തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് സ്വകാര്യ കമ്പനിയെ ഏല്പിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ സംസ്ഥാന സർക്കാർ നിലപാട് ശക്തമാക്കിയതോടെ അതിന്റെ ഭാവി എന്താകുമെന്ന ഉത്കണ്ഠ വർദ്ധിക്കുകയാണ്. തിരുവനന്തപുരം ഉൾപ്പെടെ ആറ് വിമാനത്താവളങ്ങളുടെ സ്വകാര്യവത്കരണം ഇതിനു മുന്നേ തന്നെ നടക്കേണ്ടതായിരുന്നു. ഇടയ്ക്കു കയറിവന്ന പൊതു തിരഞ്ഞെടുപ്പാണ് അന്തിമ തീരുമാനം നീട്ടിക്കൊണ്ടു പോയത്. നേരത്തെ ടെൻഡർ നടപടികൾ പൂർത്തിയായതാണ്. ടെൻഡറുകളിൽ ഏറ്റവും ഉയർന്ന തുക ക്വോട്ട് ചെയ്തത് അദാനിയുടെ കമ്പനിയായിരുന്നു. മറിച്ചൊരു തീരുമാനമുണ്ടാകുന്നില്ലെങ്കിൽ ഈ വിമാനത്താവളങ്ങളെല്ലാം നിശ്ചിത വർഷത്തേക്ക് അദാനിയുടെ നിയന്ത്രണത്തിലാകും. തിരുവനന്തപുരം വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്ന ഓരോ യാത്രക്കാരന്റെയും പേരിൽ അദാനിയുടെ കമ്പനി എയർപോർട്ട് അതോറിട്ടിക്ക് 168 രൂപ നിരക്കിൽ നൽകുമെന്നാണ് വാഗ്ദാനം. ടെൻഡറിൽ ഏറ്റവും ഉയർന്ന തുക മുന്നോട്ടു വച്ചത് അദാനി ഗ്രൂപ്പായതിനാൽ നിയമപ്രകാരം അവർക്കാണ് വിമാനത്താവള നടത്തിപ്പിനുള്ള അർഹത ലഭിക്കേണ്ടത്. മറ്റ് കമ്പനികൾ ക്വോട്ട് ചെയ്തത് കുറഞ്ഞ സംഖ്യയായിരുന്നു.
എയർപോർട്ട് നടത്തിപ്പ് അദാനി ഗ്രൂപ്പിനു കൈമാറിയാൽത്തന്നെ അവരെ അതിന് സമ്മതിക്കുകയില്ലെന്ന മുടന്തൻ ന്യായവുമായി സംസ്ഥാന സർക്കാരും സ്വകാര്യവത്കരണത്തെ എതിർക്കുന്ന മറ്റുചില സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. വിമാനത്താവളം സർക്കാർ വക സ്ഥലത്താണു നിൽക്കുന്നതെന്നതിനാൽ സംസ്ഥാനത്തിന്റെ അഭിപ്രായം വിഗണിച്ച് കേന്ദ്രം ഇക്കാര്യത്തിൽ തീരുമാനമെടുക്കരുതെന്ന് മുഖ്യമന്ത്രി രണ്ടുദിവസം മുൻപ് പ്രധാനമന്ത്രിയെ നേരിൽ കണ്ട് അഭ്യർത്ഥിച്ചിരുന്നു. എയർപോർട്ട് അതോറിട്ടിക്ക് നടത്താൻ വയ്യെങ്കിൽ സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ ഒരുക്കമാണെന്നും അറിയിച്ചിരുന്നു. ഇത്തരത്തിൽ എയർപോർട്ട് നടത്തിപ്പവകാശത്തെച്ചൊല്ലിയുള്ള തർക്കം മുറുകവെ പ്രസക്തമായ കാതലായ ചോദ്യം ഇതാണ്: അന്തിമ തീരുമാനമെടുക്കുമ്പോൾ പ്രഥമ പരിഗണന ലഭിക്കേണ്ട താത്പര്യം ആരുടേതായിരിക്കണം? വിമാനത്താവളത്തിന്റെ സമഗ്രവികസനവും അതിലൂടെ വിമാനയാത്രക്കാർക്ക് ലഭിക്കാവുന്ന ഉയർന്ന നിലയിലുള്ള സൗകര്യങ്ങളുമാണ് പ്രധാനമായി പരിഗണിക്കേണ്ടത്. സംസ്ഥാനത്തെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളമായിട്ടും അത്തരത്തിലൊരു നിലവാരത്തിലേക്ക് തിരുവനന്തപുരം വിമാനത്താവളത്തിന് എത്താൻ കഴിയാതെ പോയത് എന്തുകൊണ്ടാണെന്ന് ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ? എയർപോർട്ട് അതോറിട്ടിയോ സംസ്ഥാന സർക്കാരോ തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനത്തിനും പുരോഗതിക്കുമായി വളരെയൊന്നും ചെയ്തിട്ടില്ലെന്നതിനു തെളിവ് അവിടെത്തന്നെയുണ്ട്. സംസ്ഥാനത്തെ മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച് ഇപ്പോഴും പിന്നിൽത്തന്നെ തുടരാൻ കാരണം തുടർച്ചയായി നേരിടുന്ന അവഗണന തന്നെയാണ്. യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലുമുണ്ടാകുന്ന വർദ്ധന മാത്രം നോക്കി വികസനം അളക്കുന്നത് നിരർത്ഥകമാണ്. സൗകര്യങ്ങളുടെ കാര്യത്തിൽ അനുഭവപ്പെടുന്ന പരിമിതികളും യാത്രക്കാർക്കുള്ള ബുദ്ധിമുട്ടുകളും നിലനിൽക്കുകയാണ്. അന്താരാഷ്ട്ര റൂട്ടുകളിലേക്ക് പുതിയൊരു സർവീസ് തുടങ്ങിയിട്ടുതന്നെ കാലമേറെയായി. ആഭ്യന്തര സർവീസുകളും യാത്രക്കാരുടെ ആവശ്യത്തിന് അനുസരണമായി വർദ്ധിക്കുന്നില്ല. ആഭ്യന്തര ടെർമിനലിലെ അസൗകര്യങ്ങളാകട്ടെ മനംമടുപ്പിക്കുന്ന തരത്തിലാണ്. സ്ഥലം കിട്ടാത്തതാണ് ഇതിനു കാരണമെന്നാണു വിശദീകരണം. രണ്ടാം ടെർമിനലിനോടനുബന്ധിച്ച് 18 ഏക്കർ സ്ഥലം കൂടി എടുത്ത് വികസനം നടപ്പാക്കാൻ എത്രയോ വർഷമായി ശ്രമിച്ചിട്ടും കഴിയുന്നില്ല. ആരുടെ കുറ്റമാണിത്? ഇനി അദാനിക്ക് വിമാനത്താവളം പാട്ടത്തിനു നൽകുന്ന സാഹചര്യം വന്നാൽ ഈ സ്ഥലം വിട്ടുനൽകില്ലെന്ന ബാലിശമായ വാദവും ഉയരാൻ തുടങ്ങിയിട്ടുണ്ട്. വിമാനത്താവളം എല്ലാ നിലയിലും വികസിക്കേണ്ടത് ആരുടെ ആവശ്യമാണ്? അദാനിക്ക് ലാഭം ലഭിക്കുമായിരിക്കും. അതിനൊപ്പം തന്നെയോ അതിനെക്കാളധികമോ അല്ലേ നാടിനും വിമാനയാത്രക്കാർക്കും ലഭിക്കാവുന്ന നേട്ടം? സ്വകാര്യവത്കരണമെന്നു കേൾക്കുമ്പോഴേ ഹാലിളകുന്നവർ രാജ്യത്തിന്റെ ഇതരഭാഗങ്ങളിലും ലോകത്തും സ്വകാര്യ സംരംഭങ്ങൾ വഴി എത്തുന്ന അപാരമായ വികസന സാദ്ധ്യതകൾ കണ്ടില്ലെന്നു നടിക്കുകയാണ്. എല്ലാം സർക്കാർ തന്നെ നടത്തണമെന്നു ശഠിക്കുന്നത് ഒരു വിഭാഗത്തിന്റെ കൈയടി നേടാൻ ഉപകരിക്കുമെങ്കിലും നാടിനോ ജനങ്ങൾക്കോ വലിയ പ്രയോജനമൊന്നും ഉണ്ടാകാൻ പോകുന്നില്ല. കോലംകെട്ടു നിൽക്കുന്ന ഇവിടത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ തന്നെയാണ് അതിന്റെ തെളിവ്.
വിമാനത്താവളം അദാനിക്കു വിട്ടുകൊടുത്താൽ നാടുതന്നെ മുടിയുമെന്ന ചിന്തയിലെ പൊള്ളത്തരം മനസിലാക്കാൻ ഇതുമായി ബന്ധപ്പെട്ട ഒരു വസ്തുത മാത്രം മതിയാകും. തിരുവനന്തപുരം വിമാനത്താവളത്തിന്റെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ വരുമാനം 363 കോടി രൂപയാണ്. റെക്കാഡ് നേട്ടമായാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. ലാഭം 19 കോടി രൂപയിൽ നിന്ന് 169 കോടി രൂപയായും വർദ്ധിച്ചതായാണ് കണക്ക്. ഒരു യാത്രക്കാരന് 168 രൂപ വച്ച് എയർപോർട്ട് അതോറിട്ടിക്കു നൽകാമെന്നാണ് അദാനി ഗ്രൂപ്പിന്റെ വാഗ്ദാനം. ഇപ്പോഴത്തെ യാത്രക്കാരുടെ കണക്കു വച്ചു നോക്കിയാൽ പ്രതിവർഷം 1000 കോടി രൂപയുടെ വരുമാനമാണ് എയർപോർട്ട് അതോറിട്ടിയിൽ വന്നുചേരുക. 'കച്ചവടം" ലാഭമോ നഷ്ടമോ എന്നറിയാൻ ഈ കണക്കു മാത്രം മതി. വിമാനത്താവളത്തിന്റെ നാനാമുഖമായ വികസനങ്ങളിലൂടെ പ്രത്യക്ഷമായും പരോക്ഷമായും നാട്ടുകാർക്കുണ്ടാകുന്ന നേട്ടങ്ങളും ഏറെയാണ്.