navodaya

കിളിമാനൂർ: നാട്ടിൻ പ്രദേശത്തുള്ളവരെ വായനയുടെ ലോകത്തേയ്ക്ക് ആദ്യം കൈപിടിച്ചു ആനയിക്കുന്നത് ഗ്രാമീണ വായനശാലകളാണ്. അതുകൊണ്ട് തന്നെ സാധാരണക്കാരുടെ ജീവിതത്തിൽ വായനശാലകൾക്ക് വൻ പ്രധാന്യവുമുണ്ട്. എന്നാൽ അധികൃതരുടെ അവഗണന മൂലം ചിതലും പായലും കയറി നശിക്കാനാണ് ഇവിടെയൊരു വായന ശാലയുടെ വിധി. അധികൃതരുടെ അവഗണന മൂലം നാശത്തിന്റെ വക്കിലെത്തി നില്ക്കുന്നത് സപ്തതി പിന്നിട്ട മടവൂർ പഞ്ചായത്തിലെ നവോദയ ഗ്രന്ഥശാലയാണ്.1958 - കളിൽ പുരോഗമന ആശയങ്ങളുമായി ഒരു കൂട്ടം ചെറുപ്പക്കാർ നാട്ടുകാരുടെ സഹായത്തോടെ സ്ഥാപിച്ച ഗ്രന്ഥശാല 1960 കളായപ്പോൾ സമീപവാസികളിൽ ഒരാൾ നൽകിയ 3 സെന്റിൻ സ്വന്തം കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു.1980 ൽ പഞ്ചായത്ത് ഏറ്റെടുക്കുകയും ലൈബ്രറി കൗൺസിൽ ഉൾപ്പെടെയുള്ള അംഗത്വവും ഗ്രാന്റും ഒക്കെ ലഭിച്ചും തുടങ്ങി. മടവൂരിന്റെ സാമൂഹിക, സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്ന ഈ ഗ്രന്ഥശാല പി.എസ്.സി കോച്ചിംഗ് സെന്റർ ഒന്നും ഇല്ലായിരുന്ന അക്കാലത്ത് നിരവധി ഉദ്യോഗാർത്ഥികൾക്ക് ഗവൺമെന്റ് ജോലി നേടാൻ സഹായമായി. വൈജ്ഞാനിക മേഖലയിൽ ഉൾപ്പെടെ അറിവ് തേടുന്നവന് ആശ്രയിക്കാൻ പറ്റുന്ന നിരവധി ഗ്രന്ഥങ്ങളും പത്രമാസികകളും കൊണ്ടും സമ്പന്നമായിരുന്ന ഈ ഗ്രന്ഥശാലയുടെ ഇന്നത്തെ അവസ്ഥയിൽ അക്ഷരപ്രേമികൾ വിഷണ്ണരാണ്.