തിരുവനന്തപുരം : യു.കെ -എൻ.എച്ച്.എസ് ഫൗണ്ടേഷൻ ട്രസ്റ്റിന് കീഴിലുള്ള ആശുപത്രികളിൽ യോഗ്യരായ നഴ്‌സുമാർക്ക് നോർക്കയുടെ എക്‌സ്‌പ്രസ് റിക്രൂട്ട്‌മെന്റിലൂടെ നിയമനം നൽകും. ഒരു വർഷം പ്രവൃത്തി പരിചയമുള്ള ബി.എസ് സി /ജി.എൻ.എം നഴ്‌സുമാരെയാണ് പരിഗണിക്കുന്നത്. നിലവിൽ ഐ.ഇ.എൽ.ടി.എസ് (അക്കാഡമിക്കിൽ) റൈറ്റിംഗിൽ 6.5 ഉം മറ്റ് വിഭാഗങ്ങളിൽ 7 സ്‌കോറിംഗും അല്ലെങ്കിൽ ഒ.ഇ.ടി.ബി ഗ്രേഡ് നേടിയവർക്കാണ് നിയമനം. ഐ.ഇ.എൽ.ടി. എസിൽ 6 സ്‌കോറിംഗുള്ളവർക്ക് മതിയായ യോഗ്യത നേടുന്നതിന് നിശ്ചിത ഫീസ് ഈടാക്കി പരിശീലനം നൽകും. സ്‌കോറിംഗ് ലഭിക്കുന്നവർക്ക് കോഴ്‌സ് ഫീസ് പൂർണമായും തിരികെ നൽകും. യു. കെ യിലെ നഴ്‌സിംഗ് & മിഡ്‌വൈഫറി കൗൺസിൽ രജിസ്‌ട്രേഷൻ ഉദ്യോഗാർത്ഥികൾ നിർവഹിക്കണം. 26, ജൂലായ് 10, 17, 24 തീയതികളിൽ അഭിമുഖം നടക്കും. ആദ്യഘട്ടത്തിൽ 3 വർഷത്തേക്കാണ് നിയമനം. താത്പര്യമുള്ളവർക്ക് കരാർ പുതുക്കി തുടരാം. ശമ്പളം പ്രതിവർഷം ബാൻഡ് 4 ഗ്രേഡിൽ 17,93,350 രൂപ വരെയും ബാൻഡ് 5 ഗ്രേഡിൽ 20,49,047 രൂപവരെയും ലഭിക്കും. താമസം, വിമാന ടിക്കറ്റ് എന്നിവ സൗജന്യമാണ്. താത്പര്യമുള്ളവർ നിശ്ചിത മാതൃകയിൽ തയാറാക്കിയ സി.വി, പൂരിപ്പിച്ച എൻ.എച്ച്.എസ് അപേക്ഷ, മറ്റു അനുബന്ധരേഖകൾ എന്നിവ സഹിതം rcrtment.norka@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ ജൂലായ് 20 ന് മുമ്പായി സമർപ്പിക്കണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ 0471-2770544 ലും, ടോൾ ഫ്രീ നമ്പരായ 1800 425 3939, (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്ത് നിന്നും) ലഭിക്കും.