മലയിൻകീഴ് : ഊരൂട്ടമ്പലം ഇശലിക്കോട് ദേവീ വിലാസത്തിൽ സരോജിനിഅമ്മയുടെ (80) ഒന്നര പവന്റെ മാല ബൈക്കിലെത്തിയ സംഘത്തിലെ ഒരാൾ പിടിച്ച് പറിച്ചു. വീടിനോട് ചേർന്ന തട്ടുകടയിൽ സിഗരറ്റ് വാങ്ങാനെത്തിയവരാണ് മാല കവർന്നത്. ഇന്നലെ രാവിലെയാണ് സംഭവം. പലവട്ടം ഊരൂട്ടമ്പലം ഗോവിന്ദമംഗലം റോഡിലൂടെ കറങ്ങിനടന്ന യുവാക്കൾ തട്ടുകടയുടെ മുന്നിൽ സിഗരറ്റ് വാങ്ങാനായി ബൈക്ക് നിറുത്തി.
പിറകിലിരുന്നയാൾ ഇറങ്ങി സിഗരറ്റ് വാങ്ങിയശേഷം ലൈറ്റർ ആവശ്യപ്പെട്ടു. സിഗരറ്റിന്റെ തുക വാങ്ങുന്നതിനിടെ സരോജനിഅമ്മയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുത്ത് ബൈക്കിനു പിറകിൽ കയറി ഗോവിന്ദമംഗലം വലിയറത്തല ഭാഗത്തേക്ക് കടക്കുകയായിരുന്നു. ഊരൂട്ടമ്പലം മുതൽ ഗോവിന്ദമംഗലം വരെയുള്ള സി.സി ടിവി കാമറകളിൽ മോഷ്ടാക്കളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. സരോജനിഅമ്മ മോഷ്ടാക്കളെ ദൃശ്യങ്ങളിൽ നിന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പാഷൻപ്രോ ഇനത്തിൽ പെട്ടതാണ് ബൈക്ക്. മാറനല്ലൂർ പൊലീസ് സരോജിനിഅമ്മയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്‌തു. ബൈക്ക് നമ്പർ പരിശോധിച്ച് ഉടമയെ കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടങ്ങിയിട്ടുണ്ട്. നാരുവാമൂട്, മാറനല്ലൂർ, മലയിൻകീഴ് എന്നീ പൊലീസ് സ്റ്റേഷനുകൾ സംയുക്തമായി പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.