കെ. ആർ. ഗൗരിഅമ്മ ജീവിച്ച ഒരുനൂറ്റാണ്ട് കേരള രാഷ്ട്രീയ ചരിത്രത്തിന്റെ ഒരു നൂറ്റാണ്ട് കൂടിയാണ്. കേരളവും ദേശീയ രാഷ്ട്രീയവും ഇന്ന് എത്തിനിൽക്കുന്ന ദിശാസന്ധിയിൽ നിന്ന് തിരിഞ്ഞു നോക്കുമ്പോൾ ഗൗരിഅമ്മ പിന്നിട്ട വഴികൾ ഉത്തരം കിട്ടാത്ത ഒട്ടനവധി ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. രാഷ്ട്രീയത്തിൽ നിന്ന് വേർപെടുത്തി ഗൗരിഅമ്മയെക്കുറിച്ച് ചിന്തിക്കാനുമാകില്ല. അത്രയ്ക്ക് സങ്കീർണമായ ഒരു രാഷ്ട്രീയ സമസ്യയായിരുന്നല്ലോ ആ ജീവിതം. കേരളം ഭ്രാന്താലയമെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന കാലത്ത് ആലപ്പുഴയിലെ പട്ടണക്കാട്ടുള്ള പുരാതന ഈഴവ കുടുംബത്തിൽ 1919 ജൂലായ് മാസം പതിനാലാം തീയതിയാണ് ഗൗരിഅമ്മ ജനിച്ചത്. മിഥുനമാസത്തിലെ തിരുവോണമായിരുന്നു നക്ഷത്രം.
അന്ന് അവിടുത്തെ ഈഴവ തറവാടുകളിൽ പിറന്നു വീഴുന്ന പെൺകുട്ടികളുടെ ദുരവസ്ഥകൾ ഗൗരിഅമ്മയ്ക്കുണ്ടായില്ല. ജനിച്ച തറവാടിന്റെ പ്രതാപവും, സാമ്പത്തികവും ആ കുട്ടിയുടെ വളർച്ചയ്ക്ക് താരാട്ടു പാടി. നാട്ടിൽ തന്നെ മികച്ച സ്കൂൾ വിദ്യാഭ്യാസം ലഭിച്ചു. എറണാകുളം മഹാരാജാസിലും, സെന്റ് തെരാസാസിലുമായി ബിരുദപഠനം പൂർത്തിയാക്കി. ബിരുദധാരിയായ ഗൗരിഅമ്മയ്ക്ക് മുന്നിൽ കടുത്ത ചില ചോദ്യങ്ങളാണുയർന്നത്. ഉപരിവിദ്യാഭ്യാസം വേണമെങ്കിൽ നാടുവിടേണ്ടി വരും. പുന്നപ്ര - വയലാർ ഇതിനകം തന്നെ ചുവന്നു തുടങ്ങിയിരുന്നു. അതിന്റെ ചുവന്ന കിരണങ്ങൾ ഗൗരിഅമ്മയിലും വീശി. ക്വിറ്റ് ഇന്ത്യാ സമരം ദേശീയ രാഷ്ട്രീയത്തിൽ കൊടുമ്പിരി കൊള്ളുമ്പോൾ തിരുവനന്തപുരം ലാ കോളേജിലെ നിയമവിദ്യാർത്ഥിനിയായിരുന്നു ഗൗരിഅമ്മ. ക്വിറ്റ് ഇന്ത്യാ സമരവും, പുന്നപ്ര വയലാറും അവരെ ജന്മനാട്ടിലേക്ക് മാടി വിളിച്ചു. നിയമപഠനത്തിനു ശേഷം ചേർത്തല കോടതികളിൽ അഭിഭാഷകയായി എത്തുന്നത് പുന്നപ്ര വയലാറിന്റെ ചോരവീണ മണ്ണിലൂടെയാണ്. ആ കനൽ വഴികളിലൂടെയുള്ള സംഭവബഹുലമായ യാത്രകളിലൂടെയാണ് ഗൗരിഅമ്മ ജന്മശതാബ്ദിയിലെത്തിയത്. 1952 ൽ തിരുകൊച്ചി നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുമ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയാക്കിയത് ഗൗരിഅമ്മയെയാണ്.
അന്ന് നേടിയ വൻഭൂരിപക്ഷം 1954 ലെ തിരഞ്ഞെടുപ്പിലും ഗൗരിഅമ്മ ആവർത്തിച്ചു. ഐക്യകേരള രൂപീകരണ ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ ചേർത്തല മണ്ഡലത്തിൽ മറ്റൊരു പേരും കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് നിർദ്ദേശിക്കാനുണ്ടായിരുന്നില്ല. അന്നു മുതൽ പലവട്ടം ചേർത്തല, അരൂർ മണ്ഡലങ്ങളിൽ നിന്നായി വൻഭൂരിപക്ഷത്തിൽ ഗൗരിഅമ്മ തിരഞ്ഞെടുക്കപ്പെട്ടു. സംഭവബഹുലവും, ചരിത്രത്തിന്റെ ഭാഗവുമായ 16345 ദിവസത്തെ നിയമസഭാ പ്രവർത്തനത്തിലൂടെ കേരളം കണ്ട ഏറ്റവും പ്രഗല്ഭയായ ഭരണാധികാരിയും, നിയമസഭാ സാമാജികയുമായി. കേരള മന്ത്രിസഭയിൽ 57, 67, 80, 87, 2001 വർഷങ്ങളിലായി അഞ്ച് തവണ ഗൗരിഅമ്മ മന്ത്രിയായി. കൈകാര്യം ചെയ്ത വകുപ്പുകളിലെല്ലാം മികവുറ്റ ഭരണം കാഴ്ചവച്ചു. 1991 ൽ കാലാവധി പൂർത്തിയാക്കുന്നതിനു മുമ്പ് നിയമസഭ പിരിച്ചുവിട്ടശേഷം നടന്ന തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് തുടർഭരണം ലഭിച്ചില്ല. കെ. കരുണാകരൻ തന്നെ കേരളത്തിന്റെ മുഖ്യമന്ത്രിയായി. ഇത് ഇടതു മുന്നണിയിലും പ്രത്യേകിച്ച് സി.പി.എമ്മിലും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു. കാലാവധി തീരും മുമ്പ് സർക്കാർ പിരിച്ചുവിടാനുള്ള തീരുമാനം പ്രധാന തർക്കവിഷയമായി. ഇതിൽ ഗൗരിഅമ്മയുടെ നിലപാട് അന്നത്തെ പാർട്ടി സെക്രട്ടറിയായിരുന്ന വി.എസിന് എതിരായിരുന്നു. വി.എസിനൊപ്പം നിന്നിരുന്ന ഗൗരിഅമ്മയും ഈ വിഷയത്തിൽ നിലപാട് മാറ്റിയത് പാർട്ടിക്കുള്ളിൽ ആ കാലത്ത് സജീവ ചർച്ചയായിരുന്നു. പക്ഷേ ഗൗരിഅമ്മയെ പിന്തുണയ്ക്കാൻ പാർട്ടിക്കുള്ളിലെ രാഷ്ട്രീയ സമവാക്യങ്ങൾക്ക് അന്ന് കഴിയാതെ പോയി. അങ്ങനെ 1994 ജനുവരി മാസം ഗൗരിഅമ്മ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്തായി. ഈ പുറത്താക്കലിനെതിരെയുള്ള കേരളത്തിന്റെ പ്രതികരണം ചരിത്രത്തിന്റെ ഭാഗമാണ്. തെക്കൻ കേരളത്തിൽ ഇടതുപക്ഷത്തിന് ഈ നടപടി ഏല്പിച്ച ആഘാതം ചെറുതായിരുന്നില്ല. അതിന്റെ ഭാഗമായി 1994 ൽ രൂപം കൊണ്ട രാഷ്ട്രീയ പ്രസ്ഥാനമാണ് ജനാധിപത്യസംരക്ഷണ സമിതി (ജെ.എസ്.എസ്).
1996 ൽ വീണ്ടും കേരളത്തിൽ ഇടതുപക്ഷ മന്ത്രിസഭ രൂപീകരിക്കുമ്പോൾ ഗൗരിഅമ്മയുടെ അസാന്നിദ്ധ്യവും പ്രതിപക്ഷത്ത് അവരുടെ സാന്നിദ്ധ്യവും ഏറെ ശ്രദ്ധിക്കപ്പെട്ടു. അതിന്റെ തുടർച്ചയാണ് 2001 ൽ അധികാരത്തിൽ വന്ന യു.ഡി.എഫ്. മന്ത്രിസഭയിൽ ഗൗരിഅമ്മയെ അംഗമാക്കിയത്. ഗൗരിഅമ്മയുടെ ജീവിതത്തിൽ അവിസ്മരണീയമായ ഒരു പരിണാമമായിരുന്നു അത്. ജീവിതകാലം മുഴുവൻ ഇഴചേർത്ത ഇടതുപക്ഷവുമായി തെറ്റിപ്പിരിഞ്ഞുള്ള ഒരു രാഷ്ട്രീയ യാത്ര ഗൗരിഅമ്മയ്ക്ക് അസാദ്ധ്യമാണെന്ന് ആ അനുഭവം ബോദ്ധ്യമാക്കി. തന്റെ രാഷ്ട്രീയ ഭൂമി എവിടെയാണെന്ന് ഗൗരിഅമ്മ വീണ്ടും തീരുമാനിക്കുന്നത് 2014 ലാണ്. തുടർന്ന് വലതുപക്ഷ രാഷ്ട്രീയം ഉപേക്ഷിച്ച് ഇടതുപക്ഷവുമായി ചേർന്ന് പ്രവർത്തിക്കാൻ ഗൗരിഅമ്മ തീരുമാനിച്ചു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് എന്നന്നേക്കുമായി വിടപറഞ്ഞ ഗൗരിഅമ്മ വീണ്ടും തന്റെ സ്വന്തം തട്ടകമായ ആലപ്പുഴയിലെത്തി സംഘടനാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നു. ചാത്തനാട്ടുള്ള വസതിയായിരുന്നു പിന്നീടുള്ള ഗൗരിഅമ്മയുടെ ആസ്ഥാനം.
സി.പി.എമ്മിൽ നിന്നും പുറത്താക്കപ്പെട്ടതിനു ശേഷം ഗൗരിഅമ്മയ്ക്ക് രാഷ്ട്രീയ കേരളം നൽകിയ മറ്റൊരു താവളം ജനാധിപത്യസംരക്ഷണസമിതിയാണ്. ജനാധിപത്യസംരക്ഷണസമിതിയുടെ അമരക്കാരിയായി യു.ഡി.എഫിൽ എത്തുമ്പോഴും 2014 ൽ വലതുപക്ഷ രാഷ്ട്രീയത്തോട് വിട പറയുമ്പോഴും ഗൗരിഅമ്മ വെളിപ്പെടുത്തിയ ഒരു രാഷ്ട്രീയ സിദ്ധാന്തമുണ്ട്. ഈ ലേഖനത്തിന്റെ തുടക്കത്തിൽ സൂചിപ്പിച്ച ദേശീയ വെല്ലുവിളികളുമായി ബന്ധപ്പെടുത്തി മാത്രമേ ഈ മനംമാറ്റത്തെ മനസിലാക്കാനാകൂ. കേരളത്തിന്റെ രാഷ്ട്രീയം ജാതി-മതബദ്ധമായിരുന്ന കാലഘട്ടത്തിലാണ് ഗൗരിഅമ്മ തന്റെ പൊതുജീവിതത്തിന് ധീരമായ തുടക്കം കുറിയ്ക്കുന്നത്. പതിറ്റാണ്ടുകൾ നീളുന്ന ആ വെല്ലുവിളിയെ കുറിച്ച് പ്രബുദ്ധ കേരളത്തോട് വിശദീകരിക്കേണ്ടതില്ല. ഇന്നും ആ വെല്ലുവിളി പൂർവാധികം ശക്തിയോട് ഉയർന്നു വരികയാണ്. ഗൗരിഅമ്മയെ ഏറ്റെടുക്കാനുള്ള ഇടതുപക്ഷത്തിന്റെ സ്വപ്നങ്ങൾ ഇനിയും പൂവണിയുന്നില്ല. എവിടെയാണ്? ആർക്കാണ്? പിഴവ് പറ്റിയത്! ഈ ശതാബ്ദി ഓർമ്മിപ്പിക്കുന്ന ഈ കാതലായ ചോദ്യത്തിലേക്ക് വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്നു.
( ലേഖകൻ ജനാധിപത്യസംരക്ഷണസമിതി സംസ്ഥാന സെക്രട്ടറിയാണ് )