2

വിഴിഞ്ഞം: ട്രോളിംഗ് നിരോധന കാലത്ത് വിഴിഞ്ഞത്തെ സ്വാഭാവിക മത്സ്യബന്ധനത്തിന് കനത്ത തിരിച്ചടി.

കൊയ്ത്ത് പ്രതീക്ഷിച്ച് വള്ളമിറക്കുന്ന പലർക്കും നിരാശരായി മടങ്ങേണ്ട അവസ്ഥയാണ്. ഇത്തവണ മത്സ്യസമൃദ്ധിയുണ്ടായില്ലെന്നാണ് പല തൊഴിലാളികളും പറയുന്നത്. അതുകൊണ്ടു തന്നെ കിട്ടുന്ന മത്സ്യങ്ങൾക്ക് പൊള്ളുന്ന വിലയും. ട്രോളിംഗ് നിരോധന കാലത്ത് പലതുറകളിൽ നിന്നും മത്സ്യബന്ധനത്തിനായി തൊഴിലാളികൾ വിഴിഞ്ഞത്ത് എത്താറുണ്ട്. വിഴിഞ്ഞത്തിന്റെ പ്രകൃതിപരമായ പ്രത്യേകതയാണ് ഇതിനു കാരണം. എന്നാൽ മത്സ്യങ്ങളുടെ ലഭ്യതക്കുറവ് മത്സ്യത്തൊഴിലാളികളെ വലയ്ക്കുകയാണ്.

കഴിഞ്ഞ മാസം അവസാനം എത്തേണ്ട മത്സ്യസമ്പത്ത് ഇതുവരെയും എത്തിയിട്ടില്ല. മേയ് മാസം പകുതിയോടെ കിട്ടേണ്ട കൊഞ്ച് ഒരു ശതമാനം പോലും ലഭിച്ചിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. മേയ് പകുതി മുതൽ ജൂൺ പകുതി വരെ ലഭിക്കേണ്ട കൊഞ്ചാണ് ഇതുവരെയും ലഭിക്കാത്തത്. ഇതിനു ശേഷം അയല, ചൂര എന്നിവയും വാളയും പെടേണ്ടതാണ്.

എന്നാൽ തീരത്ത് ഇപ്പോഴും നിരാശ തുടരുകയാണ്. കഴിഞ്ഞ വർഷം ഇതേ സമയം തീരത്ത് കണവ ചാകരയായിരുന്നു. ഇത്തവണ കണവയും ലഭിച്ചില്ല. കടൽക്ഷോഭത്തെ വകവയ്ക്കാതെ ജീവൻ പണയം വച്ചും കടലിൽ പോയി വരുന്ന മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങളിൽ ലഭിക്കുന്ന ചെറിയ അളവിലെ മത്സ്യങ്ങൾക്ക് വൻ വിലയാണെന്നത് വാങ്ങാനെത്തുന്നവരെയും അമ്പരപ്പിക്കുകയാണ്. അയല,​ മത്തി എന്നിവയുടെ വില കേട്ട് മൂക്കത്ത് വിരൽ വയ്ക്കേണ്ട അവസ്ഥയാണുള്ളത്.

മത്സ്യങ്ങൾക്ക് തീവില

അയല: ഇപ്പോൾ​ : 65 ​- 70. മുൻപ്: 40

പൊള്ളൽച്ചൂര: 120,​ 12​ ​- 20

മത്തി (കുട്ട)​: 3500 ​-4000,​ 800 ​-100

വയറെരിയാതിരിക്കാൻ

കടലിൽ പോയി വരുന്നതിന് മണ്ണെണ്ണ ഉൾപ്പെടെ 6000 ത്തോളം രൂപ ചെലവാകുന്നുണ്ട്.

വലിയ ചൂര പ്രതീക്ഷിച്ച് ഉൾക്കടലിൽ പോകുന്നവർ ഇപ്പോൾ കടക്കെണിയിലായ അവസ്ഥയാണ്. രാത്രി 12 മണിയോടെ വിഴിഞ്ഞത്തു നിന്നു കടലിൽ പോകുന്നവർ പിറ്റേ ദിവസം പതിനൊന്നിനാണ് തീരത്ത് എത്തുന്നത്.

നഷ്ടമായതിനാൽ പലരും ഭീമമായ കടക്കെണിയിലാണ്. ചെറുമീനുകൾ ലഭിക്കുന്നുണ്ടെങ്കിലും വൻ വില കൊടുക്കേണ്ടി വരുന്നു. തുറമുഖ നിർമ്മാണത്തോടനുബന്ധിച്ച് കമ്പവല നിരോധനമേർപ്പെടുത്തിയിരിക്കുന്നതിനാൽ കടൽക്ഷോഭമുള്ളപ്പോൾ കരയിൽ നിന്നുള്ള മത്സ്യബന്ധനവും നിലച്ചിരിക്കുകയാണ്.

കയറ്റുമതിക്ക് തിരിച്ചടി

ആവശ്യത്തിന് മത്സ്യലഭ്യത ഇല്ലാത്തതിനാൽ കയറ്റുമതി മേഖലയ്ക്ക് തിരിച്ചടി നേരിട്ടിരിക്കുകയാണ്. മുൻ വർഷങ്ങളിൽ തീരത്ത് കയറ്റുമതി വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. എന്നാൽ വൈകുന്നേരമായാൽ ഇപ്പോൾ തീരം ഒഴിഞ്ഞ അവസ്ഥയിലാണ്.

മത്തിവില കുതിക്കുന്നു

താരതമ്യേന വിലക്കുറവുള്ള മത്തിക്കും അയലയ്ക്കും വിപണിയിൽ വൻ വിലയാണ്. കടൽക്ഷോഭം കാരണം മത്സ്യബന്ധനം തടസപ്പെടുന്നതും മത്സ്യത്തിന്റെ ലഭ്യത കുറയുന്നതുമാണ് വില കൂടാൻ കാരണം. വിലക്കയറ്റം കാരണം മത്സ്യം വാങ്ങാൻ ആളുകൾ എത്താത്തതിനാൽ തൊഴിലാളികളും പ്രയാസത്തിലാണ്.

40 രൂപയിൽ താഴെ മാത്രം വിലയുണ്ടായിരുന്ന മത്തിക്ക് മാർക്കറ്റിൽ 200 രൂപയിലധികമാണ് വില. മലയാളികളുടെ ഇഷ്ട മത്സ്യമായ അയല തീവില കൊടുത്താലും കിട്ടാനില്ല. ചൂടുകൂടിയതോടെ തീരക്കടലിൽ നിന്ന് മത്സ്യങ്ങൾ അകന്നു നിൽക്കുന്നതാണ് പ്രധാന കാരണം.

 മഴ ചതിച്ചതാ

കാലവർഷം ചതിച്ചതാണ് മത്സ്യലഭ്യത കുറയാൻ കാരണമെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. നല്ല മഴ ലഭിച്ചാൽ മാത്രമേ മത്സ്യം ലഭിക്കാറുള്ളൂ. മഴ പെയ്ത് കടലിന്റെ അടിത്തട്ട് തണുത്താൽ മാത്രമേ കൊഞ്ചും കണവയും ഉൾപ്പെടെയുള്ളവ ലഭിക്കൂ. കടലമ്മ ചതിക്കില്ലെന്ന വിശ്വാസത്തിലാണ് കടലിന്റെ മക്കൾ.