തിരുവനന്തപുരം: പൊതുസ്ഥലംമാറ്റത്തിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കവേ 25 അസി. വെഹിക്കിൾ ഇൻസ്പെക്ടർമാരെ സ്ഥലംമാറ്റിക്കൊണ്ട് ട്രാൻസ്പോർട്ട് കമ്മിഷണർ ഇറക്കിയ ഉത്തരവ് മന്ത്രി എ.കെ. ശശീന്ദ്രൻ ഇടപെട്ട് പിൻവലിപ്പിച്ചു.
ഒരു ദിവസം കൊണ്ടാണ് സ്ഥലംമാറ്റ നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്. രാവിലെ കരട് തയ്യാറാക്കുകയും ഉച്ചയോടെ ഉത്തരവ് ഇറങ്ങുകയുമായിരുന്നു. സേഫ് കേരള സ്ക്വാഡ് രൂപീകരണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പുനർവിന്യാസമെന്ന പേരിലാണ് കഴിഞ്ഞ 15ന് 25 അസി. മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടർമാരുടെ സ്ഥലംമാറ്റപ്പട്ടിക ഇറങ്ങിയത്. സ്ക്വാഡ് രൂപീകരണവുമായി ബന്ധപ്പെട്ട പുനർവിന്യാസത്തിന് നിർദ്ദേശിച്ചിരുന്നെങ്കിലും പൊതുസ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചശേഷമുള്ള സ്ഥലംമാറ്റം അനവസരത്തിലാണെന്നായിരുന്നു ആക്ഷേപം.
മോട്ടോർവാഹനവകുപ്പിലെ സ്ഥലംമാറ്റങ്ങൾ എക്കാലത്തും വിവാദമാകാറുണ്ട്. ചെക്കുപോസ്റ്റുകൾ ഉൾപ്പെടെ നിർണായകമായ സ്ഥലങ്ങളിൽ ചില ഉദ്യോഗസ്ഥർക്ക് നിയമനം ലഭിക്കുന്നതാണ് പരാതിക്ക് ഇടയാക്കുന്നത്. പരാതി ഒഴിവാക്കാൻ ഇത്തവണ ഓൺലൈനിലാണ് സ്ഥലംമാറ്റത്തിനുള്ള അപേക്ഷ സ്വീകരിച്ചത്. ഇതിനിടെ അസി. വെഹിക്കിൾ ഇൻസ്പെക്ടർമാരെ പുനർവിന്യസിച്ചത് പൊതുസ്ഥലംമാറ്റം അപ്രസക്തമാക്കുന്ന വിധത്തിലായി. പലരും അപേക്ഷിച്ചിട്ടുള്ള സ്ഥലങ്ങളിലേക്കാണ് പുതിയ പട്ടികയിൽപെട്ടവർക്ക് നിയമനം നൽകിയത്. പൊതുസ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിക്കുന്നതിനുമുമ്പേ ചെയ്യേണ്ട ക്രമീകരണങ്ങൾ വൈകി നടപ്പാക്കിയതാണ് വിനയായത്.