തിരുവനന്തപുരം: കേന്ദ്രനിയമത്തിൽ ഭേദഗതി വരുത്താനാവാത്തതിനാൽ കേരളത്തിൽ നിലവിലുള്ള പൊലീസ് ആക്ട് അടക്കമുള്ള നിയമങ്ങൾ ചുമത്തി ലഹരിമരുന്ന് വില്പനക്കാർക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ടി.പി.രാമകൃഷ്‌ണൻ നിയമസഭയിൽ പറഞ്ഞു. പ്രതികൾ മയക്കുമരുന്ന് വില്പനയിലൂടെ സമ്പാദിച്ച സ്വത്തുക്കൾ കണ്ടുകെട്ടും. വിദ്യാലയങ്ങളുടെ പരിസരത്ത് ലഹരിമരുന്ന് വിറ്റതായി കണ്ടെത്തിയാൽ ആ സ്ഥാപനം തുടർന്ന് പ്രവർത്തിക്കാൻ അനുവദിക്കില്ല. ശക്തമായ നടപടികളെടുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വിമാനത്താവളങ്ങളുടെയും തുറമുഖങ്ങളുടെയും പരിസരത്തും ചെക്ക്പോസ്റ്റുകളിലുമെല്ലാം പരിശോധന കർശനമാക്കിയിട്ടുണ്ട്. എന്നാൽ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തിന്റെ ഇടത്താവളമായി കേരളം മാറിയതായി കണ്ടെത്തിയിട്ടില്ലെന്നും ലഹരിവർജ്ജന, ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തമായി തുടരുമെന്നും എ.എൻ.ഷംസീറിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.