കാട്ടാക്കട: കാട്ടാക്കട നിയോജകമണ്ഡലത്തിലെ എട്ട് സർക്കാർ സ്ഥാപനങ്ങളിലെ ജലവിനിയോഗ രീതി പഠനവിധേയമാക്കി നടത്തിയ 'വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി' പദ്ധതിയുടെ ജല ആഡിറ്റിംഗ് ശ്രദ്ധേയമാകുന്നു. മണ്ഡലത്തിലെ ഗ്രാമപഞ്ചായത്ത് ഓഫീസുകൾ, നേമം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോംപ്ലക്സ്, മലയിൻകീഴ് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് ആദ്യഘട്ട പഠനം പൂർത്തിയാക്കിയത്. ജലസംരക്ഷണം, സംഭരണം, വിനിയോഗം എന്നിവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് നടപ്പിലാക്കുന്ന പദ്ധതിയാണ് ജലസമൃദ്ധി. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന കോഴിക്കോട് ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ നെയ്യാറ്റിൻകര ഉപകേന്ദ്രമാണ് പഠനം നടത്തിയത്. കേരളത്തിൽ ആദ്യമായാണ് ഒരു മണ്ഡലത്തിൽ ജനകീയ പങ്കാളിത്തത്തോടെ ജല ആഡിറ്റിംഗ് നടത്തി ചെറു നീർത്തട അടിസ്ഥാനത്തിൽ ജല ബഡ്ജറ്റ് തയ്യാറാക്കുന്നത്. മണ്ഡലത്തിലെ ആഡിറ്റ് റിപ്പോർട്ട് മന്ത്രി കെ.കൃഷ്ണൻകുട്ടി കഴിഞ്ഞ ദിവസം നിയമസഭാ മീഡിയ ഹാളിൽ പ്രകാശനം ചെയ്തിരുന്നു. അടുത്ത ഘട്ടത്തിൽ പഞ്ചായത്തുകളിലെ തിരഞ്ഞെടുത്ത ഓരോ വാർഡിലും, മണ്ഡലത്തിലെ മുഴുവൻ ഹയർ സെക്കൻഡറി സ്കൂളുകളിലും, അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും കുടുംബശ്രീ പ്രവർത്തകരെയും പങ്കെടുപ്പിച്ചുകൊണ്ട് ജലക്ലബുകളുടെയും എൻ.എസ്.എസ് വോളന്റിയർമാരുടെയും സഹകരണത്തോടെ പദ്ധതി പൂർത്തിയാക്കും. തുടർന്ന് എല്ലാ സ്ഥാപനങ്ങളിലും വീടുകളിലും ജല ആഡിറ്റിംഗ് നടത്തി ചെറുനീർത്തട അടിസ്ഥാനത്തിൽ ജല ബഡ്ജറ്റ് തയ്യാറാക്കുമെന്നും ഐ.ബി.സതീഷ് എം.എൽ.എ അറിയിച്ചു.
ജല ആഡിറ്റിംഗ്
ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ ജലസമൃദ്ധി ടീമിനൊപ്പം ഓരോ സ്ഥാപനവും സന്ദർശിച്ച് അവിടത്തെ ജല ഉപയോഗവും സ്ഥാപിച്ചിട്ടുള്ള ഉപകരണങ്ങളും മനസിലാക്കി. ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി നിലവിലെ ജലസ്രോതസ്, അവസ്ഥ, ജലവിനിയോഗ രീതി, സംഭരണം, വിതരണ രീതി, പാഴാക്കുന്ന ജലം എന്നിവയെ സംബന്ധിച്ച് പ്രാഥമിക പഠനം നടത്തി. തുടർന്ന് ഓരോ ദിവസവും പൈപ്പ് ലൈനിലൂടെ ലഭിക്കുന്ന ജലത്തിന്റെ അളവ് മീറ്ററിൽ നോക്കി രേഖപ്പെടുത്തും. വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ജലത്തിന്റെ അളവ് അതത് സ്ഥാപനത്തിലെ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ രേഖപ്പെടുത്തിയാണ് പഠനം നടത്തിയത്.