ബാലരാമപുരം: ബാലരാമപുരം പഞ്ചായത്തിലെ ഐത്തിയൂർ നേതാജി സ്കൂൾ റോഡിലെ യാത്രാദുരിതത്തിനെതിരെ പരാതിയുമായി നാട്ടുകാർ രംഗത്ത്. സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡ് പൊട്ടിപ്പൊളിഞ്ഞിട്ട് ഒരു വർഷത്തോളമായെങ്കിലും അധികൃതർ കണ്ട ഭാവം നടിക്കുന്നില്ലെന്നാണ് ആക്ഷേപം. ഇടറോഡായതിനാൽ നവീകരണത്തിന് തുച്ഛമായ ഫണ്ട് മാത്രമാണ് പഞ്ചായത്ത് അനുവദിക്കുന്നത്. എന്നാൽ നവീകരിച്ച് ഒരു വർഷം പോലും ആവും മുമ്പേ റോഡ് പൊട്ടിപ്പൊളിയുന്നത് പതിവാകുകയാണെന്നാണ് നാട്ടുകാരുടെ പരാതി. റോഡിന്റെ ഒരു ഭാഗത്ത് മാത്രം ഓടനിർമ്മിച്ചിരിക്കുന്നതിനാൽ വെള്ളക്കെട്ട് രൂപപ്പെട്ട് ടാർ ഒലിച്ചുപോയാണ് റോഡ് തകരുന്നത്. റോഡിന്റെ സുരക്ഷിതത്വം ഉറപ്പ് വരുത്താതെയാണ് ടാറിംഗ് നടത്തി കരാറുകാരൻ മുങ്ങുന്നതെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടാലും പരിഹാരനടപടി സ്വീകരിക്കുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. നേരത്തെ സ്വകാര്യവാഹനങ്ങൾ ഇതുവഴി സർവീസ് നടത്തിയിരുന്നെങ്കിലും റോഡ് പൊട്ടിപ്പൊളിഞ്ഞതോടെ നിറുത്തലാക്കുകയായിരുന്നു. ചാമവിള, ഐത്തിയൂർ വാർഡിൽ ഉൾപ്പെടുന്ന സ്ഥലമാണ് നേതാജി സ്കൂൾ റോഡ്. പള്ളിച്ചൽ, പെരിങ്ങമല, ഭഗവതിനട തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകാൻ കഴിയുന്ന പ്രധാന ഉപറോഡ് കൂടിയാണ് ഇത്. നേമം ബ്ലോക്ക് മെമ്പർ എസ്.വീരേന്ദ്രകുമാർ, ഐത്തിയൂർ വാർഡ് മെമ്പർ വി.എസ്.വിനോദ്, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ആനന്ദകുമാർ എന്നിവരുടെ ഇടപെടലിനെ തുടർന്ന് കോവളം എം.എൽ.എ അഡ്വ. എം.വിൻസെന്റ് വെള്ളപൊക്ക ദുരിതാശ്വാസപദ്ധതിൽ ഉൾപ്പെടുത്തി റോഡിന്റെ നവീകരണത്തിന് അഞ്ച് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ ആഗസ്റ്റിൽ ഉണ്ടായ വെള്ളപ്പൊക്കത്തിലാണ് റോഡ് പൂർണമായും തകർന്നത്. കൂടാതെ വീടുകളിൽ വെള്ളം കയറി നാശനഷ്ടവും സംഭവിച്ചിരുന്നുഐത്തിയൂർ നേതാജി സ്കൂൾ റോഡ് അടിയന്തരമായി നവീകരിച്ച് യാത്രക്ലേശം പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. റോഡിന്റെ ഇരുഭാഗത്തും ഓടനിർമ്മിച്ചാൽ മാത്രമേ വെള്ളക്കെട്ടിന് പരിഹാരം കാണാൻ സാധിക്കുകയുള്ളൂ. മഴ തുടർച്ചയായി പെയ്യുന്ന സാഹചര്യത്തിൽ മെറ്റൽ പാകി അപകടക്കുഴികൾ നികത്തി താത്കാലിക പരിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.