നേമം: പ്രാവച്ചമ്പലം ജംഗ്ഷനിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേർക്ക് പരിക്കേറ്റു. പാപ്പനംകോട് പൂഴിക്കുന്ന് സ്വദേശികളായ ഷിബു (39), ഭാര്യ രഞ്ജിത (28), മക്കളായ ദർശൻ (7), ദൃശ്യ (6) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 6.15 നായിരുന്നു അപകടം. പളളിച്ചൽ ഭാഗത്ത് നിന്നു പാപ്പനംകോട്ടേക്ക് വന്ന ഇവരുടെ ബൈക്കിൽ
എതിർ ദിശയിൽ നിന്നു വന്ന മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. നാലു പേരും റോഡിലേക്ക് തെറിച്ചു വീണു. വീഴ്ചയിൽ കുട്ടികളുടെ കൈക്കും ദമ്പതികളുടെ കാലുകൾക്കും പരിക്കേറ്റു.
ഇടിച്ചിട്ട ബൈക്ക് നിറുത്താതെ കടന്നുകളഞ്ഞു. പരിക്കേറ്റ നാലുപേരെയും ആംബുലൻസിൽ ശാന്തിവിള താലൂക്കാശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നേമം പൊലീസെത്തി നടപടികൾ സ്വീകരിച്ചു.