തിരുവനന്തപുരം: വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് എത്തുന്നവരെ കൂട്ടിക്കലർത്തി സെല്ലുകളിൽ പാർപ്പിക്കുന്ന രീതി ഇനി സംസ്ഥാനത്തെ സെൻട്രൽ ജയിലുകളിൽ ഉണ്ടാവില്ല. കുറ്റകൃത്യത്തിന്റെ സ്വഭാവം അനുസരിച്ച് തടവുകാരെ തരംതിരിച്ച് പ്രത്യേകം പാർപ്പിക്കും. ഉദാഹരണത്തിന് മോഷണക്കേസുകളിൽ റിമാൻഡ് ചെയ്തോ ശിക്ഷിക്കപ്പെട്ടോ എത്തുന്നവരെ അതേ വിഭാഗത്തിൽപെട്ടവരെ പാർപ്പിക്കുന്ന സെല്ലിലാകും താമസിപ്പിക്കുക. അവരെ കൊലക്കേസുകളിലോ പീഡനക്കേസിലോ മറ്റോ ശിക്ഷിക്കപ്പെട്ട് എത്തുന്നവരുടെ കൂട്ടത്തിൽ പാർപ്പിക്കില്ല. മറ്റ് കേസുകളിലും ഈ രീതി അവലംബിക്കും. കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് എത്തുന്നവരേയും ക്വട്ടേഷൻ സംഘത്തെയും മയക്കുമരുന്ന് കേസിലെ പ്രതികളെയുമൊന്നും സെല്ലുകളിൽ കൂട്ടായി പാർപ്പിക്കില്ല. ചെറിയ കുറ്റകൃത്യങ്ങളിലുൾപ്പെട്ട് എത്തുന്നവർ ജയിൽ ജീവിതത്തിനൊടുവിൽ കൊടുംകുറ്റവാളികളായി മാറുന്ന സാഹചര്യവും ജയിലിലെ കൂട്ടുകെട്ടിലൂടെ കുറ്റകൃത്യങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതും ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ജയിൽ ഡി.ജി.പിയായി ചുമതലയേറ്റ ഋഷിരാജ് സിംഗാണ് കഴിഞ്ഞ ദിവസം ചേർന്ന ജയിൽ ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഇത്തരമൊരു നിർദേശം നൽകിയത്.
പകർച്ചവ്യാധികളും മാറാരോഗങ്ങളുമുള്ളവരെയും മറ്റുള്ള തടവുകാർക്കൊപ്പം പാർപ്പിക്കില്ല. അവർക്കാവശ്യമായ ചികിത്സയും പരിചരണവും നൽകും. വിചാരണ തടവുകാരെയും ശിക്ഷാ പ്രതികളെയും പ്രത്യേകം പാർപ്പിക്കും.
ജയിലുകളുടെ പ്രവർത്തനം അഴിമതി വിമുക്തവും കുറ്റമറ്റതുമാക്കാനുള്ള നടപടികൾക്ക് ഋഷിരാജ് സിംഗ് തുടക്കമിട്ടു. ഇതിനായി തടവറകൾ മുതൽ ഓഫീസുകൾവരെ സംവിധാനങ്ങളിൽ സമഗ്രമായ അഴിച്ചുപണി നടത്തും. ഇതിന്റെ ഭാഗമായാണ് കുറ്റവാളികളെ പാർപ്പിക്കുന്ന നിലവിലെ ശൈലിയിലും മാറ്റം വരുത്തുന്നത്. ജയിലുകളിലെ സ്ഥല പരിമിതിയും ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഡി.ജി.പി വിലയിരുത്തി. നിർമ്മാണത്തിലിരിക്കുന്ന ജയിലുകൾ ഉടൻ പൂർത്തിയാക്കാൻ ജയിൽ സൂപ്രണ്ടുമാരോട് നിർദേശിച്ചു.
മിന്നലായി എത്തും
ജയിലുകളിൽ കഞ്ചാവും മയക്കുമരുന്നും കടത്തികൊണ്ടുവരുന്നത് തടയാൻ പരിശോധനകൾ കർശനമാക്കാനും നിർദേശിച്ചു. ഇതിനായി സെല്ലുകളിൽ ശക്തമായ നിരീക്ഷണം നടത്തും. ലഹരിക്ക് അടിമപ്പെട്ട തടവുകാരെ അതിൽ നിന്ന് മോചിപ്പിക്കാനായി എല്ലാ ആഴ്ചയും ബോധവത്കരണം നടത്തും. ആവശ്യമായവർക്ക് ലഹരി വിമുക്ത ചികിത്സ ലഭ്യമാക്കും. ജയിലിൽ താത്കാലിക ജീവനക്കാരായി വിമുക്ത ഭടൻമാരെ നിയോഗിക്കും. സിസി. ടിവി കാമറകളും വീഡിയോ കോൺഫറൻസിംഗ് സംവിധാനവും പ്രവർത്തനക്ഷമമാക്കാനും ഋഷിരാജ് സിംഗ് നിർദേശിച്ചു. ജയിലുകളിൽ കറക്ഷണൽ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണം. കൂടുതൽ തൊഴിൽ പരിശീലനത്തിനും വരുമാന വർദ്ധനവിനുമുള്ള നടപടികൾ കൈക്കൊള്ളണം.
പൂജപ്പുര സെൻട്രൽ ജയിലിലുൾപ്പെടെ പെട്രോൾ പമ്പുകൾ ഉടൻ തുറന്ന് പ്രവർത്തിപ്പിക്കും. ജയിൽ ചപ്പാത്തിയുൾപ്പെടെയുള്ള ഭക്ഷണ സാധനങ്ങൾക്കും മറ്റ് ഉത്പന്നങ്ങൾക്കും വിപണന സാദ്ധ്യത വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കാനും സൂപ്രണ്ടുമാരോട് നിർദേശിച്ചു. പരോൾ അപേക്ഷകളിൽ കാലവിളംബം കൂടാതെ തീരുമാനമെടുക്കണം. ആർക്കും പ്രത്യേക പരിഗണന നൽകാൻ പാടില്ല. ഏത് ജയിലിലും ഏത് സമയത്തും തന്റെ മിന്നൽ സന്ദർശനവും പരിശോധനയും ഉണ്ടാകുമെന്നും ഡി.ജി.പി ജീവനക്കാരെ ഓർമ്മിപ്പിച്ചു.