തളിപ്പറമ്പ്: ബക്കളത്തെ പാർത്ഥാ കൺവെൻഷൻ സെന്റർ ഉടമ സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഇയാളുടെ ഭാര്യ ബീനാ സാജൻ ആന്തൂർ നഗരസഭയ്ക്കെതിരെ ജില്ലാ കളക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകും. അതിനിടെ ആന്തൂർ നഗരസഭാ ചെയർപേഴ്‌സനെ മാറ്റണമെന്നാവശ്യം ശക്തമായി. സാജന്റെ മരണത്തോടെ നഗരസഭയ്ക്കെതിരെ വൻ ജനവികാരമാണ് ഉടലെടുത്തിരിക്കുന്നത്.
ജനകീയ പ്രശ്നങ്ങളിലും സാധാരണക്കാരുടെ പ്രശ്ന പരിഹാരത്തിനും ചെയർപേഴ്സണും നഗരസഭാ ഭരണ സമിതിയും ജനവിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നത് എന്നാണ് ഉയർന്നുവന്നിട്ടുള്ള പരാതി. എൽ.ഡി.എഫ് പ്രതിപക്ഷമില്ലാതെ ഭരിക്കുന്ന ആന്തൂർ നഗരസഭ അധികൃതരുടെ മാനസിക പീഡനം മൂലമാണ് പ്രവാസി വ്യവസായിയായ സാജൻ ആത്മഹത്യ ചെയ്തതെന്നും അവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് ബീന പരാതി നൽകുന്നത്. അന്തൂർ നഗരസഭയിൽ സമാനമായ ഒരു പാട് പരാതിക്കൾ ഉയർന്നുവന്നിട്ടുണ്ടെന്നും പറയുന്നു.
വിവിധ ആവശ്യങ്ങൾക്കായി നഗരസഭാ ഓഫീസിലെത്തുന്ന ആളുകളെ ഇല്ലാത്ത കാരണങ്ങൾ കണ്ടെത്തി മടക്കുകയാണത്രെ ചെയ്യുന്നത്. അതേസമയം പിന്നാമ്പുറത്ത്കൂടി എത്തുന്നവരെ നിയമങ്ങൾ കാറ്റിൽ പറത്തി സഹായിക്കുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു. പാർട്ടി പ്രവർത്തകർക്കിടയിലും പൊതുജനങ്ങൾക്കിടയിലും സി.പി.എം കേന്ദ്രകമ്മിറ്റി അംഗമായ എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമള ചെയർപേഴ്സൺ സ്ഥാനത്ത് നിന്ന് മാറണമെന്ന ആവശ്യമുണ്ട്. ആന്തൂർ നഗരസഭയാണ് കൺവെൻഷൻ സെന്ററിന് ലൈസൻസ് നൽകേണ്ടത്. നിസാര കാരണങ്ങൾ പറഞ്ഞ് നഗരസഭ നിർമ്മാണത്തിന്റെ കംപ്ലീഷൻ സർട്ടിഫിക്കറ്റും ബിൽഡിംഗ് നമ്പറും നിഷേധിക്കുകയായിരുന്നുവെന്നാണ് സാജന്റെ ബന്ധുക്കളുടെ ആരോപണം.
കുറ്റിക്കോൽ നെല്ലിയോട്ടെ പാർത്ഥ കൺവെൻഷൻ സെന്റർ ഉടമ കൊറ്റാളി അരയമ്പേത്തെ പാറയിൽ സാജനാണ് (49) ഇന്നലെ വീട്ടിൽ തൂങ്ങി മരിച്ചത്. കുറ്റിക്കോൽ നെല്ലിയോട്ട് നിർമിച്ച കൺവെൻഷൻ സെന്ററിന്റെ പണി പൂർത്തീകരിച്ചതിന്റെ കംപ്ലീഷൻ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ ഇദ്ദേഹം ഏതാനും ദിവസങ്ങളായി കടുത്ത മാനസിക പ്രയാസത്തിലായിരുന്നുവത്രെ.
നൈജീരിയയിൽ വർഷങ്ങളായി ജോലി ചെയ്ത് സമ്പാദിച്ച പണം മുഴുവൻ സാജൻ കൺവെൻഷൻ സെന്ററിനായി മുടക്കിയിരുന്നു.15 കോടി രൂപയോളം ചെലവഴിച്ചതായാണ് കണക്ക്. ആന്തൂർ നഗരസഭാ ചെയർപേഴ്‌സൺ, സെക്രട്ടറി, നഗരസഭാ എൻജിനീയർ എന്നിവരെ ലൈസൻസ് ആവശ്യത്തിനായി നിരന്തരം സമീപിച്ചിരുന്നുവെങ്കിലും നീതി കിട്ടാത്തതിൽ ദു:ഖിതനായാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളും ജീവനക്കാരും ആരോപിക്കുന്നത്. സാജന്റെ മരണത്തിൽ കലാശിച്ച നഗരസഭയുടെ നടപടി സണ്ണി ജോസഫ് എം.എൽ.എ ഇന്ന് നിയമസഭയിൽ സബ്മിഷനിലൂടെ ഉന്നയിച്ചു. യു.ഡി.എഫിന്റെ നേതൃത്വത്തിൽ നാളെ രാവിലെ 10 ന് നഗരസഭയിലേയ്ക്ക് പ്രതിഷേധ മാർച്ച് നടത്തും. മാർച്ച് ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്യും. എന്നാൽ നിർമ്മാണത്തിലെ ചില ന്യൂനതകൾ പരിഹരിക്കാൻ ആവശ്യപ്പെടുക മാത്രമാണ് നഗരസഭ ചെയ്തതെന്നാണ് നഗരസഭയുടെ വിശദീകരണം.