പാരീസ് : 2022ലെ ലോകകപ്പ് വേദിക്ക് വേണ്ടിയുള്ള തിരഞ്ഞെടുപ്പിൽ ഖത്തറിന് അനുകൂലമായി വോട്ട് ചെയ്യാൻ കോഴ വാങ്ങിയെന്ന ആരോപണത്തിൽ യൂറോപ്യൻ ഫുട്ബാൾ അസോസിയേഷന്റെ മുൻ പ്രസിഡന്റും മുൻ ഫ്രഞ്ച് ഫുട്ബാൾ താരവുമായ മിഷേൽ പ്ളാറ്റിനിയെ ഫ്രഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. ഫിഫയുമായി ബന്ധപ്പെട്ട സാമ്പത്തിക തിരിമറി കേസിൽ 2015 മുതൽ ഫിഫ എത്തിക്സ് കമ്മിറ്റി വിലക്കിലാണ് പ്ളാറ്റിനി.
2006 മുതൽ 2015 വരെ യുവേഫ പ്രസിഡന്റായിരുന്ന പ്ളാറ്റിനി 2010ലെ ലോകകപ്പ് വേദി തിരഞ്ഞെടുപ്പിലാണ് ഖത്തറിന് വേണ്ടി തന്റെ മുൻനിലപാട് മാറ്റി വോട്ട് ചെയ്തത്. വേദിക്കായി അവകാശവാദം ഉന്നയിച്ചിരുന്ന അമേരിക്കയ്ക്ക് അനുകൂലമായിരുന്നു ആദ്യം പ്ളാറ്റിനി.
എന്നാൽ, അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സർക്കോസിയുമായി നടത്തിയ ചർച്ചയെ തുടർന്ന് വോട്ടെടുപ്പിന് തൊട്ടുമുമ്പ് ഖത്തറിന് അനുകൂല നിലപാടെടുക്കുകയായതിരുന്നു പ്ളാറ്റിനി. ഇതിൽ അഴിമതിയുണ്ടെന്ന കണ്ടെത്തലിനെത്തുടർന്നാണ് പ്ളാറ്റീനിയുടെ അറസ്റ്റ്. സർക്കോസിയുടെ കായിക ഉപദേശകനായിരുന്നു ക്ളോഡ് ഗ്യുയന്റിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
1998ൽ ഫിഫ ലോകകപ്പ് ഓർഗനൈസിംഗ് കമ്മിറ്റിയിൽ അംഗമായ പ്ളാറ്റീനി 2002 മുതൽ വിലക്കപ്പെടുന്നത് വരെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ അംഗമായിരുന്നു. 24 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ 16 പേരുടെ വോട്ട് നേടിയാണ് അമേരിക്കയെ മറികടന്ന് ഖത്തർ ലോകകപ്പ് വേദിയായത്. ഖത്തറിനായി വോട്ട് ചെയ്തവരുടെ സാമ്പത്തിക ഇടപാടുകൾ ഫിഫ പരിശോധിക്കുന്നുണ്ട്.
വിവാദത്തിൽ ഖത്തർ ലോകകപ്പ്
അറേബ്യൻ രാജ്യമായ ഖത്തർ ലോകകപ്പ് വേദിയായി ബിഡ് നൽകിയത് മുതൽ വിവാദത്തിലായിരുന്നു. ഏഷ്യയിൽ ലോകകപ്പ് നടത്തുന്നതിൽ മിക്ക യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ഖത്തർ ഭരണാധികാരികളുടെ രാഷ്ട്രീയ നയതന്ത്രത്തിന്റെ ഫലമായി ഖത്തർ വേദിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഇതിന് ശേഷവും പല യൂറോപ്യൻ രാജ്യങ്ങളും ഖത്തറിന് എതിരായ നിലപാട് തുടർന്നു. കടുത്ത വേനൽക്കാലത്താണ് ഖത്തറിൽ ലോകകപ്പ് നടക്കുകയെന്നും ഇത് തങ്ങളുടെ പ്രകടനത്തെ ബാധിക്കുമെന്നുമായിരുന്നു ഭയം. ലോക കപ്പ് സമയം മാറ്റണമെന്ന ആവശ്യവും ഉയർന്നു. എന്നാൽ, ഇത് ഫിഫ നിഷേധിക്കുകയായിരുന്നു.
അറബ് രാജ്യങ്ങളുടെ ഉപരോധത്തിനിടയിലും ഖത്തർ ലോകകപ്പ് ഒരുക്കങ്ങൾ ഏറെക്കുറെ പൂർത്തിയാക്കിക്കഴിഞ്ഞു.
ബ്ളാറ്ററുടെ വഴിയേ പ്ളാറ്റീനിയും
2010ലെ ലോകകപ്പ് വേദിയായി ദക്ഷിണാഫ്രിക്ക തിരഞ്ഞെടുക്കപ്പെട്ടു. അതിലെ അഴിമതിയുടെ പശ്ചാത്തലമാണ് ഫിഫ മുൻ പ്രസിഡന്റ് സെപ് ബ്ളാറ്ററിന് സ്ഥാനം നഷ്ടമാകാനും കേസും കൂട്ടവുമായി നടക്കേണ്ടിവരാനും കാരണമായത്. ഇപ്പോൾ പ്ളാറ്റീനിയെയും ആ ദുർവിധി വേട്ടയാടുകയാണ്.
തെറ്റ് ചെയ്തിട്ടില്ല: പ്ളാറ്റീനി
ഖത്തറിന് ലോകകപ്പുമായി ബന്ധപ്പെട്ട് താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് അറസ്റ്റിലായ പ്ളാറ്റീനി അറിയിച്ചു. ഒരു സമ്മർദ്ദത്തിന്റെയും ഫലമായല്ല താൻ ഖത്തറിന് അനുകൂലമായി വോട്ട് ചെയ്തതെന്നും അദ്ദേഹം അറിയിച്ചു.