തിരുവനന്തപുരം : പഴവങ്ങാടിയിലെ ചെല്ലം അംബ്രല്ല മാർട്ടിൽ തീപിടിത്തമുണ്ടായ സംഭവത്തിൽ ഫയർഫോഴ്സ് വിശദമായ അന്വേഷണം വേണമെന്ന് പൊലീസിന് ശുപാർശ നൽകി.

കെട്ടിടത്തിന്റെ ലൈസൻസിനെക്കുറിച്ചും അന്വേഷണം വേണമെന്ന് റീജിയണൽ ഫയർ ഓഫീസർ എം. നൗഷാദിന്റെ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് തുടർ നടപടിക്കായി സിറ്റി പൊലീസ് കമ്മിഷണർക്കു കൈമാറി.

റിപ്പോർട്ടിന്റെ പകർപ്പ് അഗ്നിശമന സേനാ മേധാവി ഡി.ജി.പി എ. ഹേമചന്ദ്രനും നൽകി. സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെയാണ് കട പ്രവർത്തിച്ചതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ചെല്ലം അംബ്രല്ല മാർട്ടിലും സമീപത്തെ സുപ്രീം ഷൂമാർട്ടിലും സുരക്ഷാസംവിധാനങ്ങൾ പാലിച്ചിരുന്നില്ലെന്ന് റിപ്പോർട്ടുണ്ട്.

കെട്ടിടങ്ങൾക്ക് അഗ്നിശമന സേനയുടെ നിരാക്ഷേപ സാക്ഷ്യപത്രം ഇല്ല. ഫയർ അലാറം സംവിധാനവുമില്ല. ഗോഡൗണിനും കെട്ടിടത്തിനും പ്രത്യേകം പ്രത്യേകം അനുമതി ഉണ്ടായിരുന്നില്ല. ഇതൊന്നുമില്ലാതെ കെട്ടിടവും ഗോഡൗണും എങ്ങനെ പ്രവർത്തിച്ചു എന്നത് സംശയാസ്പദമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ചെല്ലം അംബ്രല്ല മാർട്ടിലെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ കടയുടെ പിൻഭാഗത്തു നിന്നോ ഗോഡൗണിൽ നിന്നോ തീ പിടിച്ചതായി സൂചനയുണ്ട്. കെട്ടിടത്തിന്റെ ചുറ്റുപാടും പൂർണമായി കത്തിയതിനാൽ തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. എന്നാൽ കാമറ ദൃശ്യങ്ങളിൽ രാവിലെ 7.15നു കടയ്ക്കുള്ളിൽ പുക കാണുന്നുണ്ടെന്നും അതിൽ നിന്നും രാവിലെ 7 മണിയോടെയാണ് തീ പിടിത്തമുണ്ടായതെന്ന് വ്യക്തമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ചെല്ലത്തിനു 1.2 കോടി രൂപയുടെയും സുപ്രീമിനു 27 ലക്ഷം രൂപയുടെയും നഷ്ടം ഉണ്ടായെന്നാണ് ഉടമസ്ഥർ വ്യക്തമാക്കുന്നത്. കഴിഞ്ഞ മാസം 21നു രാവിലെയാണ് ചെല്ലം അംബ്രല്ല മാർട്ടിൽ അഗ്നിബാധ ഉണ്ടായത്.