മജിസ്റ്റീരിയൽ പദവിയിലുള്ള പൊലീസ് കമ്മിഷണറേറ്റുകൾ ഉണ്ടോ അതോ ഇല്ലേ എന്ന് സംശയിച്ചു നിൽക്കുന്നവരെ 'ഉണ്ടില്ല' എന്ന അട്ടർ കൺഫ്യൂഷൻ മാനസികാവസ്ഥയിലേക്കെത്തിച്ചതായിരുന്നു സഭയിൽ ഇന്നലെ അരങ്ങേറിയ വാദപ്രതിവാദത്തിന്റെ ആത്യന്തികഫലം. കമ്മിഷണറേറ്റുകളുണ്ടോ എന്ന് ചോദിച്ചാൽ ഇല്ലെന്നാണ് സർക്കാരിന്റെ ഉത്തരം. ഉണ്ടെന്ന ഭാവത്തിൽ തർക്കിച്ചുകഴിയുമ്പോൾ എല്ലാം യു.ഡി.എഫ് തീരുമാനിച്ചുവച്ചത് മാത്രമെന്ന് വിശദീകരണം. ഫലത്തിൽ ഉണ്ടെന്നും ഇല്ലെന്നും അനുമാനിക്കാവുന്നതാണ്.
എടുക്കാത്ത തീരുമാനത്തെപ്പറ്റി അടിയന്തരപ്രമേയം പറ്റില്ലെന്ന് പാർലമെന്ററികാര്യമന്ത്രി എ.കെ. ബാലൻ ചട്ടമെടുത്തിട്ടു. ആഭ്യന്തരവകുപ്പിന്റെ ധനാഭ്യർത്ഥന ചർച്ചയിൽ അങ്ങനെയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അവതരിപ്പിച്ച സാഹചര്യത്തെളിവ്.
യു.ഡി.എഫ് കാലത്തെ നയതീരുമാനത്തെപ്പറ്റി ആയതിനാൽ പ്രതിപക്ഷം കൊണ്ടുവരുന്നത് അവർക്കെതിരെയുള്ള അടിയന്തരപ്രമേയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തീർപ്പ് കല്പിച്ചു. ഈ സർക്കാർ പുതുതായെന്തെങ്കിലും തീരുമാനിക്കുന്നത് പൊതുചർച്ചയിലൂടെയും സമവായത്തിലൂടെയും മാത്രമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്രയുമായ സ്ഥിതിക്ക് ഇനി പ്രസംഗിക്കേണ്ടതുണ്ടോ എന്ന് പ്രമേയനോട്ടീസ് നൽകി സംസാരിക്കാനൊരുങ്ങിയ വി.ടി. ബൽറാമിനോട് സ്പീക്കർ നിഷ്കളങ്കമായി ചോദിക്കാതിരുന്നില്ല.
ബൽറാം വിടാനുള്ള ഭാവത്തിലല്ലായിരുന്നു. ഭരണകൂടത്തിന്റെ മർദ്ദനോപാധിയാണ് പൊലീസെന്ന പ്രയോഗം കമ്മ്യൂണിസ്റ്റുകാർ ഉപേക്ഷിച്ചോയെന്ന് ചോദിച്ചാണ് മജിസ്റ്റീരിയൽ കമ്മിഷണറേറ്റുകൾക്കെതിരെ അദ്ദേഹം ഘോരഘോരം വാചാലനായത്.
ബൽറാം സംസാരിച്ചതത്രയും യു.ഡി.എഫ് തീരുമാനത്തിലുള്ള വിയോജിപ്പായതിനാൽ സംശയമെല്ലാം 2013ൽ ആഭ്യന്തരമന്ത്രിയായ തിരുവഞ്ചൂർ രാധാകൃഷ്ണനോട് ചോദിക്കൂ എന്ന് മുഖ്യമന്ത്രി ഉപദേശിച്ചു.
2013ലെ തീരുമാനത്തിലേക്ക് കാര്യങ്ങളെത്തിച്ചതിന്റെ മൂലകാരണക്കാരൻ 2007ലെ കമ്മ്യൂണിസ്റ്റ് ആഭ്യന്തരമന്ത്രിയായ കോടിയേരി ബാലകൃഷ്ണനാണെന്ന പുതുന്യായവുമായി രംഗത്തെത്തിയത് പ്രതിപക്ഷ നേതാവാണ്.
2007ൽ എൽ.ഡി.എഫ് ആലോചിച്ചു, യു.ഡി.എഫ് നടപ്പാക്കാനൊരുങ്ങി, ഇപ്പോൾ ചർച്ച ചെയ്ത് തീരുമാനിക്കാമെന്ന് മുഖ്യമന്ത്രി പറയുന്നു- തർക്ക-വിതർക്കങ്ങൾ കേട്ടിട്ട് പി.സി. ജോർജിന് തോന്നിയത് ഇത്രയുമാണ്. അതിനാൽ എൽ.ഡി.എഫും യു.ഡി.എഫും ചേർന്നുള്ള ജനത്തെ കബളിപ്പിക്കൽ പരിപാടിയായി ഇതിനെ അദ്ദേഹം വ്യാഖ്യാനിച്ചു.
മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് ശ്രദ്ധക്ഷണിക്കാൻ നോട്ടീസ് നൽകിയ കെ.എൻ.എ. ഖാദർ നോട്ടീസ് സഹിതം ദുരൂഹസാഹചര്യത്തിൽ അപ്രത്യക്ഷനായി. ഖാദർ വിഷയമുന്നയിക്കാതിരുന്നതിന് പിന്നിൽ കോൺഗ്രസിന്റെ കറുത്തകരങ്ങളെന്ന് ആരോപിച്ചത് പി.സി. ജോർജാണ്. കോൺഗ്രസ് ലീഗിനെ ഭീഷണിപ്പെടുത്തിയെന്നാണ് ജോർജിന്റെ ആക്ഷേപം. കോൺഗ്രസുകാരോ ലീഗുകാരോ അത് നിഷേധിക്കാനൊരുമ്പെട്ടിട്ടില്ല, ഇതുവരെ. സി.എച്ചിന്റെ കാലത്ത് ഇങ്ങനെ ആരെയും ഭയപ്പെട്ട് ലീഗുകാർ ഓടിയിട്ടില്ലെന്ന് കാരാട്ട് റസാഖും കുത്തിനോവിച്ചു.
ആരോഗ്യ, കുടുംബക്ഷേമ, സാമൂഹ്യക്ഷേമ വകുപ്പിന്മേലായിരുന്നു ധനാഭ്യർത്ഥന. കാൻസർരോഗികൾ കീമോതെറാപ്പിക്ക് ക്യൂ നിൽക്കുമ്പോൾ കാൻസറില്ലാത്ത രോഗിക്ക് കീമോ കൊടുക്കുന്ന നാടായി കേരളം മാറിയെന്നാണ് ഐ.സി. ബാലകൃഷ്ണന്റെ വേവലാതി. മരണത്തിനും ജീവിതത്തിനുമിടയിൽ നിൽക്കുന്നവർക്ക് പ്രത്യാശയിലേക്കുള്ള ചിത്രം വരച്ചിട്ടുകൊടുക്കുന്നവരായി ആരോഗ്യമന്ത്രി ശൈലജയെ ഡി.കെ. മുരളി കണ്ടു. ചിറ്റയം ഗോപകുമാറിന്റെ കണ്ണിൽ കേരളത്തിന്റെ അമ്മ മഹാറാണിയാണ് മന്ത്രി ശൈലജ. സ്വന്തം ആരോഗ്യത്തെ വകവയ്ക്കാതെ നിപ്പരോഗത്തെ നേരിടാനിറങ്ങിയ മന്ത്രിയെ ലോകമറിയുന്നത് നല്ലതാണെന്ന് സി.കെ. നാണു പറഞ്ഞത് സിനിമയിലെ കഥാപാത്രമായി മന്ത്രി മാറിയിട്ടുണ്ടെന്ന കഥ കേട്ടിട്ടാണ്. ആരോഗ്യവകുപ്പിന്റെ ചർച്ചയിലെങ്കിലും കാടടച്ച് വെടിവയ്ക്കരുതെന്ന് യു. പ്രതിഭ പ്രതിപക്ഷത്തോട് അഭ്യർത്ഥിച്ചു. വിളക്കിലെ എണ്ണ തീരുമ്പോൾ തിരി ആളിക്കത്തുന്നത് പോലെയായി യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് വിജയത്തെ വിലയിരുത്തി യു.ആർ. പ്രദീപ് സംതൃപ്തിയടഞ്ഞു. കുഷ്ഠരോഗികളെ ചില്ലുമേടയിലിരുന്ന് കല്ലെറിയാതെ അവർക്കായി അശ്വമേധം പദ്ധതി കൊണ്ടുവന്നെന്ന് സി.കെ. ആശ. എന്നാൽ മൂന്ന് വർഷം കൊണ്ട് ആരോഗ്യമേഖലയെ സർക്കാർ നിഷ്ക്രിയമാക്കിയെന്നാണ് വി.എസ്. ശിവകുമാറിന്റെ ആക്ഷേപം.