cbi

ന്യൂഡൽഹി: സന്നദ്ധ പ്രവർത്തനത്തിന്റെ പേരിൽ കിട്ടിയ വിദേശഫണ്ട് രാഷ്ട്രീയ പ്രവർ‌ത്തനത്തിനും വിദേശയാത്രയ്ക്കും ഉപയോഗിച്ചെന്ന ആരോപണത്തിൽ സുപ്രീംകോടതിയിലെ പ്രമുഖരായ അഭിഭാഷക ദമ്പതികൾക്കെതിരെ സി.ബി.ഐ കേസെടുത്തു. യു.പി. എ ഭരണ കാലത്തെ അഡീ. സോളിസിറ്രർ ജനറലായിരുന്ന ഇന്ദിരാ ജയ്സിംഗ് , ഭർത്താവ് ആനന്ദ് ഗ്രോവർ എന്നിവർക്കെതിരെയാണ് കേസ്.

തങ്ങളുടെ നിയന്ത്രണത്തിലുള്ള സന്നദ്ധ സംഘടനയായ ലോയേഴ്സ് കളക്ടീവീന്റെ പേരിലാണ് ഇവർ വിദേശ സഹായം സ്വീകരിച്ചിരുന്നത്. 2016 നവംബറിൽ ഇവരുടെ എഫ്. സി.ആ‌ർ. എ ലൈസൻസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയിരുന്നു. ജൂണിൽ ഇവരുടെ എഫ്. സി.ആ‌ർ. എ അക്കൗണ്ട് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്യുകയും റദ്ദാക്കാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിരുന്നു. 2009 മുതൽ 2014 വരെ യു.പി .എ സർക്കാരിന്റെ കീഴിൽ അഡീഷണൽ സോളിസിറ്രർ ജനറലായിരുന്നു ഇവർ.

സന്നദ്ധ പ്രവർത്തനങ്ങൾക്കായി വിദേശത്ത് നിന്ന് ലഭിച്ച 13 ലക്ഷം രൂപ രാഷ്ട്രീയ പ്രവർത്തനത്തിന് ഉപയോഗിച്ചതായാണ് സി.ബി.ഐ കേസ്. സ്ത്രീശാക്തീകരണത്തിനായും ഇവർക്ക് വിദേശ സഹായം ലഭിച്ചിരുന്നു. എന്നാൽ ഈ വിഷയം അവരുടെ സന്നദ്ധ സംഘടനയുടെ പ്രവർത്തന പരിധിയിലില്ല.