തിരുവനന്തപുരം: നഗരത്തിലെ ഹോട്ടൽ ഭക്ഷണത്തിന്റെ നിലവാരം ഉറപ്പാക്കാൻ സുഭോജനം എന്ന പേരിൽ നഗരസഭ പദ്ധതി നടപ്പാക്കുന്നു. ആദ്യഘട്ടമെന്ന നിലയിൽ ഇന്നലെ നഗരത്തിൽ ഹെൽത്ത് സ്ക്വാഡ് വ്യാപക പരിശോധന നടത്തി. 4 സ്ക്വാഡുകളായി തിരിഞ്ഞ് 52 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്.
വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച 3 ഹോട്ടലുകൾ താത്കാലികമായി പൂട്ടിച്ചു. അപാകതകൾ കണ്ടെത്തിയ 47 എണ്ണത്തിന് നോട്ടീസും നൽകി. മാലിന്യങ്ങൾ തരംതിരിച്ച് കൈകാര്യം ചെയ്യുന്നതിലാണ് പ്രധാനമായും പിഴവ് കണ്ടെത്തിയത്. മാലിന്യം ശാസ്ത്രീയമായി തരംതിരിച്ച് അംഗീകാരമുള്ള ഏജൻസികൾക്ക് മാത്രം കൈമാറണമെന്ന് ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ശ്രീകുമാർ അറിയിച്ചു. ഹെൽത്ത് ഓഫീസർ ഡോ. എ. ശശികുമാർ, ഹെൽത്ത് സൂപ്പർവൈസർമാരായ അജിത്കുമാർ, പ്രകാശ്, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പ്രേംനവാസ്, അനൂപ് റോയ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
നല്ല ഭക്ഷണത്തിന് സുഭോജനം
ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുകയാണ് ലക്ഷ്യം
ആഗസ്റ്റിൽ പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും
ഹോട്ടലുകളിൽ ജോലി ചെയ്യുന്നവർക്ക് പരിശീലനം നൽകി തിരിച്ചറിയൽ കാർഡ് നൽകും.
തിരിച്ചറിയൽ കാർഡ് ഉള്ളവർ മാത്രമെ ഹോട്ടലുകൾ, ബേക്കറികൾ, കാറ്ററിംഗ് യൂണിറ്റുകൾ എന്നിവിടങ്ങളിൽ
ഭക്ഷണ പദാർത്ഥങ്ങൾ കൈകാര്യം ചെയ്യാവൂ.
പരിശീലനത്തിന് മുന്നോടിയായി മെഡിക്കൽ പരിശോധന നടത്തും