തിരുവനന്തപുരം: ആശുപത്രികളുമായി ബന്ധപ്പെട്ട ചികിത്സാപ്പിഴവുകൾ കണ്ടെത്താൻ ഓംബുഡ്സമാൻ മാതൃകയിൽ സ്ഥിരം സംവിധാനം കൊണ്ടുവരുമെന്ന് മന്ത്രി കെ.കെ. ശൈലജ നിയമസഭയിൽ പറഞ്ഞു. നിലവിൽ പ്രത്യേക സമിതിയുണ്ടെങ്കിലും പുറത്തുനിന്നുള്ള വിദഗ്‌ദ്ധർ കൂടിയുള്ളതാവും പുതിയ സംവിധാനമെന്നും ധനാഭ്യർത്ഥന ചർച്ചയ്ക്കുള്ള മറുപടിയിൽ മന്ത്രി വ്യക്തമാക്കി.
കോഴിക്കോട്ട് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചിന്റെ (ഐ.സി.എം.ആർ) അനുമതി ലഭിച്ചു. ഏഴ് കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. വയനാട് മെഡിക്കൽ കോളേജ് ഉപേക്ഷിച്ചിട്ടില്ല. ഇതിനായി 34.85 കോടിയുടെ സഹായം നബാർഡ് നൽകും. മൂന്ന് കോടി അനുവദിച്ചിട്ടുണ്ട്. പ്രളയം കാരണം തുടർ നടപടികൾ വേഗത്തിലായില്ല. പദ്ധതിയുടെ മാസ്റ്റർ പ്ളാൻ തയ്യാറാക്കാൻ ഇൻകലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 420 കോടിയെങ്കിലും വേണ്ടിവരുന്ന പദ്ധതിക്ക് കിഫ്ബിയുടെ സഹായവും തേടും. ഭക്ഷ്യ സുരക്ഷാ പരിശോധനയ്‌ക്കായി ഗവേഷണ സൗകര്യത്തോടെയുള്ള ലാബ് മലബാറിൽ തുടങ്ങും.
എല്ലാ പബ്ളിക് ഹെൽത്ത് സെന്ററുകളിലും മാനസികാരോഗ്യ ചികിത്സയ്‌ക്ക് ആശ്വാസ് ക്ളിനിക്കുകൾ തുടങ്ങും. ടോട്ടൽ ട്രോമാകെയർ പദ്ധതിക്ക് 315 ആംബുലൻസ് വാങ്ങാൻ ടെൻഡർ നൽകി. ആർദ്രം മിഷൻ കൂടുതൽ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കും. മെഡിക്കൽ കോളേജുകളുടെ വികസനത്തിനുള്ള മാസ്റ്റർ പ്ളാനുകൾക്ക് അനുമതി നൽകി. നിപയെ പ്രതിരോധിക്കാൻ പ്രതിപക്ഷമടക്കം എല്ലാവരുടെയും സഹകരണം ലഭിച്ചെന്നും മന്ത്രി പറഞ്ഞു.