തിരുവനന്തപുരം: റോഡ് പുനർനിർമ്മിക്കാൻ 50 ശതമാനം പൊടിച്ച പ്ലാസ്റ്റിക്കുപയോഗിക്കണമെന്ന് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചതായി മന്ത്രി ജി. സുധാകരൻ നിയമസഭയെ അറിയിച്ചു. 288.11 കിലോമീറ്റർ റോഡ് ഈ രീതിയിൽ നിർമ്മിച്ചിട്ടുണ്ട്. ക്ലീൻ കേരള കമ്പനിയാണ് പൊടിച്ച പ്ലാസ്റ്റിക് നൽകുന്നതെന്ന് മഞ്ഞളാംകുഴി അലിയെ മന്ത്രി അറിയിച്ചു. നിർമ്മാണ സാമഗ്രികളുടെ കുറവ് മൂലം കരാറെടുക്കാത്ത സാഹചര്യം സംസ്ഥാനത്തില്ല. എന്നാൽ ആവശ്യമായ അസംസ്കൃത വസ്തുക്കൾ ലഭിക്കാത്തതിനാൽ നിർമ്മാണം വൈകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കെ. രാജൻ, ആർ. രാമചന്ദ്രൻ, ചിറ്രയം ഗോപകുമാർ എന്നിവരെ മന്ത്രി അറിയിച്ചു.
പാലാരിവട്ടം മേൽപ്പാലം ഈ സർക്കാരിന്റെ കാലത്തുതന്നെ സഞ്ചാരയോഗ്യമാക്കും. കേടായ ഭാഗത്ത് പുനർനിർമ്മാണം നടത്തണോ പാലം പൊളിച്ചു പണിയണോ എന്ന കാര്യം വിദഗ്‌ദ്ധ സമിതി റിപ്പോർട്ട് കിട്ടിയ ശേഷം തീരുമാനിക്കും. പാലം നിർമ്മിച്ച ആർ.ഡി.എസ് കമ്പനിയുടെ മറ്റ് നിർമ്മാണങ്ങൾ കുഴപ്പത്തിലാണെന്ന് ആരും പറഞ്ഞിട്ടില്ല. പാലാരിവട്ടം പാലത്തിന് 47 കോടി രൂപയാണ് ടെൻഡർ നിശ്ചയിച്ചിരുന്നതെങ്കിലും 37 കോടിക്ക് പിടിച്ചശേഷം തട്ടിക്കൂട്ടുകയായിരുന്നു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് എൽദോ എബ്രഹാം, പി.കെ. ബഷീർ, രാജു എബ്രഹാം എന്നിവരെ മന്ത്രി അറിയിച്ചു. ജർമ്മൻ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള നിർമ്മാണ രീതി ചേർത്തല - അരൂർ ദേശീയപാതയിലും കണ്ണൂരിലെ ഏതാനും റോഡുകളിലും നടപ്പാക്കും. കൽപ്പറ്റ - നിലമ്പൂർ മലയോര ഹൈവേയിലുൾപ്പെടുന്ന വനമേഖലയിലെ നിർമ്മാണത്തിന് കേന്ദ്രാനുമതി ലഭിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
മലയാളം പഠിപ്പിക്കാത്ത സ്കൂളുകൾ
കാസർകോട്ട് മലയാളം പഠിപ്പിക്കാത്ത 89 സ്കൂളുകളുണ്ടെന്ന് മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു. അദ്ധ്യാപകർ ഇല്ലാത്തതിനാലാണ് ഇവിടെ മലയാളം പഠിപ്പിക്കാത്തതെന്ന് എൻ.എ. നെല്ലിക്കുന്നിലിനെ മന്ത്രി അറിയിച്ചു. ഈ വർഷത്തെ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകൾ ജൂലായ് 15 മുതൽ ഡിജി ലോക്കറിൽ ലഭ്യമാകും. 1585 സ്കൂളുകൾ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്നുണ്ട്.
എല്ലാ ജില്ലകളിലും തിരഞ്ഞെടുത്ത സ്കൂളുകളിൽ ഓട്ടിസം പാർക്ക് നിർമ്മിക്കും. എട്ട് സ്കൂളുകളിൽ ഇതിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചു.
സൗകര്യമില്ലാതെ വില്ലേജ് ഓഫീസുകൾ
മതിയായ സൗകര്യമില്ലാത്ത 510 വില്ലേജ് ഓഫീസുകളുണ്ടെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ അറിയിച്ചു. സ്വന്തമായി കെട്ടിടമില്ലാത്ത 77ഉം കക്കൂസില്ലാത്ത എട്ടും വില്ലേജ് ഓഫീസുകളുണ്ട്. ഈ സർക്കാർ 196.0017 ഹെക്ടർ മിച്ചഭൂമി ഏറ്റെടുത്തിട്ടുണ്ടെന്ന് അനൂപ് ജേക്കബിനെ മന്ത്രി അറിയിച്ചു. 10.203 ഹെക്ടർ മിച്ചഭൂമി ഭൂരഹിതർക്ക് നൽകി.
മത്സ്യത്തൊഴിലാളികൾക്കുള്ള സമാശ്വാസ പദ്ധതികളിലെ കേന്ദ്ര വിഹിതം മൂന്ന് വർഷമായി മുടങ്ങിക്കിടക്കുകയാണെന്നും ആനുകൂല്യങ്ങൾ മുടങ്ങാതിരിക്കാൻ കേന്ദ്രവിഹിതംകൂടി സംസ്ഥാനമാണ് അടയ്ക്കുന്നതെന്നും മന്ത്രി മേഴ്‌സിക്കുട്ടിഅമ്മ പറഞ്ഞു.