തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗം പരിഷ്കരിച്ച് പ്രധാന റോഡിന്റെ സമീപത്തേക്ക് അടുത്തമാസം മാ​റ്റുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്റി കെ.കെ. ശൈലജ നിയമസഭയെ അറിയിച്ചു. അത്യാഹിത വിഭാഗത്തിന്റെ നവീകരണം നടന്നുവരികയാണ്. ട്രോമാകെയർ അപ്പക്‌സ് സെന്റർ എന്ന നിലയിലാണു പുതിയ മാ​റ്റം. 58 കോടിയുടെ വിവിധ പദ്ധതികളാണ് ഇപ്പോൾ നടക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ മുഖച്ഛായ മാ​റ്റുന്ന തരത്തിലുള്ള വികസന പരിപാടികൾ ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കും. മെഡിക്കൽ കോളേജ് ആശുപത്രി കൂടുതൽ രോഗീസൗഹൃദമാക്കാനുള്ള ശ്രമമാണു സർക്കാർ നടത്തുന്നത്. പ്രധാന കവാടം തൊട്ട് അകത്തേക്കുള്ള വഴികളെല്ലാം മെച്ചപ്പെടുത്തും. പാർക്കിംഗിനായി കൂടുതൽ സൗകര്യം ഏർപ്പെടുത്തും.
മെഡിക്കൽ കോളേജ് വരെ വന്നാലും അതിനകത്തേക്കു കടക്കാൻ ഗതാഗതക്കുരുക്കുണ്ടെന്ന പരാതി ഗൗരവത്തോടെയാണു സർക്കാർ കാണുന്നത്. ഇതു കണക്കിലെടുത്താണ് കാമ്പസിലെ റോഡ് സൗകര്യം കൂട്ടാനും അത്യാഹിത വിഭാഗത്തെ പ്രധാന റോഡിന്റെ വശത്താക്കാനും തീരുമാനിച്ചത്. മൾട്ടി ലെവൽ കാർപാർക്കിംഗ് സംവിധാനം ഉൾപ്പെടെ കാമ്പസിൽ വരും. ലാബിലേക്കുള്ള ദൂരവും ഇതോടെ കുറയും. പദ്ധതികളെല്ലാം വേഗത്തിൽ പൂർത്തിയാകുന്നുണ്ടെന്നും ഐ.ബി. സതീഷിന്റെ സബ്മിഷനു മറുപടിയായി മന്ത്റി അറിയിച്ചു.