flood-relief

തിരുവനന്തപുരം: 2017 നവംബറിൽ തീരപ്രദേശങ്ങളിൽ ദുരന്തം വിതച്ച ഓഖി ചുഴലിക്കാറ്റുണ്ടായി ഒന്നരവർഷം പിന്നിട്ടിട്ടും മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി സർക്കാർ പ്രഖ്യാപിച്ച നടപടികൾ കരകാണാക്കടലിൽ. സുരക്ഷയ്ക്കായി ഗ്ളോബൽ സാറ്റലൈറ്റ് ഫോണുകൾ അടക്കമുള്ളവ വിതരണം ചെയ്യുമെന്ന സർക്കാരിന്റെ ഉറപ്പ് പാലിക്കപ്പെട്ടില്ല. കാലവർഷം ആരംഭിച്ചതോടെ പ്രക്ഷുബ്ധമായ കടലും ചുഴലിക്കാറ്റ് ഭീഷണിയും മത്സ്യത്തൊഴിലാളികളുടെ ജീവന് നിരന്തരം ഭീഷണി ഉയർത്തുമ്പോഴും പ്രഖ്യാപനങ്ങൾ നടപ്പാക്കുന്നതിൽ മെല്ലെപ്പോക്ക് സമീപനമാണ്. ഓഖി ചുഴലിക്കാറ്റിനിടെ കടലിൽ കുടുങ്ങിയവർക്ക് മതിയായ സുരക്ഷാഉപകരണങ്ങളുടെ അപര്യാപ്തതയുണ്ടായിരുന്നതും ചുഴലിക്കാറ്റിനെ കുറിച്ച് കൃത്യമായ മുന്നറിയിപ്പ് ലഭിക്കാതെ വന്നതുമാണ് വൻദുരന്തത്തിനിടയാക്കിയത്. വീണ്ടുമൊരു കാലവർഷം കൂടി ആരംഭിച്ചിരിക്കെ മത്സ്യത്തൊഴിലാളികൾ സമാനമായ സാഹചര്യമാണ് അഭിമുഖീകരിക്കുന്നത്.

 25 കോടിയുടെ പദ്ധതി
മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി ഓഖി ദുരിതാശ്വാസ ഫണ്ടിൽ നിന്ന് 25 കോടിയാണ് നീക്കിവച്ചത്. 36 നോട്ടിക്കൽ മൈലിനപ്പുറത്ത് മത്സ്യബന്ധനത്തിന് പോകുന്ന 15,000 മത്സ്യബന്ധന യാനങ്ങൾക്ക് നാവിക് കിറ്റുകൾ വിതരണം ചെയ്യുമെന്നായിരുന്നു സർക്കാരിന്റെ പ്രഖ്യാപനം. ഐ.എസ്.ആർ.ഒയുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് കെൽട്രോണിനെയാണ് നാവിക് ഉപകരണങ്ങൾ നിർമ്മിക്കാനായി ചുമതലപ്പെടുത്തിയിരുന്നത്. എന്നാൽ,​ ഇതുവരെ വിതരണം ചെയ്യാനായത് 250 കിറ്റുകൾ മാത്രമാണ്. ഇതോടൊപ്പം 9.43 കോടി ചെലവിട്ട് ആയിരം മത്സ്യത്തൊഴിലാളികൾക്ക് സാറ്റലൈറ്റ് ഫോണുകളും നൽകാനും തീരുമാനിച്ചിരുന്നെങ്കിലും ഒരെണ്ണം പോലും വിതരണം ചെയ്തിട്ടില്ല.

പദ്ധതി മുടങ്ങിയതിങ്ങനെ
ആദ്യം വിതരണം ചെയ്ത കിറ്റുകളിൽ വള്ളത്തിന്റെ സഞ്ചാരഗതി നിർണയിക്കാൻ കഴിയുന്ന ജി.പി.എസ്,​ ലൈഫ് ജാക്കറ്റുകൾ,​ റഡാർ റിഫ്ളക്ടർ, ഫിഷിംഗ് കം എമർജൻസി ഫ്ളാഷ് ലൈറ്റ്, ഫസ്റ്റ് എയ്ഡ് കിറ്റ് തുടങ്ങിയവയാണ് ഉണ്ടായിരുന്നത്. വിതരണം ചെയ്ത കിറ്റിൽ സന്ദേശങ്ങൾ അങ്ങോട്ടേക്ക് അയയ്ക്കാൻ മാത്രമുള്ള ജി.പി.എസ് സംവിധാനം മാത്രമുണ്ടായിരുന്നത്. അടിയന്തരസാഹചര്യം ഉണ്ടായാൽ മത്സ്യത്തൊഴിലാളികൾക്ക് കൺട്രോൾ റൂമിലേക്ക് തിരിച്ച് സന്ദേശം അയയ്ക്കാൻ കഴിയുമായിരുന്നില്ല. തുടർന്ന് കിറ്റുകളുടെ വിതരണം സർക്കാർ നിറുത്തുകയായിരുന്നു. ഫ്ളാഷ് ലൈറ്റുകൾ കിറ്റിലില്ലെന്നും സ്വന്തം നിലയിൽ വാങ്ങിയാണ് ഉപയോഗിക്കുന്നതെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു.

മത്സ്യത്തൊഴിലാളികൾക്ക് തിരികെ സന്ദേശം അയയ്ക്കാനുള്ള സംവിധാനം കൂടി ഉൾപ്പെടുത്തി എത്രയുംവേഗം കെൽട്രോൺ കിറ്റ് വിതരണം ചെയ്യും. ഇതിനായുള്ള നടപടികൾ ദ്രുതഗതിയിൽ നടക്കുകയാണ് - മന്ത്രി മേഴ്സിക്കുട്ടിയമ്മ