തിരുവനന്തപുരം: റേഡിയോ ജോക്കി കിളിമാനൂർ മടവൂർ പടിഞ്ഞാറ്റേല ആശാഭവനിൽ രാജേഷിനെ (35) കൊലപ്പെടുത്തിയ കേസ് ഒരു വർഷം പിന്നിടുമ്പോഴും കേസിന്റെ മുഖ്യസൂത്രധാരനും ഒന്നാം പ്രതിയുമായ ഖത്തർ വ്യവസായി ഓച്ചിറ സ്വദേശി അബ്ദുൾ സത്താറിനെ നാട്ടിലെത്തിക്കാനുള്ള പൊലീസ് നടപടി ഇഴയുന്നു. സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കിയ കൊലക്കേസിലാണ് പൊലീസിന്റെ ഈ മെല്ലെപ്പോക്ക്. ഇന്റർപോൾ സഹായത്തോടെ സത്താറിനെ നാട്ടിലെത്തിക്കാൻ റെഡ് കോർണർ നോട്ടീസിനുള്ള നടപടികൾ ആരംഭിച്ചുവെന്ന പതിവ് പല്ലവി മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്നുണ്ടാവുന്നത്. ഇതുവരെ അയാൾക്കെതിരായ തെളിവുകൾ ശേഖരിക്കാനോ കുറ്റപത്രം സമർപ്പിക്കാനോ പൊലീസിന് കഴിഞ്ഞിട്ടില്ല. കേസിൽ അറസ്റ്റിലായ മറ്റ് പ്രതികളുടെ വിചാരണ നടപടികൾ ആരംഭിച്ചിട്ടും മുഖ്യപ്രതിയുടെ കാര്യത്തിൽ അന്വേഷണത്തിന്റെ പോക്ക് ഈ രീതിയിലാണ്. പ്രത്യക്ഷ തെളിവുകൾ ഒന്നും ഇല്ലാതിരുന്ന കേസിൽ അതിവിദഗ്ദ്ധമായാണ് പൊലീസ് കേസ് തെളിയിച്ചതും മറ്റ് പ്രതികളെ പിടികൂടിയതും. എന്നിട്ടും മുഖ്യപ്രതിയെ വിദേശത്തു നിന്ന് നാട്ടിലെത്തിക്കാൻ ഒരുകൊല്ലമായിട്ടും കഴിയാതിരുന്നത് അന്വേഷണ ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നാണ് വിലയിരുത്തൽ.
2017ൽ വെഞ്ഞാറമൂടിനു സമീപം മുന്തിരിക്കച്ചവടക്കാരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്കു കടന്നതായി വിവരം കിട്ടിയപ്പോൾ റെഡ്‌കോർണർ നോട്ടീസിലൂടെ ദുബായിൽ നിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തിരുന്നു. ആ കേസിൽ കാണിച്ച താത്‌പര്യം പോലും നാടിനെ നടുക്കിയ ഒരു കൊലക്കേസിൽ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകാത്തത് ആക്ഷേപത്തിന് ഇടയാക്കിയിട്ടുണ്ട്. നടപടികൾ പൂർത്തീകരിച്ച് സത്താറിനുവേണ്ടി റെഡ് കോർണർ നോട്ടീസ് എന്ന് പുറപ്പെടുവിക്കുമെന്ന് വ്യക്തമായി പറയാനും അന്വേഷണ ഉദ്യോഗസ്ഥർക്കാവുന്നില്ല.
അരുംകൊല
2018 മാർച്ച് 27ന് പുലർച്ചെ രണ്ടുമണിയോടെ മടവൂർ ജംഗ്ഷനിലുള്ള തന്റെ റെക്കാഡിംഗ് സ്റ്റുഡിയോയിൽ വച്ചാണ് രാജേഷ് കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഓച്ചിറ സ്വദേശിയും ഖത്തറിലെ വ്യവസായിയുമായ സത്താറിന്റെ മുൻ ഭാര്യയും നൃത്താദ്ധ്യാപികയുമായ യുവതിയുമായി രാജേഷിനുണ്ടായിരുന്ന അടുപ്പമാണ് കൊലപാതകത്തിലേക്കു നയിച്ചത്. തന്റെ വിശ്വസ്തനായ അലിബായ് എന്ന മുഹമ്മദ് സാലിഹിനെ ഉപയോഗിച്ച് സത്താർ രാജേഷിനെ വകവരുത്തുകയായിരുന്നു എന്നാണ് കേസ്. സംഭവത്തിൽ നേരിട്ട് ഇടപെട്ടവരും പ്രതികളെ സഹായിച്ചവരുമായി മൂന്നു സ്ത്രീകളുൾപ്പെടെ പതിനൊന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തു.
പ്രത്യക്ഷ തെളിവുകളൊന്നുമില്ലാതിരുന്ന സംഭവത്തിന്റെ അന്വേഷണം പൊലീസിന് വലിയ വെല്ലുവിളിയായിരുന്നു. ആറ്റിങ്ങൽ ഡിവൈ.എസ്.പി ആയിരുന്ന പി.അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിച്ചത്.
ആക്രമണം നടക്കുമ്പോൾ രാജേഷിനൊപ്പം വെള്ളല്ലൂർ സ്വദേശിയായ കുട്ടനുമുണ്ടായിരുന്നു. കൈയ്ക്കു വെട്ടേറ്റ ഇയാൾ പുറത്തേക്കോടി രക്ഷപ്പെട്ടു. കുട്ടന്റെ മൊഴി മാത്രമായിരുന്നു പൊലീസിന്റെ പിടിവള്ളി. നാലാം ദിവസം അന്വേഷണ സംഘം അക്രമികൾ സഞ്ചരിച്ച കാർ കണ്ടെത്തി. ഏപ്രിൽ അഞ്ചിന് പ്രതികൾക്ക് സഹായം ചെയ്ത കൊല്ലം ശക്തികുളങ്ങര കുരീപ്പുഴചേരിയിൽ ബി.സനുവിനെ (33) അറസ്റ്റു ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ മറ്റ് പ്രതികളെയും അവരെ സഹായിച്ചവരെയുമുൾപ്പെടെ ഒന്നൊന്നായി പിടികൂടി.
കൃത്യമായ ആസൂത്രണത്തോടെ ഖത്തറിൽ നിന്ന് നാട്ടിലെത്തി കൊലപാതകം നടത്തി മടങ്ങിപ്പോയ മുഹമ്മദ് സാലിഹിനെ ഏപ്രിൽ 10ന് നാട്ടിലെത്തിച്ച് അറസ്റ്റു ചെയ്തു. സത്താറിന്റെ നിർദേശ പ്രകാരം മുഹമ്മദ് സാലിഹ്, അപ്പുണ്ണി, തൻസീർ എന്നിവരാണ് മടവൂരിലെത്തി രാജേഷിനെ കൊലപ്പെടുത്തിയത്. അറസ്റ്റിലായവരിൽ സാലിഹ്, തൻസീർ, അപ്പുണ്ണി, സ്വാതി സന്തോഷ് എന്നിവർ ഇപ്പോഴും ജയിലിലാണ്. മറ്റുള്ളവർ ജാമ്യത്തിലിറങ്ങി.
റെഡ്‌കോർണർ നോട്ടീസ്
അംഗരാഷ്ട്രങ്ങളുടെ ആവശ്യപ്രകാരം ഇന്റർപോൾ അതിന്റെ ഭരണഘടനയ്ക്കനുസരിച്ച് ഒരു കുറ്റവാളിയെക്കുറിച്ചുള്ള സൂചനകൾ ഉൾപ്പെടുത്തി പുറപ്പെടുവിക്കുന്ന നോട്ടീസാണിത്. രാജ്യംവിട്ട കുറ്റവാളികളെ പിടികൂടി കൈമാറുന്നതിനും നിയമനടപടികൾക്ക് വിധേയമാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇത് പുറപ്പെടുവിക്കുന്നത്.
കേസന്വേഷണം നടത്തുന്ന രാജ്യത്തെ പൊലീസ്, സർക്കാർ വഴിയാണ് ഇതിനുവേണ്ടി ഇന്റർപോളിനെ സമീപിക്കേണ്ടത്.