തിരുവനന്തപുരം: രണ്ടായി പിളർന്നെങ്കിലും കേരള കോൺഗ്രസ്-എമ്മിൽ തർക്കപരിഹാരത്തിനുള്ള സമവായനീക്കം വീണ്ടും സജീവമാക്കി യു.ഡി.എഫ് നേതൃത്വം. പാർട്ടിലീഡറായി പി.ജെ. ജോസഫിനെയും ചെയർമാനായി സി.എഫ്. തോമസിനെയും അംഗീകരിച്ചാൽ ഇനിയും ഒത്തുതീർപ്പിന് തയ്യാറെന്ന് ഇന്നലെ രാവിലെ നിയമസഭയിലെ പ്രതിപക്ഷ നേതാവിന്റെ മുറിയിൽ നടന്ന കൂടിക്കാഴ്ചയിൽ കോൺഗ്രസ്, ലീഗ് നേതാക്കളോട് ജോസഫ് പക്ഷം വ്യക്തമാക്കി. തുടക്കമെന്ന നിലയിലാണ് ജോസഫ് വിഭാഗവുമായി ഇന്നലെ യു.ഡി.എഫ് നേതൃത്വം ചർച്ച നടത്തിയത്. ജോസ് കെ. മാണിയുമായും ഉടൻ ചർച്ച നടത്തും.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പുറമേ ഉമ്മൻചാണ്ടി, ലീഗ് നേതാവ് എം.കെ. മുനീർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. ജോസഫിനൊപ്പം മോൻസ് ജോസഫുമുണ്ടായിരുന്നു. പ്രകോപനമുണ്ടാക്കാതെ നീങ്ങണമെന്നാണ് പ്രധാനമായും ജോസഫിനോട് നേതാക്കൾ നിർദ്ദേശിച്ചത്. പരസ്പരം സംസാരിച്ച് പ്രശ്നം പരിഹരിക്കുക, അല്ലെങ്കിൽ നിയമപരമായ പരിഹാരമുണ്ടാവട്ടെ എന്നതാണ് സമീപനം. പാലാ ഉപതിരഞ്ഞെടുപ്പ് ഉൾപ്പെടെ മുന്നിൽ നിൽക്കെ, തർക്കം അതിനെയൊന്നും ബാധിക്കരുതെന്ന് നേതാക്കൾ പറഞ്ഞു.
തങ്ങളായിട്ട് കുഴപ്പമുണ്ടാക്കില്ലെന്നും ജോസ് കെ. മാണിയുമായി നേതാക്കൾ സംസാരിക്കുകയാണെങ്കിൽ അതിന് ശേഷം വേണ്ടിവന്നാൽ ഒരുമിച്ചിരിക്കാനും തയ്യാറാണെന്നും പി.ജെ. ജോസഫ് വ്യക്തമാക്കിയതായി അറിയുന്നു.
ജോസ് കെ. മാണിയെ ചെയർമാനായി പ്രഖ്യാപിച്ച് ഒരു വിഭാഗം ഏകപക്ഷീയമായി നീങ്ങിയെന്നാണ് ജോസഫ് പക്ഷത്തിന്റെ ആക്ഷേപം. ഈ നിലയ്ക്ക് ഇനി ഒരുമിച്ച് പോകാനാകുമോയെന്നതിൽ സംശയമുണ്ടെന്നും അവർ ഇന്നലെ ചർച്ചയിലുന്നയിച്ചു. യു.ഡി.എഫിന് ദോഷമാകുന്ന ഒന്നും തങ്ങളുടെ ഭാഗത്ത് നിന്നുണ്ടാവില്ലെന്ന് ജോസഫ് നേതാക്കളോട് വ്യക്തമാക്കി.
പാർട്ടി ലീഡർ പദവി ജോസഫിനും ചെയർമാൻ പദവി സി.എഫ്. തോമസിനും നൽകാമെന്നും വർക്കിംഗ് ചെയർമാൻ സ്ഥാനം ജോസ് കെ. മാണിക്ക് കിട്ടണമെന്നും നേരത്തേ വ്യക്തമാക്കിയിട്ടും ജോസഫ് വഴങ്ങിയില്ലെന്നാണ് ജോസ് പക്ഷത്തിന്റെ ആരോപണം. എന്നാൽ അങ്ങനെയൊരു ഫോർമുല വയ്ക്കാൻ പോയിട്ട് ചർച്ചയ്ക്കേ ജോസ് സന്നദ്ധനായില്ലെന്ന് ജോസഫ് പക്ഷവും പറയുന്നു.
അതേസമയം, നിയമസഭയിൽ ഇന്നലെയും ഒറ്റപ്പാർട്ടിയായി കേരള കോൺഗ്രസ്-എം നീങ്ങിയത് ശ്രദ്ധേയമായി. കോട്ടയത്തെ യോഗത്തിൽ പങ്കെടുത്ത രണ്ട് എം.എൽ.എമാർ പാർട്ടിക്ക് പുറത്തായെന്ന കഴിഞ്ഞദിവസത്തെ പ്രതികരണത്തിൽ ജോസഫ് ഉറച്ചുനിൽക്കുന്നില്ലെന്ന് ഇന്നലെ ശൂന്യവേളയിലെ ഇറങ്ങിപ്പോക്കിലടക്കം വ്യക്തമായി.