ksrtcbus

നെടുമങ്ങാട് : ചെലവ് ചുരുക്കലിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി ഏർപ്പെടുത്തിയ സർവീസ് പരിഷ്കാരത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വർഷങ്ങളായി പേരൂർക്കട, കിഴക്കേകോട്ട ഡിപ്പോകളിൽ നിന്ന് മലയോര പ്രദേശങ്ങളിലേക്ക് നടത്തിയിരുന്ന സർവീസുകൾ വെട്ടിച്ചുരുക്കിയതായാണ് പരാതി.

വട്ടപ്പാറ, സന്നഗർ മേഖലയിൽ ലാഭകരമായി സർവീസ് നടത്തിയിരുന്ന ട്രിപ്പുകൾ ക്യാൻസൽ ചെയ്തപ്പോൾ ഉഴമലയ്ക്കൽ, പനയ്‌ക്കോട്, പേരയം ഭാഗങ്ങളിലേക്കും ബസ് സർവീസ് ഇല്ലാത്ത അവസ്ഥയാണ്. തലസ്ഥാനത്ത് വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെയും വിദ്യാർത്ഥികളുടെയും സൗകര്യാർത്ഥം ഏറെക്കാലമായി തിരുവനന്തപുരം - നെടുമങ്ങാട് റൂട്ടിൽ സർവീസ് നടത്തിയിരുന്ന എല്ലാ ബസുകളും പേരൂർക്കട ഡിപ്പോ പിൻവലിച്ചിരിക്കുകയാണ്.

സിറ്റി ഡിപ്പോകളിലെ ബസുകൾ നെടുമങ്ങാട്, വിതുര, പാലോട്, കുളത്തൂപ്പുഴ, ആര്യനാട്, വെള്ളനാട് ഡിപ്പോകൾക്ക് വീതിച്ച് നൽകുമെന്നാണ് അധികൃതരുടെ വാഗ്‌ദാനം. കുളത്തൂപ്പുഴ - നെടുമങ്ങാട് സെക്ടറിൽ പത്ത് ചെയിൻ സർവീസുകൾ ആരംഭിക്കാൻ ആലോചനയുണ്ടെങ്കിലും നടപ്പിലായിട്ടില്ല. മുന്നറിയിപ്പില്ലാതെ സ്കൂൾ അദ്ധ്യയന വർഷാരംഭത്തിൽ അധികൃതർ നടത്തിയ സർവീസ് പുനഃക്രമീകരണം പരിശോധിച്ച് തിരുത്തൽ നടപടിയെടുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

ഇക്കുറി സ്‌കൂൾ തുറന്നത് മുതൽ നെടുമങ്ങാട് ഡിപ്പോയുടെ കീഴിൽ മാത്രം 12 ട്രിപ്പുകൾ പുതുതായി ആരംഭിച്ചെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ആഴകം, അരുവിയോട്, പച്ചമല, കൈതക്കാട്, മംഗലപുരം, പൊന്നാംചുണ്ട് - പാലോട് എന്നീ റൂട്ടുകളിലായി ആറ് പുതിയ സർവീസുകളാണ് ആരംഭിച്ചത്. നേരത്തെ അഞ്ചര ലക്ഷം രൂപ പ്രതിദിന കളക്ഷൻ ലഭിച്ചിരുന്നത് ഇപ്പോൾ ഒമ്പത് ലക്ഷമായി ഉയർന്നിട്ടുണ്ടെന്നും ആകെ 63 ഷെഡ്യൂൾ ഉള്ള നെടുമങ്ങാട്ട് 59 ഉം സർവീസ് നടത്തുന്നുണ്ടെന്നുമാണ് ഔദ്യോഗിക വിശദീകരണം. വ്യാപകമായി ഷെഡ്യൂളുകൾ റദ്ദാക്കിയെന്ന ആക്ഷേപം വസ്തുതാപരമല്ലെന്ന് നെടുമങ്ങാട് ഡി.ടി.ഒ സുരേഷ്‌കുമാർ പ്രതികരിച്ചു.

പരിഷ്കാരത്തിനെതിരെ നഗരസഭ

പൊതുഗതാഗതത്തെ മാത്രം ആശ്രയിക്കുന്ന മലയോര മേഖലയിൽ യാത്രാക്ലേശത്തിന് ഇടയാക്കുന്ന ഷെഡ്യൂൾ പരിഷ്‌കാരം പുനഃപരിശോധിക്കണമെന്നും വെട്ടിക്കുറച്ച സർവീസുകൾ ഉടൻ പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് നെടുമങ്ങാട് നഗരസഭ കൗൺസിൽ പ്രമേയം പാസാക്കി. ചെയർമാൻ ചെറ്റച്ചൽ സഹദേവന്റെ അദ്ധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗത്തിൽ താലൂക്കിന്റെ വിവിധ ഭാഗങ്ങളിലേക്കും മറ്റു ഡിപ്പോകളിൽ നിന്ന് നെടുമങ്ങാട്ടേക്കും നടത്തിയിരുന്ന സർവീസുകൾ റദ്ദാക്കിയ നടപടി പരിശോധിക്കണമെന്ന് ട്രാൻസ്‌പോർട്ട് കമ്മിഷണറോടും ഡി.ടി.ഒയോടും ആവശ്യപ്പെടാൻ തീരുമാനിച്ചു.