police

തിരുവനന്തപുരം: കുടുംബവഴക്കിനിടെ ഭാര്യയെ ഉപദ്രവിച്ച പരാതിയിൽ പൊലീസിനെ ഭയന്ന് ഇറങ്ങിയോടുന്നതിനിടെ പരിക്കേറ്ര യുവാവ് മരിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ചെറിയതുറ പുതുവൽ പുത്തൻ വീട്ടിൽ ആന്റണി- ലില്ലി ദമ്പതികളുടെ മകൻ റൊമാൾഡെന്ന മണിക്കുട്ടനാണ് (32) മരിച്ചത്. ഇന്നലെ അർദ്ധരാത്രി വലിയതുറ പൊലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾ പുലർച്ചെ മൂന്നുമണിയോടെയാണ് മരിച്ചത്.

സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ: മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കിയ റൊമാൾഡ് ദേഹോപദ്രവം ഏൽപ്പിക്കുന്നതായി ഭാര്യ ശ്രീജ അറിയിച്ചതനുസരിച്ചാണ് വലിയതുറ പൊലീസെത്തിയത്. പൊലീസ് വീട്ടിലെത്തും മുമ്പേ റൊമാൾഡ് വീട്ടിൽ നിന്ന് ഇറങ്ങിയോടി. പൊലീസെത്തുമ്പോൾ റൊമാൾഡ് ഉണ്ടായിരുന്നില്ല . ഇയാളെ കണ്ടെത്താനായി പൊലീസും വീട്ടുകാരും പരിസരമാകെ തെരഞ്ഞെങ്കിലും ഫലമുണ്ടായില്ല. ഏറെ നേരം കഴിഞ്ഞ് പ്രദേശവാസിയായ അനീഷെന്ന യുവാവാണ് ചെറിയതുറയിലെ ആളൊഴിഞ്ഞ സ്ഥലത്തെ മതിലിന് സമീപം ഒരാൾ പരിക്കേറ്റ് കിടക്കുന്നതായി പൊലീസിനെ അറിയിച്ചത്. പൊലീസെത്തിയപ്പോൾ കൈത്തണ്ടയിൽ പരിക്കേറ്റ് ചോര വാർന്ന് കിടക്കുകയായിരുന്നു ഇയാൾ.

പൊലീസ് ആംബുലൻസ് വരുത്തി ഭാര്യയ്ക്കും അമ്മയ്ക്കുമൊപ്പം ഇയാളെ ഫോർട്ട് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി ബോധം വീണ്ടുകിട്ടിയപ്പോൾ വീണ്ടും ബഹളം കൂട്ടിയ ഇയാൾക്ക് പെട്ടെന്ന് ശ്വാസതടസം അനുഭവപ്പെടുകയും പുലർച്ചെ മൂന്നുമണിയോടെ മരണപ്പെടുകയുമായിരുന്നു. മൃതദേഹം പോസ്റ്റുമോ‌ർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വലിയതുറ പൊലീസ് കേസെടുത്തു.