erachi

വിതുര: തൊളിക്കോട് പഞ്ചായത്തിൽ മാലിന്യനിക്ഷേപം രൂക്ഷമാകുന്നു. പ്രധാന റോഡുകളുടെ വശങ്ങളിൽ ഉൾപ്പെടെ ഇറച്ചിവില്പനശാലകളിൽ നിന്നുള്ള മാലിന്യങ്ങൾ ചാക്കുകളിലും, പ്ലാസ്റ്റിക് കവറുകളിലും നിറച്ച് രാത്രികാലങ്ങളിൽ വലിച്ചെറിയുകയാണ്. മാലിന്യം അഴുകി അസഹ്യമായ ദുർഗന്ധം വമിക്കുന്നതിനാൽ ഇതുവഴി നടക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇറച്ചി വേസ്റ്റുകൾ കാക്കയും മറ്റും കൊത്തി വലിച്ച് കിണറുകളിൽ കൊണ്ടിടുന്നതായും നാട്ടുകാർ പരാതിപ്പെടുന്നു. മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ അനവധി തവണ അധികാരികൾക്ക് പരാതി നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചിട്ടില്ല. മാലിന്യനിക്ഷേപ കേന്ദ്രങ്ങളിൽ സി.സി ടിവി കാമറകൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും അതും വെറും വാഗ്ദാനം മാത്രമായി. നിലവിൽ പഞ്ചായത്തിൽ പനി ഉൾപ്പെടെയുള്ള രോഗങ്ങൾ വ്യാപിക്കുകയാണ്.

കിണറുകളിൽ വരെ ഇറച്ചി വേസ്റ്റ്

ആനപ്പെട്ടി വാർഡിലെ പോങ്ങുംമൂട്ടിൽ രണ്ട് കിണറുകളിൽ ഇറച്ചി വേസ്റ്റ് നിക്ഷേപിച്ച് കുടിവെള്ളം മലിനമാക്കി. പോങ്ങുംമൂട് റാഫിയുടെയും പനത്തറ അഷ്റഫിന്റെയും കിണറുകളിലാണ് പോത്തിന്റെയും കാളയുടെയും കുടലുകൾ ഉൾപ്പെടെയുള്ള മാലിന്യം നിക്ഷേപിച്ചത്. നെറ്റ് അടിച്ച് ഭദ്രമാക്കിയ കിണറ്റിലെ വെള്ളം വീട്ടുകാർ ഉപയോഗിച്ച് വരികയായിരുന്നു. ഇന്നലെ രാവിലെ വെള്ളത്തിന് അസഹ്യമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് കിണർ പരിശോധിച്ചപ്പോഴാണ് വൻ തോതിൽ മാലിന്യം നിക്ഷേപിച്ചിരിക്കുന്നതായി കണ്ടത്. പഞ്ചായത്ത് പ്രസിഡന്റ് ഷംനാ നവാസ്, തൊളിക്കോട് ഹെൽത്ത് ഇൻസ്പെക്ടർ ബാദുഷ എന്നിവരും വിതുര പൊലീസും സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. തൊളിക്കോട് മേഖലയിൽ നിരവധി അനധികൃത ഇറച്ചി വില്പനകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതായും ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തു.

സമരം നടത്തും

വർദ്ധിച്ചു വരുന്ന മാലിന്യനിക്ഷേപം തടയാൻ സത്വര നടപടികൾ സ്വീകരിക്കണമെന്നും, പഞ്ചായത്തിനെ മാലിന്യമുക്തമാക്കാൻ നടപടിയെടുക്കണമെന്നും തൊളിക്കോട് പഞ്ചായത്ത് തേവൻപാറ വാർഡംഗം എൻ.എസ്.ഹാഷിം ആവശ്യപ്പെട്ടു. അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ പഞ്ചായത്ത് ഉപരോധം ഉൾപ്പെടെയുള്ള സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും ഹാഷിം അറിയിച്ചു.