തിരുവനന്തപുരം: തിരുവനന്തപുരത്തും കൊച്ചിയിലും പൊലീസ് കമ്മിഷണറേറ്ര് രൂപീകരിക്കാനുള്ള നീക്കത്തെച്ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ വാക്‌പോരും ഇറങ്ങിപ്പോക്കും. കമ്മിഷണർമാർക്ക് മജിസ്റ്റീരിയൽ അധികാരത്തോടെ കമ്മിഷണറേറ്റ് രൂപീകരിക്കാൻ തീരുമാനമെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജില്ലാ കളക്ടർമാർക്കുള്ള മജിസ്റ്റീരിയൽ അധികാരം നിലനിറുത്തി ഐ.പി.എസുകാർക്കു കൂടി നൽകണമെന്നായിരുന്നു തന്റെ മനസിലുണ്ടായിരുന്നത്. എന്നാൽ സമവായ ചർകൾക്ക് ശേഷമേ തീരുമാനമെടുക്കൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസിന് അമിതാധികാരം നൽകുന്നത് സമൂഹത്തിൽ അരാജകത്വമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.
യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് പത്തു ലക്ഷത്തിന് മുകളിൽ ജനസംഖ്യയുള്ള രണ്ടു നഗരങ്ങളിൽ മജിസ്റ്റീരിയൽ അധികാരത്തോടെ മെട്രോപൊളിറ്റൻ കമ്മിഷണറേറ്റ് രൂപീകരിക്കാൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരിക്കേയാണ് ഇതു സംബന്ധിച്ച മന്ത്രിസഭാ തീരുമാനവും തുടർനടപടിയുമുണ്ടായത്. തമിഴ്‌നാട്ടിൽ ഏഴിടങ്ങളിലടക്കം രാജ്യത്തെ 44 നഗരങ്ങളിൽ മെട്രോപോളിറ്റൻ കമ്മിഷണറേറ്റുകൾ രൂപീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രമസമാധാനപാലനം നടത്തുന്ന ഉദ്യോഗസ്ഥരെ വ്യക്തിഹത്യ നടത്തുന്നത് ശരിയല്ല. സേനയിൽ അച്ചടക്കരാഹിത്യമുണ്ടെന്ന വാദം വസ്തുതയ്ക്ക് നിരക്കുന്നതല്ല. പൊലീസ് നല്ല നിലയിലാണ് പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മെട്രോപൊളിറ്റൻ കമ്മിഷണറേറ്റ് രൂപീകരിക്കാനുള്ള തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി എ.കെ. ബാലനും വ്യക്തമാക്കി.
വാദിയും വിധികർത്താവും ഒരാൾ തന്നെയാകുന്നതു ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണെന്ന് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച വി.ടി. ബലറാം ആരോപിച്ചു. കളക്ടർമാർക്കും കമ്മിഷണർമാർക്കും ഒരേ അധികാരം നൽകിയാൽ ഇരട്ട അധികാരകേന്ദ്രങ്ങളുണ്ടാവുമെന്നും ഇത് പ്രായോഗികമല്ലെന്നും വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മറ്റുമന്ത്രിമാർ പോലും അറിയാതെയാണ് കമ്മിഷണറേറ്റ് രൂപീകരിക്കാനുള്ള തീരുമാനമെടുത്തത്. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ കത്ത് നൽകുകയും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പരസ്യവിമർശനം നടത്തുകയും ചെയ്തശേഷമാണ് മുഖ്യമന്ത്രിക്ക് മനംമാറ്റമുണ്ടായതെന്നും ചെന്നിത്തല പറഞ്ഞു. എം.കെ. മുനീർ, പി.ജെ. ജോസഫ്, അനൂപ് ജേക്കബ്, പി.സി. ജോർജ് എന്നിവരും വാക്കൗട്ട് പ്രസംഗം നടത്തി.
വയനാട്ടിലേത് വ്യാജ ഏറ്റുമുട്ടൽ: ചെന്നിത്തല
വയനാട്ടിൽ മാവോയിസ്റ്റ് സി.പി. ജലീലിനെ പൊലീസ് വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ജലീലിന്റെ തലയ്ക്ക് പിന്നിലാണ് വെടിയേറ്റത്. താൻ മാവോയിസ്റ്റുകളെ അനുകൂലിക്കുന്നില്ല. ഇക്കാലത്ത് മാവോയിസ്റ്റാവുന്നത് തെറ്റല്ലെന്നും ചെന്നിത്തല പറഞ്ഞു.