award

തിരുവനന്തപുരം: ഊർജ മേഖലയിൽ ഫലപ്രദമായി പ്രവർത്തിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനും ആദരിക്കുന്നതിനും സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ സംസ്ഥാന അക്ഷയ ഊർജ അവാർഡ് 2018 മന്ത്രി എം.എം. മണി വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. വ്യക്തികൾ ഒഴികെയുള്ള എല്ലാ വിഭാഗങ്ങൾക്കും ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും, വ്യക്തിഗത വിഭാഗത്തിന് അമ്പതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവും, പ്രോത്സാഹന സമ്മാനത്തിന് അർഹരായവർക്ക് ഫലകവും പ്രശസ്തിപത്രവും ലഭിക്കും.
പൊതുസ്ഥാപനങ്ങളിൽ തിരുവനന്തപുരം ടെക്‌നോപാർക്കിനാണ് അവാർഡ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് പ്രശസ്തിപത്രംലഭിക്കും. പാലക്കാട് അഹല്യ ഹെൽത്ത് ഹെറിറ്റേജ് & നോളെഡ്ജ് വില്ലേജ്, കോട്ടയ്ക്കൽ വൈദ്യരത്‌നം പി.എസ്. വാരിയെേഴ്‌സ് ആര്യവൈദ്യശാല എന്നിവർക്ക് പ്രശസ്തിപത്രം ലഭിക്കും.
വിദ്യാഭ്യാസ സ്ഥാപന വിഭാഗത്തിൽ കോളേജ് ഓഫ് എൻജിനിയറിംഗ് തിരുവനന്തപുരം, പാല സെന്റ് ജോസെഫ്‌സ് കോളേജ് ഓഫ് എൻജിനിയറിംഗ് & ടെക്‌നോളജി എന്നിവർക്ക് അവാർഡ് ലഭിച്ചു. ഇടുക്കി രാജകുമാരി ജി.വി.എച്ച്.എസ്.എസ്, അടൂർ ശ്രീ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, എറണാകുളം സെന്റ് തേരേസാസ് കോളേജ് എന്നിവർക്ക് പ്രോത്സാഹന സമ്മാനം ലഭിക്കും.
ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ പാലക്കാട് ഇന്റഗ്രേറ്റഡ് റൂറൽ ടെക്‌നോളജി സെന്ററിന് അവാർഡ് ലഭിച്ചു. എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തിഡ്രലിന് പ്രശസ്തി പത്രം.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കോട്ടയം കാണക്കാരി ഗ്രാമപഞ്ചായത്തും ആലപ്പുഴ തുറവൂർ ഗ്രാമപഞ്ചായത്തും അവാർഡ് പങ്കുവച്ചു.