ആദ്യ മത്സരത്തിൽ ചിലി 4-0ത്തിന് ജപ്പാനെ തകർത്തു
എഡ്വാർഡോ വർഗാസിന് ഇരട്ട ഗോൾ
സാവോപോളോ : ലാറ്റിനമേരിക്കൻ ഫുട്ബാൾ ചാമ്പ്യൻഷിപ്പിലേക്ക് ക്ഷണിച്ചു വരുത്തിയ ജപ്പാനെ ആദ്യ മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് നാണം കെടുത്തി നിലവിലെ ചാമ്പ്യൻമാരായ ചിലി.
തുടർച്ചയായ മൂന്നാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ ചിലി ഇന്നലെ ആദ്യപകുതിയിൽ ഒരു ഗോളിന് മുന്നിലായിരുന്നു. രണ്ടാം പകുതിയിൽ മൂന്ന് ഗോളുകൾ കൂടി അടിച്ചുകയറ്റിയാണ് അവർ വിജയം ആധികാരികമാക്കിയത്. എഡ്വാർഡോവർഗാസ് രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ നേടിയപ്പോൾ എനിക്ക് പൾഗാറും അലക്സിസ് സാഞ്ചസും ഓരോ ഗോൾ വീതം നേടി.
41-ാം മിനിട്ടിൽ അരാംഗിസ് ഉയർത്തി നൽകി കോർണിന് തലവച്ച് പൾഗാറാണ് ആദ്യ ഗോൾ നേടിയത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് തിരിച്ചടിക്കാൻ ജപ്പാന് അവസരം ലഭിച്ചെങ്കിലും പ്രയോജനപ്പെടുത്താനായില്ല. 54-ാം മിനിട്ടിൽ ഇസ്ള നൽകിയ പാസിൽ നിന്നാണ് വർഗാസ് തന്റെ ആദ്യഗോൾ നേടിയത്. 82-ാം മിനിട്ടിൽ അരാംഗ്വിസിന്റെ ക്രോസിൽ നിന്ന് സാഞ്ചസ് സ്കോർ ചെയ്തു. തൊട്ടടുത്ത മിനിട്ടിൽ സാഞ്ചസിന്റെ പാസിൽ നിന്ന് വർഗാസ് പട്ടിക പൂർത്തിയാക്കുകയും ചെയ്തു.
ഈ വിജയത്തോടെ മൂന്ന് പോയിന്റുമായി ചിലി സി ഗ്രൂപ്പിൽ ഒന്നാമതെത്തി. മൂന്ന് പോയിന്റുള്ള ഉറുഗ്വേയാണ് രണ്ടാം സ്ഥാനത്ത്. ചിലി അടുത്ത മത്സരത്തിൽ ഇക്വഡോറിനെയും ജപ്പാൻ ഉറുഗ്വേയെയും നേരിടും.
12
കോപ്പ അമേരിക്ക ടൂർണമെന്റിൽ ചിലിക്കു വേണ്ടി ഒരു ഡസൻ ഗോളുകൾ നേടുന്ന ആദ്യ താരമായി വർഗാസ്.
കോപ്പ പോയിന്റ് നില
(ടീം, കളി, ജയം, തോൽവി, സമനില പോയിന്റ് ക്രമത്തിൽ)
ഗ്രൂപ്പ് എ
ബ്രസീൽ 1-1-0-0-3
പെറു 1-0-0-1-1
വെനിസ്വേല 1-0-0-1-1
ബൊളീവിയ 1-0-1-0-0
ഗ്രൂപ്പ് ബി
കൊളംബിയ 1-1-0-0-3
പരാഗ്വേ 1-0-0-1-1
ഖത്തർ 1-0-0-1-1
അർജന്റീന 1-0-1-0-0
ഗ്രൂപ്പ് സി
ചിലി 1-1-0-0-3
ഉറുഗ്വേ 1-1-0-0-3
ഇക്വഡോർ 1-0-1-0-0
ജപ്പാൻ 1-0-1-0-0
ബ്രസീൽ ഇന്ന് വീണ്ടും
കോപ്പയിൽ ഇന്ന് ഇന്ത്യൻ സമയം രാവിലെ ആറിന് ബ്രസീലിന്റെ രണ്ടാം മത്സരമാണ്. പെറുവാണ് എതിരാളികൾ. ആദ്യ മത്സരത്തിൽ ബ്രസീൽ 3-0ത്തിന് ബൊളീവിയയെ തോൽപ്പിച്ചിരുന്നു. പെറു വെനിസ്വേലയുമായി ഗോൾ രഹിത സമനിലയിൽ പിരിയുകയായിരുന്നു.
അർജന്റീന നാളെ
ആദ്യ മത്സരത്തിൽ കൊളംബിയയോട് 0-2ന് തോറ്റ അർജന്റീന നാളെ രാവിലെ ആറിന് പരാഗ്വേയെ നേരിടും.