ആറ്റിങ്ങൽ: ആസാം സർക്കാരിന്റെ ലോക്കൽ ഫണ്ട് ഓഡിറ്റിൽ നിന്നും ഡെപ്യൂട്ടി ഡയറക്ടർ ചിത്തരഞ്ജൻ ബിശ്വാസിന്റെ നേതൃത്വത്തിലുള്ള ഓഡിറ്റ് സംഘം മുദാക്കൽ ഗ്രാമപഞ്ചായത്ത് സന്ദർശിച്ചു.ഓഡിറ്റ് പരിശോധന സംബന്ധിച്ച പഠനത്തിന്റെ ഭാഗമായാണ് സംഘത്തിന്റെ സന്ദർശനം. കേരള സ്റ്റേറ്റ് ഓഡിറ്റ് ഡയറക്ടർ ഡി. സാങ്കി, ജോയിന്റ് ഡയറക്ടർ മുഹമ്മദ് നിസാർ, ഡെപ്യൂട്ടി ഡയറക്ടർ ഷാജഹാൻ, ഓഡിറ്റ് ഓഫീസർ മുഹമ്മദ് സലിം തുടങ്ങി പത്തോളം ഉദ്യോഗസ്ഥരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു. പഞ്ചായത്തിലെ വിവിധ നിർവഹണ ഉദ്യോഗസ്ഥരെ വിളിച്ച് ചേർത്ത് പ്രവർത്തനങ്ങളും ഓഡിറ്റ് സംവിധാനവും വിലയിരുത്തി.പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ വിശദമായി സംഘം പഠനവിധേയമാക്കി. പഞ്ചായത്ത് പ്രസിഡന്റ് വിജയകുമാരി, സെക്രട്ടറി രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും ചേർന്ന് ടീമിനെ സ്വീകരിച്ചു. പഞ്ചായത്തിന്റെ ഘടകസ്ഥാപനങ്ങളും സംഘം സന്ദർശിച്ചു.