കൊച്ചി: മകന്റെ ബാഗിൽ കഞ്ചാവ് പൊതി കണ്ട അമ്മ ഒന്ന് ഞെട്ടി. പിന്നെ, മറ്റൊന്നും ആലോചിച്ചില്ല. എക്സൈസിന്റെ കീഴിലെ വിമുക്തി മിഷനിൽ വിവരം അറിയിച്ചു. തുടർന്ന് കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയതോടെ എക്സൈസിന് ലഭിച്ചത് തേടി നടന്ന വിരുതനെ പൂട്ടാനുള്ള സുപ്രധാന വിവരങ്ങൾ. എക്സൈസ് സീക്രട്ട് ഗ്രൂപ്പ് അന്വേഷണം ഏറ്റെടുത്ത് ദിവസങ്ങൾക്കകം മുഖ്യ ഇടനിലക്കാരാൻ വലയിൽ.
കുട്ടമശേരി കുമ്പശേരി വീട്ടിൽ ആസാദാണ് (36) പിടിയിലായത്. സൗദി അറേബ്യയിലുണ്ടായിരുന്ന ജോലി ഉപേക്ഷിച്ചാണ് ഇയാൾ കഞ്ചാവ് വില്പനയിലേക്ക് തിരിഞ്ഞത്. ഇയാളുടെ പക്കൽ നിന്നും രണ്ടേകാൽ കിലോ കഞ്ചാവും വില്പന നടത്താൻ ഉപയോഗിച്ചിരുന്ന ആഡംബര ബൈക്കും കണ്ടെടുത്തു. ആലുവ സ്കൂൾ കോളേജുകൾ കേന്ദ്രീകരിച്ചായിരുന്നു ആസാദ് കഞ്ചാവ് വില്പന നടത്തിയിരുന്നത്. പ്രതിയുമായി ഇടപാടുകൾ നടത്തിയിരുന്നവർ എക്‌സൈസ് നിരീക്ഷണത്തിലാണ്.