തിരുവനന്തപുരം: മുന്നണിയിൽ നിന്ന് ശക്തമായ പ്രതിഷേധമുയർന്നതോടെ തിരുവനന്തപുരത്തും കൊച്ചിയിലും മജിസ്റ്റീരിയൽ അധികാരങ്ങളോടെ പൊലീസ് കമ്മിഷണറേറ്റ് രൂപീകരിക്കാനുള്ള തീരുമാനം നടപ്പാക്കിയേക്കില്ല. 2013 ജനുവരിയിൽ യു.ഡി.എഫ് മന്ത്രിസഭ രണ്ടുവട്ടം തീരുമാനമെടുത്തിട്ടും എതിർപ്പിനെത്തുടർന്ന് ഉപേക്ഷിച്ചിരുന്ന ആശയമാണ് മുഖ്യമന്ത്രി പൊടിതട്ടിയെടുത്ത് ഒപ്പിട്ടത്. രണ്ടാഴ്ചയോളമായിട്ടും വിജ്ഞാപനമിറക്കാനായില്ല. ഫലത്തിൽ 21 വർഷം അനുഭവപരിചയമുള്ള രണ്ട് ഐ.ജിമാരെ ഡി.ഐ.ജിമാരുടെ കസേരയിൽ ഇരുത്തിയെന്നതിനപ്പുറം ഒരു പരിഷ്‌കാരവും നടന്നില്ല. ഈ ഐ.ജി തസ്തികകൾക്ക് കേന്ദ്രാനുമതി ലഭിക്കില്ലെന്നതിനാൽ എല്ലാവർഷവും പുതുക്കിക്കൊണ്ടിരിക്കണം.
നാലു ജില്ലകളുടെ പൊലീസ് മേൽനോട്ടം വഹിച്ചിരുന്ന ഐ.ജിമാരെ പകുതി ജില്ലയുടെ ചുമതലയിലേക്ക് ഒതുക്കിയതിൽ ഉന്നത ഉദ്യോഗസ്ഥരും അതൃപ്തരാണ്.
കമ്മിഷണറേറ്റ് രൂപീകരിക്കണമെങ്കിൽ ഐ.ജിക്ക് കളക്ടറുടെ അധികാരങ്ങൾ നൽകിയാൽ മാത്രം പോരാ. കൂടുതൽ അസി. കമ്മിഷണർ, ഇൻസ്പെക്ടർ തസ്തികകൾ സൃഷ്ടിക്കേണ്ടിവരും. ഇത് അധിക സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കും.
ഗുണം
1)കമ്മിഷണറേറ്റാവുന്നതോടെ പൊലീസിംഗ് മെച്ചപ്പെടും. കൂടുതൽ ഉദ്യോഗസ്ഥരുണ്ടാവും
2)തീവ്രവാദികളെ അമർച്ചചെയ്യാനും തീരസുരക്ഷയ്ക്കുമെല്ലാം പ്രത്യേക വിഭാഗങ്ങളുണ്ടാകും
3)ഗുരുതര കുറ്റകൃത്യങ്ങൾ നേരിടാൻ 2 നഗരങ്ങളിലും കേന്ദ്രീകൃത സംവിധാനമുണ്ടാകും
4)കളക്ടർമാർ തീരുമാനമെടുക്കാത്തതിനാൽ ഗുണ്ടകൾ ജാമ്യത്തിലിറങ്ങി കുറ്റം തുടരുന്നത് തടയാം
ദോഷം
1)പൊലീസിന്റെ മേൽനോട്ടത്തിന് സിവിൽ അതോറിട്ടിയില്ലെങ്കിൽ അധികാരദുർവിനിയോഗമുണ്ടാകാം
2)കളക്ടർമാർ ഗുണ്ടാനിയമം ചുമത്തുന്നത് പ്ലീഡർമാരുടെയടക്കം അഭിപ്രായം തേടിയശേഷമാണ്
3)സ്വമേധയാ വെടിവയ്ക്കാൻ അധികാരം നൽകിയാൽ മനുഷ്യാവകാശലംഘനം ഉണ്ടാകാം
4)കെട്ടിട ലൈസൻസിംഗ്, പാർക്കിംഗ് സർട്ടിഫിക്കേഷൻ, ആയുധലൈസൻസ് എന്നിവ അഴിമതിക്കിടയാക്കും
മുഖ്യമന്ത്രി പറയുന്നത്
മജിസ്റ്റീരിയൽ അധികാരം കളക്ടറുടെ കൈയിൽ നിലനിറുത്തിയാണ് കമ്മിഷണറേറ്റ് നടപ്പാക്കേണ്ടത്. മജിസ്റ്റീരിയൽ അധികാരത്തിൽ മാത്രമല്ല തർക്കം. നടപ്പാക്കുമ്പോൾ ഐ.പി.എസുകാർക്കുകൂടി മജിസ്റ്റീരിയൽ അധികാരം നൽകേണ്ടിവന്നേക്കാം. അതിനർത്ഥം കമ്മിഷണറേറ്റ് നടപ്പാക്കിയെന്നല്ല.
രമേശ് ചെന്നിത്തല
പ്രതിപക്ഷ നേതാവ്
''മജിസ്റ്രീരിയൽ അധികാരം ഇരുതലമൂർച്ചയുള്ള വാളാണ്. സമൂഹത്തിൽ അരാജകത്വമുണ്ടാക്കും. രഹസ്യമായി നടപ്പാക്കേണ്ട കാര്യമല്ല''