vrinda-subhash-world-powe
vrinda subhash world power lifting

സിയാറ്റിൽ : സ്വീഡനിലെ ഹെൽസിംഗ് ബർഗിൽ നടന്ന ഐ.പി.എഫ് വേൾഡ് ക്ലാസിക് പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ അമേരിക്കയിലെ മലയാളിപ്പെൺകുട്ടിക്ക് വെങ്കല മെഡൽ. സിയാറ്റിനിലെ ഈസ്റ്റിലേക്ക് ഹൈസ്കൂൾ വിദ്യാർത്ഥിയായ വൃന്ദ സുഭാഷാണ് 57 കിലോഗ്രാം വിഭാഗത്തിൽ അമേരിക്കയ്ക്ക് വേണ്ടി മെഡൽ നേടിയത്.

ബെഞ്ച് പ്രസ് വിഭാഗത്തിൽ 62.5 കിലോ ഉയർത്തിയാണ് വൃന്ദ വെങ്കലം നേടിയത്. സ്ക്വാട്ടിൽ 95 കിലോയും ഡെഡ് ലിഫ്റ്റിൽ 100 കിലോയും ഉയർത്തിയ വൃന്ദയ്ക്ക് ഈ രണ്ട് വിഭാഗങ്ങളിലും ആറാം സ്ഥാനവും ലഭിച്ചിരുന്നു.

15 കാരിയായ വൃന്ദ സിയാറ്റിലിൽ ട്വിറ്ററിൽ എൻജിനിയറായ തിരുവനന്തപുരം സ്വദേശി ഷാജൻ ദാസന്റെയും പന്തളം സ്വദേശിയായ രശ്മി സുഭാഷിന്റെയും മകളാണ്. പിതാവാണ് പവർ ലിഫ്റ്റിംഗിൽ പരിശീലനം നൽകുന്നത്.

കഴിഞ്ഞ വർഷം യു.എസ് നാഷണൽ സബ്‌ജൂനിയർ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ വൃന്ദ 57 കിലോഗ്രാം വിഭാഗത്തിൽ സ്വർണം നേടിയിരുന്നു. ഇതോടെയാണ് ലോകചാമ്പ്യൻഷിപ്പിനുള്ള അമേരിക്കൻ ടീമിലേക്കുള്ള വാതിൽ തുറന്നത്. വിവിധ രാജ്യങ്ങളിൽ നിന്നായി 52 പേർ പങ്കെടുത്ത ലോക ചാമ്പ്യൻഷിപ്പിലാണ് വൃന്ദയ്ക്ക് മെഡൽ നേടാൻ കഴിഞ്ഞത്.