ganesh

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ ഉദ്യോഗസ്ഥർ മന്ത്രിയെ ധിക്കരിക്കുകയാണെന്നും ദിവസവും ഓരോ ഉത്തരവിറക്കുകയാണെന്നും കെ.ബി. ഗണേശ്‌കുമാർ നിയമസഭയിൽ ആരോപിച്ചു. സ്റ്റേറ്റ് കാറും നാല് പൊലീസുകാരും 30 സ്റ്റാഫുമല്ല മന്ത്രിയെന്ന് എ.കെ. ശശീന്ദ്രൻ ഓർക്കണം. വന, മലയോര മേഖലകളിലെ ബസുകൾ വെട്ടിക്കുറയ്‌ക്കുകയാണ്. കുട്ടികൾക്ക് കൺസെഷൻ നൽകുന്നില്ല. ഒരു ഉന്നത ഉദ്യോഗസ്ഥൻ കോർപറേഷനെ കുളമാക്കി സ്ഥലംവിട്ടു. തിരുവനന്തപുരത്തു നിന്ന് തൃശൂർ വരെ മാത്രം ദീർഘദൂര സർവീസ് മതിയെന്നായി അടുത്തയാളുടെ ഉത്തരവ്. എം.ഡിക്ക് കത്ത് നൽകിയാൽ മറുപടി നൽകാറില്ലെന്നും ഗണേശ്കുമാർ വിമർശിച്ചു.

ഡിപ്പോ സംരക്ഷിക്കലല്ല സർക്കാർ ആലോചിക്കുന്നതെന്നും ബസ് സർവീസ് ജനങ്ങൾക്ക് ലഭ്യമാക്കണമെന്നതാണ് ലക്ഷ്യമെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. പത്തനാപുരത്ത് മിനി ബസില്ലാത്തതിനാൽ അത് ഓടിക്കുന്ന റൂട്ടുകളിൽ മാത്രമാണ് സർവീസ് നിറുത്തിയത്. പത്തനാപുരത്ത് 14420 കി.മീ സർവീസുണ്ടെന്നും മന്ത്രി പറഞ്ഞു. എന്നാൽ മന്ത്രിയുടെ മറുപടി സഭയെ തെറ്റിദ്ധരിപ്പിക്കലാണെന്ന് ഗണേശ്‌കുമാർ ആരോപിച്ചു.