ff

നെയ്യാറ്റിൻകര: തൊഴുക്കലിലെ വാട്ടർ ടാങ്കിലേക്ക് വെളളമെത്തിക്കുന്ന കാളിപ്പാറ കുടിവെളള പദ്ധതിയുടെ പൈപ്പ് പൊട്ടിയിട്ട് ഒരാഴ്ചയായിട്ടും നടപടിയെടുക്കുന്നില്ലെന്ന് പരാതി. കഴിഞ്ഞ ദിവസങ്ങളിൽ പൊട്ടിയ പൈപ്പിൽനിന്നുള്ള വെളളത്തിന്റെ ചോർച്ച കുറവായിരുന്നെങ്കിലും ഞായറാഴ്ച വൈകിട്ടോടെ കുടിവെളളം കുത്തിയൊലിച്ച് റോഡും സമീപത്തെ ചാലുകളും നിറഞ്ഞു. ഇന്നലെ രാവിലെ തൊഴുക്കൽ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ എക്സിക്യൂട്ടിവ് എൻജിനിയറെ ബന്ധപ്പെട്ടെങ്കിലും 3 ദിവസം കൂടി ചോർച്ച ഉണ്ടാകുമെന്ന മറുപടിയാണ് ലഭിച്ചത്. അറ്റകുറ്റപ്പണികൾ നടക്കണമെങ്കിൽ മൂന്ന് ദിവസം പമ്പിംഗ് നിറുത്തിവയ്ക്കേണ്ടി വരും. വാട്ടർടാങ്ക് പരിസരത്തെ വീടുകളും റോഡും കുത്തിയൊലിച്ച വെളളകെട്ടിലാണിപ്പോൾ. ചെമ്പരത്തിവിള - തൊഴുക്കൽ റോഡിലൂടെ കുത്തിയൊലിക്കുന്ന ജലം കാട്ടാക്കട നെയ്യാറ്റിൻകര റോഡിലെത്തിയതോടെ റോഡ് പൂർണമായും തകരുന്ന അവസ്ഥയിലാണ്. ചാലുകളിലും റോഡിലുമായി ഒഴുകുന്ന ജലം നിലവിൽ രണ്ട് കിലോമീറ്റർ പിന്നിട്ട് ആശുപത്രി ജംഗ്ഷൻ വരെ എത്തിയിട്ടുണ്ട്. പ്രതിഷേധം കനത്തതോടെ വാട്ടർ അതോറിട്ടി വാൽവ് അടച്ച് ചോരുന്ന വെളളത്തിന്റെ അളവിൽ കുറവ് വരുത്തിയിട്ടുണ്ട്.