തിരുവനന്തപുരം : നഗരത്തിൽ തുടർച്ചയായി കുടിവെള്ള വിതരണം സ്തംഭിക്കുന്നതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കൗൺസിലർമാർ വാട്ടർ അതോറിട്ടി എം.ഡിയെ ഉപരോധിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് എം.ഡി ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിപ്പിച്ച് കൗൺസിലർമാർ മടങ്ങിയത്.

യു.ഡി.എഫ് കൗൺസിൽ പാർട്ടി ലീഡർ ഡി. അനിൽകുമാറിന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ 11 മണിയോടെയാണ് കൗൺസിലർമാർ എം.ഡി കൗഷികന്റെ ഓഫീസിനു മുന്നിൽ പ്രതിഷേധവുമായെത്തിയത്. തുടർന്ന് കൗൺസിലർമാരോട് എം.ഡി കാര്യങ്ങൾ വിശദീകരിച്ചു. കെ.എസ്.ഇ.ബിയുടെ ഭാഗത്ത് നിന്ന് ചില തകരാർ സംഭവിച്ചതാണ് പമ്പിംഗ് മുടങ്ങാൻ കാരണമായതെന്നും ഒരാഴ്ചയ്ക്കുള്ളിൽ പ്രധാന പ്രശ്നങ്ങൾ പരിഹരിച്ച് ജലവിതരണം സുഗമമാക്കുമെന്നും എം.ഡി ഉറപ്പ് നൽകി. ഇതോടെ കൗൺസിലർമാർ പ്രതിഷേധം അവസാനിപ്പിച്ചു.

തകരാറുകൾ ഉടൻ പരിഹരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കുമെന്നും കൗൺസിലർമാർ പറഞ്ഞു. യു.ഡി.എഫ് നേതാക്കളായ ജോൺസൺ ജോസഫ്, വി.ആർ. സിനി, അലത്തറ അനിൽകുമാർ, കെ. മുരളീധരൻ എന്നിവർ നേതൃത്വം നൽകി.