രാഷ്ട്രം, എന്നത് കേവലമൊരു രാജ്യമല്ല, മറിച്ച് സർവതന്ത്ര സ്വതന്ത്ര പരമാധികാര രാഷ്ട്രം. അതുവഴി രാഷ്ട്രവാസികൾ അഭിമാന വിജ്രംഭിതരും. അതുവഴി മാനവർ നിർഭയരും തലയെടുപ്പുള്ളവരുമാകുന്നു. സ്വാഭാവികമായും ഓരോ രാഷ്ട്രത്തിനും പ്രത്യേക സംസ്കാരവും ദേശീയതയും അനിവാര്യം.
ഭാരതം സാംസ്കാരികത്തനിമയിൽ പണ്ടേ മുന്നിലാണ്. ആർഷഭാരത സംസ്കാരം - ലോകം മുഴുവൻ പുകൾപെറ്റ സംസ്കാരം. പക്ഷേ, ദേശീയതയുടെ കാര്യത്തിൽ നാം പിന്നിലായിരുന്നു. അതുകൊണ്ടുതന്നെയാണ് വെള്ളക്കാർ നമ്മെ അടിച്ചമർത്തിയതും. കാരണം ഭാരതീയർ ഒരു ഭരണാധികാരിയുടെ കീഴിലായിരുന്നില്ല. എണ്ണിയാലൊടുങ്ങാത്ത രാജവംശങ്ങൾ പരസ്പരം വെല്ലുവിളിച്ചും കടിച്ചുകീറിയും കഴിഞ്ഞവർ. അതിനാൽ, നാട്ടുരാജാക്കന്മാരെ ഒന്നൊന്നായി അമർച്ച ചെയ്യാൻ വെള്ളക്കാർക്ക് എളുപ്പമായി. ഒരു രാജാവിനെ തോല്പിക്കാൻ മറ്റ് രാജാക്കന്മാർ വെള്ളക്കാരെ സഹായിച്ചു. അങ്ങനെ പരസ്പരം ചതിച്ചും ഒറ്റിക്കൊടുത്തും രാജ്യം വെള്ളക്കാരിലെത്തിച്ചത്. ഒരു തരത്തിൽ പറഞ്ഞാൽ ആങ്ങള ചത്താലും നാത്തൂന്റെ ദുഃഖത്തിൽ ഹരം പകരുന്ന കാടത്തം. ഇതിനു പ്രധാന കാരണം ദേശീയ ബോധമില്ലായ്മയാണ്. അക്കാലത്ത് അതിനുള്ള സൗമ്യതയും കുറവായിരുന്നു. ഇന്ത്യയെപ്പോലൊരു രാജ്യം ലോകത്ത് വേറെയില്ലെന്നുള്ളതാണ് വസ്തുത. എണ്ണിയാലൊടുങ്ങാത്ത ജാതികൾ, മതങ്ങൾ, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, ഭാഷകൾ. ഒപ്പം നിരക്ഷരതയും മേമ്പൊടിക്ക് പരസ്പരം അംഗീകരിക്കാൻ തയ്യാറാകാത്ത മനഃസ്ഥിതിയും. പിന്നെങ്ങനെ രാജ്യം വികസിക്കും? രാഷ്ട്രബോധം വരും?
''ഭാരതം എന്റെ രാഷ്ട്രം" എന്ന ബോധമുണ്ടാകണമെങ്കിൽ, അതിൽ അഭിമാനം കൊള്ളണമെങ്കിൽ ദേശീയബോധം ഉള്ളിൽ വിളങ്ങണം. അതിനാകട്ടെ, രാജ്യവാസികൾക്കൊക്കെ മനസിലാകുന്ന ഒരു ഭാഷയുണ്ടാകണം. അമേരിക്കയിലായാലും റഷ്യയിലായാലും ബ്രിട്ടനിലായാലും ചൈനയിലായാലും അവർക്കെല്ലാം ഒരു മാതൃഭാഷയുണ്ട്. അല്ലറചില്ലറ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽപ്പോലും നമുക്ക് അതില്ല. പ്രധാനമന്ത്രി ഹിന്ദിയിൽ സംസാരിച്ചാലാണ് ഏറ്റവും കൂടുതലാളുകൾക്ക് മനസിലാകുക. ശതമാനക്കണക്കിൽ, ഇതുപോലും അത്ര മെച്ചമല്ല. രാഷ്ട്രപതി ഇംഗ്ളീഷിൽ സംസാരിച്ചാൽ അഞ്ച് ശതമാനത്തിലധികം ജനങ്ങൾക്ക് മനസിലാകില്ല. അപ്പോൾ തമ്മിൽ ഭേദം ഹിന്ദിയാണ്.
അതിനാലാണ് ഹിന്ദി ദേശീയഭാഷയായി അംഗീകരിച്ചിട്ടുള്ളതും. ഇന്ത്യ സ്വതന്ത്രയായപ്പോൾ ആദ്യം ചെയ്തതും ഒരിണക്കു ഭാഷയുണ്ടാക്കുകയെന്നുള്ളതായിരുന്നു, എല്ലാ അർത്ഥത്തിലും അങ്ങനെയാണ് ഹിന്ദിയെ ദേശീയഭാഷയായി രാഷ്ട്രം അംഗീകരിച്ചതും. അങ്ങനെയാണ് ത്രിഭാഷാ - ഹിന്ദി , ഇംഗ്ളീഷ് , മാതൃഭാഷ - പദ്ധതി രാജ്യത്ത് നിലവിൽ വന്നതും. രാജ്യവാസികൾ അതംഗീകരിക്കുകയും അതുവഴി പാഠ്യപദ്ധതി തുടർന്നു വരികയുമാണ്. തമിഴ്നാട്ടിൽ മാത്രമാണ്, ഇടയ്ക്കിടെ വോട്ടുരാഷ്ട്രീയത്തിന്റെ പേരിൽ ഹിന്ദി ബഹിഷ്കരണ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നതും. ഈയിടെയും അത്തരം ഒരനാവശ്യ സമരം തമിഴ്നാട്ടിലുണ്ടായി. പ്രശ്നം, കോൺഗ്രസിന്റെ പരമാചാര്യയായ പരിശുദ്ധ സോണിയാഗാന്ധിയുടെ ഹിന്ദിവിരുദ്ധ ദേശ വിരുദ്ധ താക്കീതാക്രോശമാണ് ' ലോക്സഭയിലെ സത്യപ്രതിജ്ഞ വേളയിൽ, രണ്ടാമതായി അത് നിർവഹിക്കാനുള്ള അവസരം കോൺഗ്രസിലെ കൊടിക്കുന്നിൽ സുരേഷിനായിരുന്നു. അദ്ദേഹം ഹിന്ദിയിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ഹിന്ദിയിലുള്ള സത്യപ്രതിജ്ഞ കേട്ട് ഭരണ-പ്രതിപക്ഷ അംഗങ്ങൾ ആവേശത്തോടെ ഡസ്കിലടിച്ചു. ആഹ്ളാദം പങ്കുവച്ചു. ഹിന്ദി സംസാരിക്കുന്ന ഭൂരിപക്ഷം എം.പിമാരുടെയിടയിൽ, മലയാളിയായ ഒരു എം.പി, അതും ദക്ഷിണേന്ത്യയിൽ നിന്നുള്ള എം.പി, ഹിന്ദിയിൽ സംസാരിക്കുന്നതു കേട്ടതിലുള്ള അത്യാഹ്ളാദം. പ്രധാനമന്ത്രി കേരളത്തിലെത്തി മലയാളത്തിൽ നാല് വാക്കുകൾ പറയുമ്പോഴുള്ള ഒരനുഭൂതി. പക്ഷേ, ആഹ്ളാദത്തിന്റെ ആരവം നിലയ്ക്കുന്നതിനു മുൻപുതന്നെ, കോൺഗ്രസ് കമ്പനിയുടമയായ സോണിയാഗാന്ധി, കൊടിക്കുന്നിലിനെ താക്കീതു ചെയ്തുകണ്ടു !
''താനെന്തിന് ഹിന്ദിയിൽ സത്യപ്രതിജ്ഞ ചെയ്തു? "കൊടിക്കുന്നിൽ സുരേഷ് വല്ലാതെയായി. എന്താണിങ്ങനെ താക്കീത് ചെയ്യാൻ സോണിയയെ പ്രേരിപ്പിച്ചത്? ദേശസ്നേഹം കാണിക്കാനാണല്ലോ കൊടിക്കുന്നിൽ ദേശീയഭാഷയിൽ സത്യപ്രതിജ്ഞ ചെയ്തത്. എന്നാൽ അത്രയൊന്നും ദേശസ്നേഹം കാണിക്കേണ്ടെന്നല്ലേ സോണിയയുടെ ഈ താക്കീതിനർത്ഥം. മുട്ടുശാന്തിയ്ക്കായി എന്തേ മാതൃഭാഷയിൽ സത്യപ്രതിജ്ഞ ചെയ്തില്ലെന്നുള്ള ചോദ്യവും! അതോടെ ഹിന്ദി കാണാതെ പഠിച്ചു തയ്യാറായി വന്ന കോൺഗ്രസ് എം.പിമാരെല്ലാം അതുപേക്ഷിച്ചു. ദേശീയ ഭാഷ മൂർത്താബാദ്!
സോണിയയുടെ ഈ മുടന്തൻ ന്യായം ശരിയാകണമെങ്കിൽ രാഹുൽഗാന്ധിയും ഹിന്ദിയിലല്ലേ സത്യപ്രതിജ്ഞ ചെയ്യേണ്ടിയിരുന്നത് ? രാഹുലിന്റെ മാതൃഭാഷ ഇംഗ്ളീഷല്ലല്ലോ? സോണിയയുടെ കാര്യം നോക്കേണ്ട! അവരുടെ മാതാവും മാതൃഭാഷയും ദേശീയഭാഷയും ഒന്നും തന്നെ ഇന്ത്യയിലല്ലല്ലോ! ഈ താക്കീതിന്റെ പിന്നിൽ മറ്റൊന്നുകൂടിയുണ്ട്. കൊടിക്കുന്നിൽ സുരേഷിന് കിട്ടിയ നിലയ്ക്കാത്ത കൈയടി സോണിയയെ അലോസരപ്പെടുത്തിയിട്ടുണ്ടാകും! പക്ഷേ, ഇതെല്ലാം കണ്ടും കേട്ടും വെള്ളം തൊടാതെ വിഴുങ്ങുന്ന കോൺഗ്രസ് നേതാക്കളുടെ അവസ്ഥയാണ് ദയനീയം!
രാഷ്ട്രത്തിന്റെ നിയമ നിർമ്മാണ സഭയിൽ ദേശീയ ഭാഷയിൽ സത്യപ്രതിജ്ഞചെയ്ത ഒരംഗത്തെ അടുത്ത നിമിഷത്തിൽ കർക്കശമായ ഭാഷയിൽ അതിന്റെ പേരിൽ താക്കീത് ചെയ്യാൻ കരളുറപ്പോടെ തയ്യാറാകുന്ന ഒരു നേതാവ് മറ്റേതെങ്കിലും രാജ്യത്തുണ്ടാകുമെന്ന് തോന്നുന്നില്ല. ഇന്ത്യയിൽ ഇതും ഇതിനപ്പുറവും നടക്കും. രാജ്യത്തെ 'തുക്കടാ തുക്കടാ" ആക്കുമെന്ന് ആക്രോശിക്കുന്ന രാജ്യദ്റോഹികൾക്കുപോലും സിന്ദാബാദ് വിളിക്കുന്ന ഒരു വിപ്ലവ ജനാധിപത്യബോധം ജനങ്ങളിൽ സംക്രമിപ്പിക്കാനാണല്ലോ നമ്മിൽ പലരും ശ്രമിച്ച് പരാജയപ്പെട്ടതും! അതിന്റെ ബാക്കിപത്രമാണീ താക്കീതും! അബദ്ധമായിപ്പോയി എന്ന പുനർചിന്തയിലാണോ സോണിയ ഹിന്ദിയിൽ സംസാരിച്ചത്... ആർക്കറിയാം..?