല ചെയ്തത്. ഹാക്കർ പുറത്തുവിടും മുമ്പ് തന്റെ നഗ്നചിത്രങ്ങൾ സ്വന്തം ട്വിറ്റിലൂടെ പുറത്തുവിട്ടാണ് ഹാക്കർക്കിട്ട് കിടുക്കൻ പണികൊടുത്തത്.
കഴിഞ്ഞ ദിവസം ബെല്ലയുടെ ട്വിറ്റർ അക്കൗണ്ട് 24 മണിക്കൂർ ഹാക്ക് ചെയ്തിരുന്നു. അക്കൗണ്ടിൽ നിന്ന് ചോർത്തിയ നഗ്നചിത്രങ്ങൾ ഉടൻ പുറത്തു വിടുമെന്നായിരുന്നു ഹാക്കറുടെ ഭീഷണി. ചിത്രങ്ങൾ കിട്ടിയിട്ടുണ്ടെന്ന് തെളിയിക്കാൻ വാട്സാപ്പിലൂടെ അവ ബെല്ലയ്ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. മറ്റുചില പ്രശസ്തരുടെ നഗ്ന ചിത്രങ്ങളും ഇതിലുണ്ടായിരുന്നു. പേടിച്ചുവിറച്ച് ബെല്ല തന്റെ ആവശ്യങ്ങൾ അംഗീകരിക്കുമെന്നായിരുന്നു ഹാക്കറുടെ വിചാരം.പക്ഷേ, ബെല്ല ഒരുമുഴം മുന്നേ എറിഞ്ഞു.
വാട്സാപ്പിൽ അയച്ചുകൊടുത്ത ചിത്രങ്ങളുടെ സ്‌ക്രീൻ ഷോട്ടുകൾ സഹിതമാണ് ബെല്ല ചിത്രങ്ങൾ പോസ്റ്റുചെയ്തത്. എനിക്ക് ഏറ്റവും പ്രിയപ്പെട്ട വ്യക്തി മാത്രം കാണണം എന്ന് ആഗ്രഹിച്ചത് ആരോ എന്നിൽ നിന്ന് കവർന്നെടുത്തത് പോലെ തോന്നി. മറ്റ് ചിലരുടെ നഗ്നചിത്രങ്ങളും അയാൾ അയച്ചുതന്നിട്ടുണ്ട്. ഇനിയും അയാളിത് തുടർന്നുകൊണ്ടേയിരിക്കും. എന്നെ മുതലെടുക്കാൻ ഞാൻ ഒരാളെ അനുവദിച്ചു. ഇനി എന്നിൽനിന്ന് ഒന്നും എടുക്കാൻ ആരെയും അനുവദിക്കില്ലെന്ന് തീർച്ചപ്പെടുത്തിയതുകൊണ്ടാണ് ചിത്രങ്ങൾ പുറത്തുവിടാൻ തീരുമാനിച്ചത്.
എന്റെ ജീവിതത്തെ നിയന്ത്രിക്കാൻ ഒരിക്കലും നിങ്ങൾക്കാവില്ല- ചിത്രം പങ്കുവച്ചുകൊണ്ട് ബെല്ല കുറിച്ചു. ചിത്രങ്ങൾ പുറത്തുവിടണോ വേണ്ടയോ എന്ന് തീരുമാനമെടുക്കാൻ അനുഭവിച്ച മാനസിക സംഘർത്തെക്കുറിച്ച് പുസ്തകമെഴുതാനും ബെല്ല തീരുമാനിച്ചിട്ടുണ്ട്.
ബെല്ലയുടെ നടപടിയെ പിന്തുണച്ചുകൊണ്ട് നിരവധിപേരാണ് രംഗത്തെത്തിയത്. നിങ്ങളെ നിയന്ത്രിക്കാൻ അവരെ അനുവദിക്കരുതെന്നും കർമ്മത്തിന്റെ ഫലം അവർക്ക് ഉടൻ ലഭിക്കുമെന്നുമാണ് കൂടുതൽപേരും പറഞ്ഞത്.
നടിയെന്നതിലുപരി മോഡൽ, ഗായിക, സംഗീത വീഡിയോ സംവിധായിക, എഴുത്തുകാരി എന്നീ നിലയിലും പ്രശസ്തയാണ് ഇരുപത്തൊന്നുകാരി ബെല്ല തോൺ.ലോകമെങ്ങും ആരാധകരുണ്ട്. ചെറുപ്രായത്തിൽ മോഡലിംഗിലൂടെ കരിയർ തുടങ്ങി.ഡിസ്നി ചാനൽ പരമ്പരയായ ഷേക്ക് ഇറ്റ് അപ്പിലെ സീസീ ജോൺസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് പ്രധാനനിരയിലേക്ക് എത്തി.